ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നലെ പാക്കിസ്ഥാന് വന്‍ തിരിച്ചടി. ഇസ്ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള നിര്‍ദേശത്തില്‍ നിന്നു യുഎഇ പിന്മാറി. 2025 ഓഗസ്റ്റ് മുതല്‍ ചര്‍ച്ചയിലായിരുന്ന കരാറാണ് ഉപേക്ഷിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനു പിന്നാലെയാണ് ഈ നീക്കം.

വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തതാണ് കരാര്‍ ഉപേക്ഷിക്കാന്‍ കാരണമെന്നു പാക്കിസ്ഥാന്‍ ദിനപത്രമായ 'ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ തകരാനുള്ള രാഷ്ട്രീയ കാരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് കാരണമെന്നും സൂചനയുണ്ട്. യെമന്‍ വിഷയത്തിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതകളുണ്ട്. പാക്കിസ്ഥാന്‍ സൗദി അറേബ്യയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളിലാണ്. ഇതേസമയം യുഎഇ ആകട്ടെ ഇന്ത്യയുമായി കൂടുതല്‍ അടുത്തു നീങ്ങാനാണ് ഒരുങ്ങുന്നത്.

സൗദി അറേബ്യയുമായി ചേര്‍ന്ന് 'ഇസ്ലാമിക് നാറ്റോ' സഖ്യം രൂപീകരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുകയാണ്. 2025 സെപ്റ്റംബറില്‍ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ട പ്രതിരോധ കരാര്‍ പ്രകാരം ഒരാള്‍ക്ക് നേരെയുള്ള ആക്രമണം ഇരു രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎഇ ഇന്ത്യയുമായി പുതിയ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പിടുകയാണ്.

യുഎഇയില്‍നിന്ന് പ്രതിവര്‍ഷം 5 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) വാങ്ങാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ കരാറില്‍ ഒപ്പിട്ടിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും (എച്ച്പിസി) അബുദാബി നാഷനല്‍ ഓയില്‍ കമ്പനി ഗ്യാസുമായാണ് (അഡ്‌നോക് ഗ്യാസ്) 10 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. 2028 മുതലാണു എല്‍എന്‍ജി ലഭിക്കുക. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനും കരാര്‍ സഹായമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും തീരുമാനിച്ചിരുന്നു.

ഡല്‍ഹി സന്ദര്‍ശനത്തിനു പിന്നാലെ 900 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടത് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാക്കിസ്ഥാന്റെ വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎഇ സുരക്ഷാ പ്രശ്‌നങ്ങളും പാക്കിസ്ഥാനിലെ ഭരണപരമായ കെടുകാര്യസ്ഥതയും കാരണം ഇപ്പോള്‍ അകലം പാലിക്കുകയാണ്.

പാക്കിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സും ആയിരുന്നു യുഎഇ. പതിനായിരക്കണക്കിന് പാക്കിസ്താനികള്‍ യുഎഇയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുമുണ്ട്. പ്രതിരോധം, ഊര്‍ജ്ജം, നിക്ഷേപ പദ്ധതികളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി പാക്കിസ്താനില്‍ നിലനിന്നുവരുന്ന സുരക്ഷാ ആശങ്കകളും ലൈസന്‍സിങ് വിവാദങ്ങളും കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഈ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്.

സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, രാഷ്ട്രീയ ഇടപെടല്‍ പാക്കിസ്താന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളില്‍ വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുന്നു. തുടര്‍ന്ന് അവ നാമമാത്രമായ വിലയ്ക്ക് വില്‍പനയ്ക്ക് വെക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാക്കിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്വകാര്യവത്കരിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യുഎഇയ്ക്ക് അനുഭവപരിചയം ഉണ്ടായിരുന്നിട്ടും, ഇസ്ലാമാബാദ് വിമാനത്താവളത്തില്‍നിന്ന് പിന്മാറാനുള്ള യുഎഇയുടെ നീക്കം പാകിസ്താന്റെ മേലുണ്ടായിരുന്ന വിശ്വാസ്യതയുടെ വ്യക്തമായ ശോഷണമാണ് വ്യക്തമാക്കുന്നത്.

അതേസമയം, ഇന്ത്യയുമായുള്ള സൗഹൃദം ശക്തമാക്കുന്നതിനുള്ള നടുപടികള്‍ യുഎഇയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്ചത്തെ സന്ദര്‍ശനത്തിന് ശേഷം 900 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് അനുമതി നല്‍കി. ഉഭയകക്ഷി സഹകരണവുംതന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ മികവുറ്റ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.