ലണ്ടന്‍/വാഷിംഗ്ടണ്‍: പത്ത് ദിവസത്തിനുള്ളില്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇത് ലോകത്തെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയും ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധിയിലാണ്. അതേസമയം ട്രംപിന്റെ യുദ്ധനീക്കത്തിന് തടയിടാനുള്ള ശ്രമങ്ങളാണ് ലോകരാജ്യങ്ങളും നടത്തുന്നത്. എന്നാല്‍, ട്രംപിന്റെ ഒറ്റബുദ്ധി കൊണ്ട് ഈ രാജ്യങ്ങള്‍ നയതന്ത്ര പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്.

ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയതോടെ ലണ്ടനും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്രപ്പോരിലേക്ക് നീങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന ബ്രിട്ടന്‍ തള്ളിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുകയാണ്.

ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങളുടെ ആക്രമണത്തിന് ഗ്ലൗസസ്റ്റര്‍ഷയറിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ്, കടല്‍ കടന്നുള്ള ഡീഗോ ഗാര്‍ഷ്യ എന്നീ താവളങ്ങള്‍ ഉപയോഗിക്കാനാണ് ട്രംപ് അനുമതി തേടിയത്. എന്നാല്‍, മുന്‍കൂര്‍ ആക്രമണത്തിന് താവളങ്ങള്‍ വിട്ടുനല്‍കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകുമെന്ന് ബ്രിട്ടീഷ് അറ്റോര്‍ണി ജനറല്‍ ലോര്‍ഡ് ഹെര്‍മര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് സ്റ്റാര്‍മര്‍ 'നോ' പറഞ്ഞത്.

ബ്രിട്ടന്റെ ഈ നീക്കത്തില്‍ പ്രകോപിതനായ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആഞ്ഞടിച്ചു.'ഇറാന്‍ ബ്രിട്ടനും ഭീഷണിയാണ്. സ്റ്റാര്‍മര്‍ കരുത്തു കാട്ടണം. വോക്കിസത്തിന്റെ പിന്നാലെ പോയി രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത്.' എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം ബ്രിട്ടന്റെ ഈ നിലപാടിന് പിന്നാലെ, ചാഗോസ് ദ്വീപസമൂഹം മൗറീഷ്യസിന് വിട്ടുനല്‍കാനുള്ള സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ നീക്കത്തിനുള്ള പിന്തുണ ട്രംപ് പിന്‍വലിച്ചു. ഇത് ബ്രിട്ടീഷ് സര്‍ക്കാരിന് വലിയ തിരിച്ചടിയായി.

ഇറാനുമായുള്ള പുതിയ ആണവ കരാറിന് ട്രംപ് നല്‍കിയ പത്തു ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെ മധ്യപൂര്‍വേഷ്യയില്‍ യുദ്ധഭീതി പുകയുകയാണ്. അമേരിക്ക രണ്ട് വിമാനവാഹിനിക്കപ്പലുകളെ മേഖലയിലേക്ക് വിന്യസിച്ചുകഴിഞ്ഞു. ആക്രമണത്തിന് താവളം നല്‍കില്ലെന്ന് പറയുമ്പോഴും, തിരിച്ചടിയുണ്ടായാല്‍ നേരിടാന്‍ ഖത്തറിലും സൈപ്രസിലും ബ്രിട്ടന്‍ തങ്ങളുടെ ടൈഫൂണ്‍, എഫ്-35 യുദ്ധവിമാനങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.

പത്ത് ദിവസത്തിനുള്ളില്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രഥമ 'ബോര്‍ഡ് ഓഫ് പീസ്' (Board of Peace) യോഗത്തിലാണ് യുദ്ധത്തിന്റെ ഭാരിച്ച ചെലവുകളെക്കുറിച്ച് സംസാരിക്കവെ ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയത്.

ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, അര്‍ത്ഥവത്തായ ഒരു കരാറില്‍ എത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ 'മോശമായ കാര്യങ്ങള്‍' സംഭവിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 'അടുത്ത 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം വന്‍തോതില്‍ വിമാനവാഹിനികളും യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയാകാം അമേരിക്കയുടെ ലക്ഷ്യം.

യുദ്ധത്തിന് സമാധാനത്തേക്കാള്‍ നൂറിരട്ടി ചെലവുണ്ടെന്ന് ട്രംപ് പറഞ്ഞു. 'ഈ മുറിയിലുള്ള പലര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും വെറുപ്പായിരിക്കാം, പക്ഷേ പഴയ കാലത്തെപ്പോലെ ഞങ്ങള്‍ സ്‌നേഹം തിരിച്ചുകൊണ്ടുവരികയാണ്,' അദ്ദേഹം പറഞ്ഞു. തന്റെ ലക്ഷ്യം ജീവന്‍ രക്ഷിക്കലാണെന്നും നോബല്‍ സമ്മാനമല്ലെന്നും ട്രംപ് വ്യക്തമാക്കി. 'എനിക്ക് നോബല്‍ സമ്മാനത്തെക്കുറിച്ച് ആശങ്കയില്ല, എനിക്ക് ആളുകള്‍ കൊല്ലപ്പെടുന്നത് കാണണ്ട,' ട്രംപ് പറഞ്ഞു.

മധ്യപൂര്‍വേഷ്യയില്‍ യു.എസ് വന്‍തോതില്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടെ വലിയ സൈനിക വ്യൂഹത്തെ അമേരിക്ക മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. നയതന്ത്രം പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങാന്‍ തങ്ങള്‍ തയാറാണെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

ഇറാനെ ആണാവായുധങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായാല്‍ മധ്യപൂര്‍വേഷ്യയില്‍ സമാധാനം സാധ്യമാകില്ല. അത് വളരെ ലളിതമായ കാര്യമാണ്. കഴിഞ്ഞ വര്‍ഷം 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' വഴി ഇറാന്റെ ചില ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇത് ഇറാനെ ചര്‍ച്ചയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

ജനീവയില്‍ വെച്ച് അമേരിക്കന്‍ പ്രതിനിധികളായ ജേര്‍ഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകളില്‍ ഇപ്പോഴും വലിയ അന്തരമുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

സാമ്പത്തിക ഉപരോധങ്ങള്‍ കാരണം നിലവില്‍ ഇറാന്‍ പ്രതിസന്ധിയിലാണ്. ഇതിനിടയില്‍ അമേരിക്കയുടെ സൈനിക ഭീഷണിയും വന്നതോടെ ഇറാന്‍ ഭരണകൂടം കടുത്ത സമ്മര്‍ദത്തിലാണ്. എന്നാല്‍, തങ്ങളുടെ പരമാധികാരം പണയം വെച്ചുകൊണ്ടുള്ള ഒരു കരാറിന് ഇറാന്‍ തയാറാകുമോ എന്നത് ചോദ്യചിഹ്നമായി തുടരുന്നു.

ഇറാനെതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിക്കുന്ന ഇസ്രായേലും ട്രംപിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ ഒരു ആണവശക്തിയാകുന്നത് ഇസ്രായേലിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഇറാന്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ നെതന്യാഹു, യു.എസിന്റെ ഏത് സൈനിക നീക്കത്തിനും പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.