ടെല്‍ അവീവ്/ദോഹ: ഇറാനെതിരെ ഇന്നുണ്ടായത് യുഎസ്-ഇ്സ്രായേല്‍ സംയുക്ത ആക്രമണമാണ്. ടെഹ്‌റാനില്‍ മൂന്നിടത്തായാണ് സ്‌ഫോടനം ഉണ്ടായത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപത്തും സ്‌ഫോടനമുണ്ടായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്ന നേതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനും ഇറാന്‍ രാഷ്ട്രീയ നേതൃത്വത്തെയാണ് ഉന്നമിടുന്നതെന്ന് വരുത്താനുമാണ് സഖ്യസേനയുടെ ശ്രമം.

ടെഹ്‌റാനിലെ ആക്രമണം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്റാനില്‍ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഖമേനിയെ നേരത്തെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് മാറിയതായാണ് വിവരം. ഇസ്രായേലും യുഎസും സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം യുഎസിന്റെ എഫ്22 യുദ്ധവിമാനങ്ങള്‍ ഇസ്രായേലിന്റെ എയര്‍ ബേസില്‍ എത്തിയിരുന്നു.

കരയില്‍ നിന്നും കടലില്‍ നിന്നുമാണ് ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. അതേസമയം ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി ഉണ്ടാവുമെന്ന ആശങ്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രയേലും അമേരിക്കയും. ഇസ്രയേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചു. ഖത്തറിലെ ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. ഗള്‍ഫ് രാജ്യങ്ങളെ തീര്‍ത്തും അലോസരപ്പെടുത്തുന്നാണ് ഇപ്പോഴത്തെ യുദ്ധകാഹളങ്ങള്‍.

ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.രാജ്യം മുഴുവന്‍ സൈറണുകള്‍ മുഴങ്ങിയതായും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അത്യാവശ്യ മേഖലകളിലേക്ക് ഇസ്രയേല്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുചേരുന്നതും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും ഇസ്രയേല്‍ സൈന്യം വിലക്കിയിട്ടുണ്ട്.

ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഖത്തറിലെ അമേരിക്കന്‍ എംബസി തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് 'ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ്' നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും നിലവിലുള്ള കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പറഞ്ഞിട്ടുണ്ട്. ഖത്തറിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരോടും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതേ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അമേരിക്കന്‍ എംബസിയുടെ നിര്‍ദേശമുണ്ട്. ഖത്തറിലുള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്കും യുദ്ധഭീതി ആശങ്ക ഉണ്ടാക്കുന്നതാണ്.

ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ നടത്തിയ ആക്രമണമാണിതെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഈ നീക്കം മേഖലയില്‍ വന്‍തോതിലുള്ള സൈനിക നീക്കങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇറാന്‍ തിരിച്ചടി നല്‍കിയാല്‍ പശ്ചിമേഷ്യയിലുടനീളം യുദ്ധം പടരാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നിട്ടിറങ്ങുമെന്നാണ് കരുതുന്നത്.

അതേസമയം ദ്വീര്‍ഘകാല യുദ്ധത്തിന് ട്രംപിന് താല്‍പ്പര്യമുണ്ടാകില്ലെന്നാണ് സൂചനകള്‍. മുന്‍കരുതലിന്റെ ഭാഗമായാണ് ഇറാനുനേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റിന്റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധ ഭീഷണിക്കിടെയാണ് ഇസ്രായേലിന്റെ ആക്രമണം. അമേരിക്കയുമായി ആണവ നിര്‍വ്യാപന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റില്‍ മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിന്റെ ഭാഗമായി കരാറിലെത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ജനീവയില്‍ ഇറാന്‍-യു.എസ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.