വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്നുവോട്ടെടുപ്പ് ദിനമാണ്. കടുപ്പമേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ആരാകണം യുഎസിനെ നയിക്കേണ്ടതെന്ന് അമേരിക്കക്കാര്‍ വിധിയെഴുതും. കമല ഹാരിസ് ആദ്യത്തെ വനിതാ പ്രസിഡന്റായി ചരിത്രം കുറിക്കുമോ, അതോ ഡൊണള്‍ഡ് ട്രംപ് വീണ്ടും ഓവല്‍ ഓഫീസില്‍ എത്തുമോ? ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനുശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്ന വ്യക്തിയാകും. കമലയാണെങ്കില്‍ ആദ്യ വനിത എന്നതിന് പുറമേ ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി 60 കാരിയായ കമല ഹാരിസും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി 78 കാരനായ മുന്‍ പ്രസിഡന്റ് ട്രംപും ഏറ്റുമുട്ടുമ്പോള്‍, ഇരുവരും ഒപ്പത്തിനൊപ്പമാണ്. ഏഴുസ്വിങ് സംസ്ഥാനങ്ങള്‍ നിര്‍ണായകമായത് കൊണ്ട് തന്നെ അവിടങ്ങളിലെ പ്രചാരണത്തിലാണ് ഒടുവിലത്തെ ദിവസങ്ങളില്‍ ഇരുസ്ഥാനാര്‍ഥികളും ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരഞ്ഞെടുപ്പ് ഫലവും സമാസമം ആണെങ്കില്‍ 47 ാമത്തെ പ്രസിഡന്റിനെ അറിയാന്‍ കുറച്ചുദിവസം കൂടി കാക്കേണ്ടി വരാം.

ചൊവ്വാഴ്ച പുലര്‍ച്ച ആദ്യം വോട്ട് ചെയ്തത് ന്യൂ ഹാംപ്ഷയറിലെ ഡിക്‌സ്വില്‍ നോച്ചിലെ വോട്ടര്‍മാരാണ്. വടക്ക് കിഴക്കന്‍ അമേരിക്കയിലെ ഈ ചെറിയ പട്ടണത്തിലെ ആറ് വോട്ടര്‍മാര്‍ അര്‍ദ്ധരാത്രിയില്‍ വോട്ടുചയ്തു. പതിറ്റാണ്ടുകളായി തുടരുന്ന പരമ്പരാഗത രീതിയാണിത്. 3-3 ന് കമലയും ട്രംപും തമ്മില്‍ ടൈ ആണ് ഈ ചെറുപട്ടണത്തില്‍.

പുലര്‍ച്ചെ ആദ്യം വോട്ടിങ് നടന്നത് വെര്‍മോണ്ട് സംസ്ഥാനത്താണ്. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വെര്‍മോണ്ടിലെ പോളിങ് ബൂത്തുകള്‍ തുറന്നത്. തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പോളിങ് തുടങ്ങി. ബുധനാഴ്ച രാവിലെ 5.30ഓടെ പോളിങ് അവസാനിക്കും. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് ഈ സമയത്തില്‍ വ്യത്യാസം വരാം. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തെത്തും. അപ്പോള്‍ വിജയിയെ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.

1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും (435) സെനറ്റിലെ 34 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടക്കും. 11 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പും ഇന്നാണ്.


അമേരിക്കന്‍ ഭരണഘടന പ്രകാരം ഓരോ 50 സംസ്ഥാനവും പ്രസിഡന്റിനായി സ്വന്തം വോട്ടെടുപ്പ് നടത്തണം. ജനകീയ വോട്ടുകൂടാതെ ഇലക്ടറല്‍ കോളജ് എന്ന സംവിധാനത്തിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളജില്‍ ആകെ 538 വോട്ടുകളാണുള്ളത്. ഈ സംഖ്യ നിര്‍ണയിച്ചിരിക്കുന്നത് യുഎസ് കോണ്‍ഗ്രസിലെ ആകെ അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്.പ്രതിനിധിസഭയിലെ 435 അംഗങ്ങള്‍, സെനറ്റിലെ 100 അംഗങ്ങള്‍, കൂടാതെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയക്ക് നല്‍കിയിരിക്കുന്ന മൂന്ന് വോട്ടുകളും ചേര്‍ന്നാണ് ഈ 538 എന്ന സംഖ്യ രൂപപ്പെടുന്നത്.

സാധാരണ വോട്ടര്‍മാര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ കാണുന്നത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ്.ഇലക്ടര്‍മാരുടെ പേരുകള്‍ ബാലറ്റില്‍ ഉണ്ടാകില്ല.എന്നാല്‍ വോട്ടര്‍മാര്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ആ സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടി നിയോഗിച്ച ഇലക്ടര്‍മാരയാണ് തെരഞ്ഞടുക്കുന്നത്.ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഓരോരുത്തരും പ്രസിഡന്റിന് വോട്ട് ചെയ്യും.അതില്‍ 270 വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റായി ജയിച്ച് വൈറ്റ് ഹൗസിലെത്തും.സാങ്കേതികമായി പറഞ്ഞാല്‍ 270 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ട് ഉറപ്പാക്കുന്ന സ്ഥാനാര്‍ഥിയാണ് അമേരിക്കന്‍ പ്രസിഡന്റ് ആയി മാറുന്നത്.ഇതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് രീതി.

അതായത് ജനങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്യുന്നതെങ്കിലും അവര്‍ പക്ഷെ തിരഞ്ഞെടുക്കുന്നത് തങ്ങളുടെ സംസ്ഥാനത്തെ ഇലക്ടറല്‍ കോളജ് പ്രതിനിധികളെയാണ്.ഓരോ സംസ്ഥാനത്തിനും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കാലിഫോര്‍ണിയക്ക് 55 വോട്ടുകളാണുള്ളത്.ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് മൂന്ന് വോട്ടുകള്‍ വീതം ലഭിക്കുന്നു.മിക്ക സംസ്ഥാനങ്ങളിലും 'വിന്നര്‍-ടേക്ക്-ഓള്‍' എന്ന സമ്പ്രദായമാണ് നിലവിലുള്ളത്.ഉദാഹരണത്തിന്, ഫ്ലോറിഡ സംസ്ഥാനത്തിന് 29 ഇലക്ടറല്‍ വോട്ടുകളാണുള്ളത്.ഒരു സ്ഥാനാര്‍ത്ഥിക്ക് 51 ശതമാനം ജനകീയ വോട്ട് ലഭിച്ചാലും മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് 49 ശതമാനം ലഭിച്ചാലും വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 29 ഇലക്ടറല്‍ വോട്ടുകളും ലഭിക്കും.രണ്ടാം സ്ഥാനക്കാരന് ഒന്നും കിട്ടുകയുമില്ല.

എന്നാല്‍ നെബ്രാസ്‌ക, മെയ്ന്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രം വ്യത്യസ്തമായ പ്രൊപ്പോര്‍ഷണല്‍ സമ്പ്രദായം പിന്തുടരുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജില്ലകള്‍ അടിസ്ഥാനമാക്കിയാണ് ഇലക്ടറല്‍ വോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഉദാഹരണത്തിന്, നെബ്രാസ്‌കയ്ക്ക് അഞ്ച് ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതില്‍ രണ്ട് വോട്ടുകള്‍ (സെനറ്റ് സീറ്റുകള്‍ക്ക് അനുസൃതമായി) സംസ്ഥാന തലത്തില്‍ ജനകീയ വോട്ടില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. ബാക്കി മൂന്ന് വോട്ടുകള്‍ മൂന്ന് കോണ്‍ഗ്രസ് ജില്ലകളിലെ വിജയികള്‍ക്ക് വീതം ലഭിക്കും.

270 ഇലക്ടറല്‍ കോളേജ് നേടിയില്ലെങ്കില്‍! ഡെഡ്ലോക്കിനെ അറിയാം

ഒരു സ്ഥാനാര്‍ത്ഥിക്കും വ്യക്തമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തെയാണ് ഡെഡ്‌ലോക്ക് എന്നറിയപ്പെടുന്നത്.ഇങ്ങനെ സംഭവിച്ചാല്‍, യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ആണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.ഇവിടെ ഓരോ സംസ്ഥാനത്തിനും ഒരു വോട്ട് വീതമാണുള്ളത്.അമ്പത് വോട്ടുകളില്‍ കുറഞ്ഞത് 26 എണ്ണം നേടുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.

അതേസമയം, സെനറ്റ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു രസകരമായ സാഹചര്യം പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ പാര്‍ട്ടിക്കാരായിക്കൊള്ളണമെന്നില്ല എന്നതാണ്.അമേരിക്കന്‍ ചരിത്രത്തില്‍ നിരവധി തവണ ഡെഡ്‌ലോക്ക് സാഹചര്യം ഉണ്ടായിട്ടുണ്ട്. 1800-ല്‍ തോമസ് ജെഫേഴ്സണും ആരണ്‍ ബര്‍റും തമ്മില്‍, 1824-ല്‍ ജോണ്‍ ക്വിന്‍സി ആഡംസും ആന്‍ഡ്രൂ ജാക്സണും തമ്മില്‍, 1876-ല്‍ റുഥര്‍ഫോര്‍ഡ് ബി. ഹെയ്സും സാമുവല്‍ ടില്‍ഡനും തമ്മില്‍, 2000-ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷും അല്‍ ഗോറും തമ്മിലും നടന്ന തെരഞ്ഞെടുപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ഏഴ് സ്വിങ് സ്റ്റേറ്റുകള്‍ നിര്‍ണായകം

58 ഇലക്ട്രല്‍ വോട്ടില്‍ 270 എണ്ണം ആവശ്യമായത് കൊണ്ട് ആരെയും വ്യക്തമായി പിന്തുണയ്ക്കാത്ത 7 സ്വിങ് സ്റ്റേറ്റുകളിലെ വോട്ടിങ്ങാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അരിസോണ, ജോര്‍ജിയ, മിച്ചിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നീ ഏഴു സംസ്ഥാനങ്ങളില്‍ 93 ഇലക്ട്രല്‍ വോട്ടുണ്ട്. പ്രചാരണത്തിന്റെ അവസാന നാളില്‍ ട്രംപും കമലയും പെന്‍സില്‍വാനിയയിലാണ് മാരത്തണ്‍ റാലികള്‍ നടത്തിയത്. 19 ഇലക്ട്രല്‍ വോട്ടുകളുള്ള ഏറ്റവും വലിയ സ്വിങ് സംസ്ഥാനമാണിത്.പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ വോട്ടെടുപ്പ്;