ലണ്ടന്‍: പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാന്‍ ആലോചിക്കുന്നതായ ബ്രിട്ടന്റെ പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബ്രിട്ടന്‍ അത് കാര്യമായി എടുത്തില്ലെന്നാണ് സര്‍ കീര്‍ സ്റ്റാര്‍മറുടെ പുതിയ ട്വീറ്റ് വ്യക്തമാക്കുന്നത്. പാലസ്തീന്‍ ജനതയ്ക്കും, ഇസ്രയേല്‍ ജനതയ്ക്കും ശാശ്വതമായ സമാധാനം ഉറപ്പു വരുത്തുമെന്നും, ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പ്രാവര്‍ത്തികമാകുമെന്നും ആഗ്രഹിച്ചു കൊണ്ട് പലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. ഇതോടൊപ്പം ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്ധ്യപൂര്‍വേഷ്യയിലെ അത്യന്തം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് അന്ത്യം കുറിച്ച് സമാധാനം സ്ഥാപിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനപൂര്‍വ്വമായ ഒരു പലസ്തീന്‍ രാജ്യത്തോടൊപ്പം, കൂടുതല്‍ സുരക്ഷിതമായ ഒരു ഇസ്രയേല്‍ ആണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ ഇത് രണ്ടുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. വെടി നിര്‍ത്തല്‍, പലസ്തീനില്‍ സഹായമെത്തിക്കാന്‍ ഐക്യരാഷ്ട്ര സഭയെ അനുവദിക്കുക എന്നിവ ഉള്‍പ്പടെയുള്ള ചില നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ തങ്ങള്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കുമെന്ന് സ്റ്റാര്‍മര്‍ കഴിഞ്ഞ ജൂലായില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.

രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ 1967 ല്‍ ഉണ്ടായിരുന്ന അതിര്‍ത്തി അടിസ്ഥാനമാക്കി വേണം ഭാവിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും പരിഷ്‌കരിച്ച ഒരു പലസ്തീന്‍ അഥോറിറ്റി ഇതിനായി മുന്‍കൈ എടുക്കണമെന്നും ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, പലസ്തീന് ഒരു രാജ്യമായി തുടരാന്‍ നിയമപരമായ അവകാശമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ, ബ്രിട്ടന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റോഫീസിന്റെ വെബ്‌സൈറ്റിലുള്ള ഭൂപടവും പരിഷ്‌കരിച്ചിട്ടുണ്ട്.

പുതിയ ഭൂപടത്തില്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങളെ പലസ്തീന്‍ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഈ പ്രദേശങ്ങളെ അധിനിവേശ പലസ്തീന്‍ എന്നായിരുന്നു പരാമര്‍ശിച്ചിരുന്നത്. ഈയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു എന്‍ സുരക്ഷാ അസംബ്ലിക്ക് മുന്നോടിയായി ഇന്നലെ കാനഡ, ആസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. മദ്ധ്യപൂര്‍വേഷ്യയില്‍ ബ്രിട്ടന്‍ കൈക്കൊള്ളുന്ന ഒരു സുപ്രധാന നിലപാടായിട്ടാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

അതേസമയം, പലസ്തീന്‍ രാജ്യം സാധ്യമാകില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അത് തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലും ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സര്‍വ്വനാശകരമായ ഒരു നടപടി എന്നാണ് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് സ്റ്റാര്‍മറുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഹാമാസിന് മുന്‍പില്‍ നിബന്ധനകള്‍ ഒന്നും വയ്ക്കാതെ, തികച്ചും ഏകപക്ഷീയമായ ഈ തീരുമാനം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്നും അവര്‍ പറഞ്ഞു.

ഇത് ഹമാസ് തീവ്രവാദികള്‍ക്കുള്ള ഒരു പുരസ്‌കാരം മാത്രമാണെന്നും, ഇതുകൊണ്ട് സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്നുമായിരുന്നു റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫരാജിന്റെ പ്രതികരണം. അതേസമയം, ഏറെ വൈകിയുണ്ടായ നടപടിയാണെങ്കിലും സ്വാഗതാര്‍ഹം എന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് സര്‍ എഡ് ഡേവി പ്രതികരിച്ചത്. അതിനിടയില്‍ ബന്ധികളെ വിട്ടയയ്ക്കണം എന്ന ഹമാസിനോടുള്ള ആവശ്യമ്‌ന് സ്റ്റാര്‍മര്‍ ആവര്‍ത്തിച്ചു.