ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടി തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന ഹമാസ് നേതൃത്വത്തിന് ഊര്‍ജ്ജമായി മാറി. ഹമാസിനെ ഇല്ലാതാക്കി മറ്റൊരു ഭരണസംവിധാനം കൊണ്ടുവരാന്‍ ഇസ്രായേലും അമേരിക്കുയും പദ്ധതിയിടവേയാണ് പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച് ബ്രിട്ടനും മറ്റു ചില രാജ്യങ്ങളും രംഗത്തുവന്നത്. ബ്രിട്ടന്റെ അടക്കം തീരുമാനം തങ്ങളുടെ വിജയമാണ് എന്ന അവകാശവാദവുമായി ഹമാസ് നേതൃത്വം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

മിഡില്‍ ഈസ്റ്റില്‍ സമാധാന പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍ ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതിനെ ഔദ്യോഗികമായി പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി കീര്‍സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യത നിലനിര്‍ത്താന്‍ ഈ നീക്കം ആവശ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, കൂടാതെ ഭീകര സംഘടന'യായ ഹമാസ് ഒരു ഫലസ്തീന്‍ സര്‍ക്കാരിലും ഒരു പങ്കും വഹിക്കില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞിരുന്നു.

എന്നാല്‍ ഇസ്രായേല്‍ നേതാക്കള്‍ ബ്രിട്ടന്‍ ഹമാസിന് വലിയ സമ്മാനം നല്‍കിയെന്ന് ആരോപിച്ചു. ഈ തീരുമാനത്തിലൂടെ അവര്‍ ഇപ്പോഴും ബന്ദികളായി കഴിയുന്നവരെ വഞ്ചിച്ചുവെന്നും കുറ്റപ്പെടുത്തി. ലേബര്‍ എംപിമാരെയും വോട്ടര്‍മാരെയും പ്രീതിപ്പെടുത്താനാണ് ഈ നീക്കം എന്നാണ് ടോറികള്‍ അവകാശപ്പെട്ടത്. ഗാസയില്‍ വംശഹത്യ നടത്തുകയാണ് എന്നാണ് അവര്‍ ആരോപിച്ചത്.

ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതും അവര്‍ വിലക്കിയിരുന്നു. ബ്രിട്ടന്റെ തീരുമാനത്തെ നമ്മുടെ ലക്ഷ്യത്തിന്റെ നീതി'യുടെ വിജയം എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഒക്ടോബര്‍ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്ക് എനിക്ക് വ്യക്തമായ ഒരു സന്ദേശമുണ്ട് നിങ്ങള്‍ ഭീകരതയ്ക്ക് ഒരു വലിയ സമ്മാനം നല്‍കുകയാണ്

എന്നാണ്.

നിങ്ങള്‍ക്കായി എനിക്ക് മറ്റൊരു സന്ദേശം കൂടി നല്‍കാനുണ്ട് അത് ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍്ത്ഥ്യമാകാന്‍ പോകുന്നില്ല എന്നതാണ് എന്നും നെതന്യാഹു വ്യക്തമാക്കി. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയാല്‍ ഒരു ഭീകര രാഷ്ട്രം സ്ഥാപിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്' ഇസ്രായേല്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എന്നിലും മറ്റ് എല്ലാവേദികളിലും ഞങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ പോരാടം. ഫലസ്തീന്‍ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താന്‍ വര്‍ഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മര്‍ദം താന്‍ നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വര്‍ഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു. ജോര്‍ഡന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാഷ്ട്രമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ ഈ ആഴ്ച ഉച്ചകോടിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിന്റെ സ്പീക്കര്‍ അമീര്‍ ഒഹാന

ബ്രിട്ടന്റെ തീരുമാനത്തെ അപമാനകരം എന്നാണ് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 7 ലെ ആക്രമണത്തിനുശേഷം രണ്ട് വര്‍ഷമായി ഗാസയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈ നീക്കം സഹായിക്കില്ലെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സമ്മതിച്ചു.

യു.എന്‍ പൊതുസഭ ചേരുന്നതിനു മുന്നോടിയായിട്ടാണ് കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ യു.കെയും ഫലസ്തീനെ അംഗീകരിക്കുന്നത്. സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നു യുണൈറ്റഡ് കിംങ്ഡം ഫലസ്തീന്‍ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രസ്താവനയില്‍ പറഞ്ഞത്. ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു.

തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു. ഇവര്‍ക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീന്‍ ജനതയുടെ തുല്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാര്‍മറുടെ ഓഫീസ് വ്യക്തമാക്കി.