ദുബായ്: ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം തുടരുന്നതിനിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി യുഎഇ പ്രസിഡന്റ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ചര്‍ച്ചയായി. യുഎഇയിലേക്കാണ് ഇറാന്‍ നിരന്തരം മിസൈലുകള്‍ അയക്കുന്നത്. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ക്കുമ്പോഴും അവശിഷ്ടങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട.്

അതേസമയം, സൗദിയില്‍ നടന്ന ഇറാന്റെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച മൊത്തം യു എസ് സൈനികരുടെ എണ്ണം ഏഴായി. ഇതിനിടെ ഇറാനില്‍ കരയാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് തള്ളിയിട്ടില്ല. കടലിലും രൂക്ഷമായ ആക്രമണം തുടര്‍ന്നിട്ടും ഇറാനില്‍ ഭരണമാറ്റം എന്ന അജണ്ടയെക്കുറിച്ച് ചിന്തിക്കാന്‍പോലുമാകാത്തവിധം രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ടവും ആലോചനയിലാണെന്ന് നയം വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

യു.എസില്‍ 82ാം എയര്‍ബോണ്‍ ഡിവിഷനിലെ 5000ത്തോളം സൈനികര്‍ക്ക് പദ്ധതിയിട്ട പ്രത്യേക പരിശീലന പരിപാടി പ്രതിരോധ വകുപ്പ് അടിയന്തരമായി റദ്ദാക്കിയതിനു പിന്നാലെയാണ് കരസേനാ നീക്കത്തെക്കുറിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. വ്യോമതാവളങ്ങള്‍, തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പിടിച്ചെടുക്കാനും എംബസികളടക്കം സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഈ സേനാവിഭാഗം. 18 മണിക്കൂറിനുള്ളില്‍ ഇവരെ വിന്യസിക്കാനാവും.

കഴിഞ്ഞ ദിവസം വരെ വിന്യസിക്കാന്‍ ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും പുതുതായി ഒരു ഹെലികോപ്ടര്‍ യൂനിറ്റിന് അനുമതി ഉടന്‍ ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരസേന വിന്യാസത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇറാനിലെ ആണവ നിലയങ്ങളില്‍ സംഭരിച്ചെന്ന് കരുതുന്ന സംപുഷ്ടീകൃത യുറേനിയം തിരിച്ചുപിടിക്കാനാകും യു.എസ് സേനയെ വിന്യസിക്കുകയെന്നായിരുന്നു നേരത്തേ പരാമര്‍ശം. ''നാം അതേകുറിച്ച് സംസാരിച്ചിട്ടില്ല. വൈകാതെ ചിലപ്പോള്‍ സംഭവിച്ചേക്കാം. അതൊരു വലിയ വിഷയമാകും. ഇപ്പോള്‍ അവരെ നാമാവശേഷമാക്കുകയാണ് നാം'' -എന്നായിരുന്നു ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം.

അതേസമയം, സി.ഐ.എ നേതൃത്വം കൊടുത്ത് ഇറാഖിലെ കുര്‍ദുകളെ ആയുധമണിയിച്ച് ഇറാനില്‍ അയച്ച് ഭരണം മാറ്റുന്ന പ്രക്രിയ തല്‍ക്കാലം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ''കുര്‍ദുകള്‍ ഇറാനില്‍ കടക്കുന്നത് നാം പിന്തുണക്കുന്നില്ല. അവര്‍ക്ക് രാജ്യത്തിനുള്ളില്‍ കടക്കണമെന്നുണ്ട്. എന്നാല്‍, അമേരിക്കക്ക് താല്‍പര്യമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്'' -ട്രംപ് പറയുന്നു.

അതിനിടെ, കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകന്‍ മുജ്തബ അലി ഖമേനിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്തബ ഖമനെയി. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് ഇദ്ദേഹം. അയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന മുജ്തബ, ഭരണകൂട തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. ഇറാന്‍ വിപ്ലവ ഗാര്‍ഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിനിടെ ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന ഘടകമായത്.

യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് മുജ്തബയുടെ ഈ അധികാരലബ്ധി. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത പദവിയില്‍ സംഭവിക്കുന്ന ആദ്യത്തെ 'കുടുംബവാഴ്ച' എന്ന നിലയില്‍ ഈ നിയമനം രാജ്യത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമായി മുതിര്‍ന്ന മതപണ്ഡിതന്മാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്.

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അംഗീകരിക്കില്ലെന്നും അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളാകണം പരമോന്നത നേതാവാകേണ്ടതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. അതേസമയം മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം ഏഴായി ഉയര്‍ന്നു.