വാഷിങ്ടണ്‍: ഗാസ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയും ലോക രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തു വരികയും ചെയ്യുന്നതിനിടെ യു.എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് യു.എസ് വിലക്ക്. നേരിട്ടെത്താന്‍ യുഎസ് വിലക്കേര്‍പ്പെടുത്തിയതോടെ സമ്മേളനത്തില്‍ വീഡിയോ കോളിലൂടെ അദ്ദേഹം സംസാരിക്കും. അടുത്തയാഴ്ച നടക്കുന്ന യു.എന്‍ പൊതുസമ്മേളനത്തില്‍ നിന്നാണ് മഹ്‌മൂദ് അബ്ബാസ് ഉള്‍പ്പടെയുള്ള 80 ഫലസ്തീന്‍ അതോറിറ്റി നേതാക്കളെ യു.എസ് വിലക്കിയത്.

ഈ തീരുമാനത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. യു.എസ് തീരുമാനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. 140 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. യു.എസും ഇസ്രായേലും ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. നേരത്തെ റെക്കോഡ് ചെയ്ത വിഡിയോ യു.എന്നില്‍ സമര്‍പ്പിക്കാനോ വിഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയോ പ്രമേയം ഫലസ്തീന് നല്‍കുന്നുണ്ട്.

നിരവധി പാശ്ചാത്യരാജ്യങ്ങള്‍ സമ്മേളനത്തിന് മുമ്പായി ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു. യു.കെ ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് അബ്ബാസ് ഉള്‍പ്പടെയുള്ള ഫലസ്തീനിയന്‍ നേതാക്കളെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. യു.എസ് തീരുമാനം 1947ലെ യു.എന്‍ കരാറിന്റെ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നുവെങ്കിലും ഇത് അംഗീകരിക്കാന്‍ അവര്‍ തയാറായിട്ടില്ല.

1947ലെ കരാര്‍ പ്രകാരം യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനായി വിദേശപ്രതിനിധികള്‍ക്ക് യു.എസ് വിസ അനുവദിക്കണം. ഇതിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം. സുരക്ഷാ, വിദേശനയം എന്നീ കാരണങ്ങള്‍ മൂലമാണ് ഫലസ്തീന്‍ അധികൃതര്‍ക്ക് വിസനിഷേധിച്ചതെന്നാണ് യു.എസ് നല്‍കുന്ന വിശദീകരണം.

അതിനിടെ ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു എന്നാരോപിച്ചു ഇസ്രായേലിനെതിരായ കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം ചേര്‍ന്ന് ബ്രസീലും. വെള്ളിയാഴ്ചയാണ് കേസില്‍ ബ്രസീലും ചേര്‍ന്ന വിവരം ഹേഗിലെ അന്താരാഷ്ട്രനീതിന്യായ കോടതി സ്ഥിരീകരിച്ചത്. ആര്‍ട്ടിക്കള്‍ 63 പ്രകാരമാണ് ബ്രസീലിന്റെ നടപടി. ഇതുപ്രകാരം യു.എന്‍ അംഗങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന കേസുകളില്‍ ഇടപെടാന്‍ സാധിക്കും. 1948ലെ വംശഹത്യ കണ്‍വെന്‍ഷനിലെ ചട്ടങ്ങള്‍ ഇസ്രായേല്‍ ലംഘിച്ചുവെന്നാണ് ബ്രസീല്‍ ആരോപണം.

ബ്രസീല്‍ മാത്രമല്ല കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം ചേര്‍ന്നിട്ടുള്ളത്. സ്‌പെയിന്‍, അയര്‍ലാന്‍ഡ്, മെക്‌സികോ, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങളും നേരത്തെ തന്നെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസില്‍ ചേര്‍ന്നിരുന്നു. ഇസ്രായേലിന്റെ വംശഹത്യ ഇതുവരെ ഗസ്സയില്‍ 65,000ത്തോളം ഫലസ്തീനികളുടെ ജീവനാണെടുത്ത്. 2023 ഒക്ടോബറില്‍ തുടങ്ങിയ വംശഹത്യ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്തിമ വിധി പുറത്തുവരിക. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ വംശഹത്യ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാനുഷികസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നുമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി.