വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ സാമ്പത്തിക ചരിത്രത്തില്‍ ഇതുവരെ കാണാത്ത വലിയൊരു മാറ്റത്തിന് ട്രഷറി വകുപ്പ് തുടക്കമിടുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പുതുതായി അച്ചടിക്കുന്ന എല്ലാ യുഎസ് പേപ്പര്‍ കറന്‍സികളിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറന്‍സിയില്‍ വരുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ്.

സാധാരണയായി, യുഎസ് കറന്‍സികളില്‍ ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് ഉണ്ടാകാറുള്ളത്. രാജ്യത്തിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളിലും സ്മാരകങ്ങളിലും ട്രംപിന്റെ പേരും രൂപവും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ, യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റര്‍ പെര്‍ഫോമിങ് ആര്‍ട്സ് വേദി, പുതിയ ക്ലാസ് യുദ്ധക്കപ്പലുകള്‍ എന്നിവയ്ക്ക് ട്രംപിന്റെ പേര് നല്‍കിയിരുന്നു. ട്രംപിന്റെ മുഖം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ഒപ്പും പുതിയ കറന്‍സികളില്‍ ട്രംപിന്റെ ഒപ്പിനൊപ്പം ഉണ്ടാകും. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാര്‍ഗമാണിതെന്ന് സ്‌കോട്ട് ബെസെന്റ് പ്രസ്താവിച്ചു. ഈ നടപടി ഉചിതവും അര്‍ഹവുമാണെന്ന് യുഎസ് ട്രഷറര്‍ ബ്രാന്‍ഡന്‍ ബീച്ചും അഭിപ്രായപ്പെട്ടു.

165 വര്‍ഷത്തെ പാരമ്പര്യത്തില്‍ കാതലായ മാറ്റം

അമേരിക്കയിലെ പേപ്പര്‍ കറന്‍സികള്‍ അച്ചടിക്കുന്ന ചുമതല ബ്യൂറോ ഓഫ് എന്‍ഗ്രേവിങ് ആന്‍ഡ് പ്രിന്റിങ്ങിനാണ്. നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് യുഎസ് മിന്റാണ്. 1861-ല്‍ ഈ സംവിധാനം നിലവില്‍ വന്നതിന് ശേഷം ആദ്യമായി ഫെഡറല്‍ കറന്‍സിയില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷററുടെ ഒപ്പ് നീക്കം ചെയ്തുകൊണ്ട് 165 വര്‍ഷത്തെ പാരമ്പര്യമാണ് ഈ നീക്കത്തിലൂടെ അവസാനിക്കുന്നത്.

യുഎസ് സാമ്പത്തിക രംഗത്തെ ശക്തമായ പുരോഗതിയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നതെന്ന് ബെസെന്റ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളും 250-ാം വാര്‍ഷികവും ആഘോഷിക്കുന്നതിന് യുഎസ് കറന്‍സിയില്‍ ട്രംപിന്റെ പേര് ഉള്‍പ്പെടുത്തുന്നത് ഉചിതമായ മാര്‍ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''നമ്മുടെ മഹത്തായ രാജ്യത്തിന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെയും ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിന് അദ്ദേഹത്തിന്റെ പേര് പതിപ്പിച്ച യുഎസ് ഡോളര്‍ ബില്ലുകളേക്കാള്‍ ശക്തമായ മറ്റൊരു വഴിയുമില്ല. രാജ്യത്തിന്റെ 250-ാം വാര്‍ഷിക വേളയില്‍ ഈ ചരിത്രപരമായ കറന്‍സി പുറത്തിറക്കുന്നത് ഏറ്റവും അനുയോജ്യമാണ്,'' യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബെസെന്റ് പറഞ്ഞു. യുഎസ് ട്രഷറര്‍ ബ്രാന്‍ഡന്‍ ബീച്ചും ഈ തീരുമാനത്തെ പിന്തുണച്ചു. ഈ നീക്കം 'ഉചിതവും' അര്‍ഹതപ്പെട്ടതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍, പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ സേവനമനുഷ്ഠിച്ച മുന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്റെയും, യുഎസ് ട്രഷറര്‍ ലിന്‍ മലര്‍ബയുടെയും ഒപ്പുകളുള്ള നോട്ടുകള്‍ ബ്യൂറോ ഓഫ് എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിംഗ് തുടര്‍ന്നും നിര്‍മ്മിക്കുന്നുണ്ട്.

യുഎസ് ഫെഡറല്‍ കറന്‍സി ആദ്യമായി പുറത്തിറക്കിയ 1861 മുതലുള്ള തടസ്സമില്ലാത്ത ഒരു പരമ്പരയ്ക്കാണ് മലര്‍ബയുടെ ഒപ്പോടു കൂടി അന്ത്യമാകുന്നത്. ഒന്നര നൂറ്റാണ്ടിലധികം കാലമായി അമേരിക്കന്‍ ബാങ്ക് നോട്ടുകളുടെ സ്ഥിരമായ ഒരു സവിശേഷതയായിരുന്നു ട്രഷററുടെ ഒപ്പ്.

വാര്‍ഷിക ആഘോഷ വേളയില്‍ ട്രംപിനെ ആദരിക്കുന്നതിനുള്ള വിപുലമായ നീക്കങ്ങളുടെ ഭാഗമായാണ് കറന്‍സിയിലെ ഈ മാറ്റം. ജൂലൈ 4-ലെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന, അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 24 ക്യാരറ്റ് സ്വര്‍ണ്ണ നാണയത്തിന്റെ രൂപകല്‍പ്പനയ്ക്ക് ഈ മാസം ആദ്യം ഒരു ഫെഡറല്‍ ആര്‍ട്‌സ് കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു.