- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന് ഗുരുതര പ്രതിസന്ധിയില്‍; ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയന്‍ നഗരങ്ങള്‍ പോലും ജനങ്ങള്‍ പിടിച്ചെടുക്കുന്നു; മുമ്പ് ചെയ്തത് പോലെ ആളുകളെ കൊല്ലാന്‍ അവര്‍ ആരംഭിച്ചാല്‍ ശക്തമായ മറുപടി നല്‍കും; നിങ്ങള്‍ വെടിവെപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ഇറാന് ഗുരുതര പ്രതിസന്ധിയില്‍; ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയന്‍ നഗരങ്ങള്‍ പോലും ജനങ്ങള്‍ പിടിച്ചെടുക്കുന്നു
വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ വലിയൊരു പ്രശ്‌നത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാനില്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ ആക്രമണം നടത്തുമെന്ന സൂചനയും ട്രംപ് നല്‍കി. ഇറാന്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയന്‍ നഗരങ്ങള്‍ പോലും ജനങ്ങള്‍ പിടിച്ചെടുക്കുന്നു. മുമ്പ് ചെയ്തത് പോലെ ആളുകളെ കൊല്ലാന്‍ അവര്‍ ആരംഭിച്ചാല്‍ അതിന് അവര്‍ക്ക് ശക്തമായ മറുപടി നല്‍കും. വെടിവെപ്പ് ആദ്യം നിങ്ങള്‍ തുടങ്ങാതിരിക്കുകയാണ് നല്ലത്. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഭീഷണിയുമായി ഇറാനിലെ പരമോന്നത നേതാവ് ഖമേനിയും രംഗത്തെത്തി. ട്രംപിനെ അഹങ്കാരിയെ എന്നാണ് ഖമേനി വിശേഷിപ്പിച്ചത്. ഇറാനിലെ ഭരണ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ട്രംപാണെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടമാക്കുമെന്നും ഖമേനി പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് എതിരായ നിലപാടില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്നാണ് ഖമേനി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.
നിരവധി പേരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. 'സ്വേച്ഛാധിപതിക്ക് മരണം' എന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഔദ്യോഗിക കെട്ടിടങ്ങള്‍ക്ക് തീയിട്ടും കൊണ്ടാണ് പ്രക്ഷോഭകര്‍ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളില്‍ വന്‍ തോതിലുളള മാര്‍ച്ചുകള്‍ നടത്തിയിരുന്നു. രാജ്യത്ത് അധികൃതര്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി വിഛേദിച്ചിരിക്കുകയാണ്. വ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍ രാജ്യം 12 മണിക്കൂര്‍ ഓഫ്‌ലൈനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാലര പതിറ്റാണ്ടിലേറെ നീണ്ട ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഭരണത്തിനെതിരെ ഇതുവരെ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഈ പ്രകടനങ്ങള്‍.
മതഭരണകൂടത്തെ പുറത്താക്കണം എന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.
ഈ മാസം മൂന്നാം തീയതി മുതല്‍ നടക്കുന്ന സമരത്തെ കുറിച്ച് ഖമേനി ആദ്യമായി തന്റെ അഭിപ്രായപ്രകടനം നടത്തിയിരുന്നു. പ്രകടനക്കാരെ അക്രമികളും അട്ടിമറിക്കാരും എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഹങ്കാരിയായ ഡൊണാള്‍ഡ് ട്രംപിന്റെ കൈകളില്‍ 'ആയിരത്തിലധികം ഇറാന്‍കാരുടെ രക്തം പുരണ്ടിരിക്കുന്നു' എന്ന് ഖമേനി പറഞ്ഞു. ഇസ്രായേല്‍ കഴിഞ്ഞ ജൂണില്‍ ഇറാനെതിരെ നടത്തിയ ആക്രമണത്തെ കുറിച്ച് പരാമര്‍ശിച്ച ഖമേനി അമേരിക്ക ഇതിനെ പിന്തുണയ്ക്കുകയും ആക്രമണങ്ങളില്‍ പങ്ക ചേരുകയും ചെയ്തതായി ഖമേനി ചൂണ്ടിക്കാട്ടി. 1979 ലെ വിപ്ലവം വരെ ഇറാന്‍ ഭരിച്ച രാജവംശം പോലെ ട്രംപും അധികാരഭ്രഷ്ടനാകുമെന്നും ഖമേനി പ്രഖ്യാപിച്ചു.
സമരക്കാര്‍ ട്രംപിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് കെട്ടിടങ്ങള്‍ തകര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ പിന്തുണക്കുന്നവരെ അഭിസംബോധന ചെയ്യുകയായിരുന്ന്ു ഖമേനി. സദസ്സിലുണ്ടായിരുന്ന പുരുഷന്മാരും സ്ത്രീകളും 'അമേരിക്കയ്ക്ക് മരണം' എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ രക്തം ചിന്തിയാണ് ഇസ്ലാമിക് റിപ്പബ്ലിക് അധികാരത്തില്‍ വന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അട്ടിമറിക്കാരുടെ മുന്നില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും ഖമേനി പറഞ്ഞു. എന്നാല്‍ പ്രക്ഷോഭകരെ വധിച്ചാല്‍ ഇറാനില്‍ ഇടപെടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
അതിനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഖമേനി റഷ്യയിലേക്ക് കുടുംബാംഗങ്ങളും ഒത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. അതിനിടെയാണ് ഇറാനിലെ കിരീടാവകാശിയായി നേരത്തേ പ്രഖ്യാപിച്ചിരുന്ന റേസാ പഹ്്ലവി വിദേശത്ത് നിന്ന് പ്രക്ഷോഭകരെ പിന്തുണക്കുകയാണ്. 'ഇന്റര്‍നെറ്റും ആശയവിനിമയവും വിച്ഛേദിക്കപ്പെട്ടിട്ടും, നിങ്ങള്‍ തെരുവുകള്‍ ഉപേക്ഷിക്കില്ലെന്ന് തനിക്കറിയാം. എന്നും വിജയം നിങ്ങളുടേതാണെന്ന് ഉറപ്പാക്കുക എന്നുമാണ് അദ്ദേഹം തന്റെ സന്ദേശത്തില്‍ പറയുന്നത്. ഇറാനില്‍ ഇതുവരെയുള്ള അക്രമങ്ങളില്‍ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടതായും 2,270-ലധികം പേര്‍ അറസ്റ്റിലായതായും എന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി പറഞ്ഞു.




