വാഷിങ്ടണ്‍: ഹിസ്ബുള്ളയെ തകര്‍ത്തെഞ്ഞ് ആക്രമണം കടുപ്പിച്ച ഇസ്രായേലിന് പിന്നില്‍ അടിയുറച്ച നിലപാടുമായി അമേരിക്ക. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കവേയാണ് യു.എസ്. ഇസ്രായേലിന് പിന്തുണയുമായി രംഗത്തുവന്നത്. ഇസ്രായേല്‍ സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും അതിന് യു.എസിന്റെ പിന്തുണയുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

'ഒക്ടോബര്‍ ഏഴിന് സമാനമായ മറ്റൊരു ആക്രമണം നടക്കാതിരിക്കാനും വടക്കന്‍ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുല്ലയുടെ ആക്രമണോപാധികള്‍ തകര്‍ക്കേണ്ടത് ആവശ്യകതയാണ്. അതേസമയം, അതിര്‍ത്തിക്ക് ഇരുവശവുമുള്ള സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള നയതന്ത്ര പരിഹാരവും ആവശ്യമാണ്. ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും യു.എസ് പൗരന്മാര്‍ക്കും പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ യു.എസ് തയാറാണ്. ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ്' -ലോയ്ഡ് ആസ്റ്റിന്‍ പറഞ്ഞു.

അതേസമയം ലബനാനില്‍ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രായേല്‍. ഈ സാഹചര്യത്തിലാണ് അമേരിക്ക പിന്തുണയുമായെത്തിയിരിക്കുന്നത്. യുദ്ധം വ്യാപിക്കുന്ന അവസ്ഥ ഉണ്ടായാല്‍ അമേരിക്ക കളത്തില്‍ ഇറങ്ങുമെന്ന സൂചന തന്നെയാണ് ഇപ്പോഴത്തെ പ്രസ്താവന. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായാണ് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്. ലബനീസ് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇസ്രായേല്‍ ടാങ്കുകള്‍ പ്രവേശിച്ചിട്ടുണ്ട്.

ഇസ്രായേല്‍ ഏത് നിമിഷവും കരയുദ്ധത്തിന് തുടക്കമിടുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലബനാന്‍ അതിര്‍ത്തി മേഖലയില്‍ ഇസ്രായേല്‍ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു. കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സൈന്യം ലബനാന്‍ മേഖലയിലേക്ക് പ്രവേശിച്ചത്.

അതേസമയം, ലബനാനിലെ കരയുദ്ധത്തെ ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും ഹസന്‍ നസ്‌റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന ടെലിവിഷന്‍ അഭിസംബോധനയില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നഈം ഖാസിം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവില്‍ ചുമതല വഹിക്കുന്ന അദ്ദേഹം പറഞ്ഞു.