വാഷിങ്ടണ്‍: അലാസ്‌കയില്‍ വെള്ളിയാഴ്ച നിര്‍ണായക കൂടിക്കാഴ്ച നടക്കാനിരിക്കെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്ക് ശേഷം യുക്രെയിന് എതിരായ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ സമ്മതിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകും, പ്രസിഡന്റ് പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും യുറോപ്യന്‍ നേതാക്കളും പങ്കെടുത്ത വെര്‍ച്വല്‍ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ മനുഷ്യരെ കൊല്ലുന്നത് അവസാനിപ്പിക്കുന്നതിന് പുടിനെ പ്രേരിപ്പിക്കാന്‍ തനിക്ക് കഴിയുമോ എന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ട്രംപ് ഇപ്പോള്‍ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കുകയാണ്. യുദ്ധത്തിലൂടെ ഓരോ ദിവസവും യുക്രെയിന്റെ ഭൂപ്രദേശം പിടിച്ചടക്കി കൊണ്ടിരിക്കുന്ന റഷ്യ പെട്ടെന്നൊരു വെടിനിര്‍ത്തലിന് സമ്മതം മൂളുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ യുക്രെയിനിലെ 10 മൈലോളം റഷ്യന്‍ സേന പിടിച്ചെടുത്തിരുന്നു. യുക്രെയിന്‍ സേന ശക്തമായ ചെറുത്തുനില്‍പ്പും തുടരുന്നു.

അതേസമയം, ആദ്യം വേണ്ടത് റഷ്യ യുക്രെയ്ന്‍ വെടിനിര്‍ത്തലാണെന്നും സമാധാന കരാര്‍ പിന്നീട് മതിയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. സെലെന്‍സ്‌കിയുടെ നിലപാടിനെ യുറോപ്യന്‍ നേതാക്കള്‍ പിന്തുണച്ചു. വെടിനിര്‍ത്തലിന് ഡോണള്‍ഡ് ട്രംപ് പിന്തുണ നല്‍കിയെന്നും ഉച്ചകോടിയില്‍ യുക്രെയ്നിന് പ്രാതിനിധ്യം നല്‍കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

വെളളിയാഴ്ചത്തെ യോഗത്തില്‍ റഷ്യയെ കേള്‍ക്കാനായിരിക്കും ട്രംപ് ശ്രമിക്കുക. രണ്ടാമതൊരു യോഗത്തിന് കളമൊരുക്കുകയാണ് ലക്ഷ്യം. ആയോഗത്തില്‍ യുക്രെയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയും പങ്കെടുക്കും എന്ന ശുഭവാര്‍ത്തയും വരുന്നു. എന്നാല്‍, തനിക്ക് വേണ്ട ഉത്തരങ്ങള്‍ വെള്ളിയാഴ്ച കിട്ടിയില്ലെങ്കില്‍, രണ്ടാമതൊരു യോഗം ഉണ്ടാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യ വഴങ്ങിയില്ലെങ്കില്‍ എന്തായിരിക്കും പ്രത്യാഘാതങ്ങള്‍ എന്നത് ട്രംപ് വിശദീകരിച്ചില്ല. ഉപരോധമോ, താരിഫോ എന്താണെന്ന് വ്യക്തമാക്കാതെ, കടുത്ത പ്രത്യാഘാതം എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും, ട്രംപ് പ്രത്യാശ കൈവിടുന്നുമില്ല.

സെലന്‍സ്‌കി കൂടി ഉള്‍പ്പെടുന്ന രണ്ടാമത്തെ യോഗം ഏതെങ്കിലും നിഷ്പക്ഷ യൂറോപ്യന്‍ രാജ്യത്താകാനാണ് സാധ്യത. അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യാനുളള അവസരമെന്ന വാഗ്ദാനം നല്‍കി പുടിനെ വഴിക്കുകൊണ്ടുവരാനാണ് ട്രംപിന്റെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അലാസ്‌കയിലെ പ്രകൃതി വിഭവങ്ങള്‍ മോസ്‌കോയ്ക്ക് തുറന്നുകൊടുക്കാനും, ചില ഉപരോധങ്ങള്‍ പിന്‍വലിക്കാനും ആലോചിക്കുന്നു.

തങ്ങളുടെ അധീനതയിലുള്ള യുക്രെയിന്‍ പ്രദേശത്തെ അപൂര്‍വ ധാതുക്കളില്‍ കൈ വയ്ക്കാനും റഷ്യയെ അനുവദിച്ചേക്കുമെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.