- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ; തെറ്റായ വിവരങ്ങളെന്ന് ബംഗ്ലാദേശിന്റെ ആദ്യ പ്രതികരണം; പിന്നാലെ നടപടി; അക്രമ സംഭവത്തില്‍ 70 പേര് അറസ്റ്റില്‍
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം; ബംഗ്ലാദേശില്‍ 70 പേര് അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്‌തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബര്‍ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമത്തില്‍ ഇന്ത്യ പ്രതിഷേധം കടുപ്പിച്ചതോടെയാണ് അറസ്റ്റ്.
സുനംഗഞ്ച്, ഗാസിപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.
തിങ്കളാഴ്ച ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ഇന്ത്യ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇവയെല്ലാം തെറ്റായ വിവരങ്ങളാണെന്നായിരുന്നു ബംഗ്ലാദേശിന്റെ പ്രതികരണം.
ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച ബംഗ്ലാദേശ് തന്നെയാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങളും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതുമായ സംഭവങ്ങള്‍ ബംഗ്‌ളാദേശില്‍ തുടര്‍ച്ചയായി അരങ്ങേറുന്നതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രതികരണമാണ് നടത്തിയത്.
ബംഗ്ലാദേശ് അധികാരികളില്‍ നിന്ന് നിലവിലെ വിഷയങ്ങളിലെല്ലാം ക്രിയാത്മകമായ സമീപനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും മുഹമ്മദ് ജാഷിം ഉദ്ദീനുമായി നടന്ന കൂടിക്കാഴ്ചയില്‍ വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഇതാദ്യമായാണ് വിദേശകാര്യ സെക്രട്ടറിതലത്തില്‍ കൂടിക്കാഴ്ച നടക്കുന്നത്. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ഇന്ത്യ പല തവണ ആശങ്ക അറിയിച്ചിരുന്നു.
ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിലംപതിച്ച ശേഷം ബംഗ്‌ളാദേശില്‍ ഡോ.മുഹമ്മദ് യൂനുസ് മുഖ്യ ഉപദേശകനായുള്ള ഭരണകൂടമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദു വിശ്വാസികള്‍ക്കെതിരെയടക്കം വ്യാപക ആക്രമണം നടക്കുന്നുണ്ട്. ബംഗ്‌ളാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബിജെപിയും നിരവധി ഹിന്ദു സംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ബംഗ്ളാദേശ് അതിര്‍ത്തിയ്ക്കടുത്ത് പശ്ചിമബംഗാളിലെ 24 പര്‍ഗനാസ് ജില്ലയിലെ ഘോജഡംഗയില്‍ ബിജെപിയും മറ്റ് സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ശക്തമായ മുന്നറിയിപ്പാണ് ബംഗ്‌ളാദേശിന് നല്‍കിയത്.
'ഞങ്ങള്‍ ബംഗ്‌ളാദേശിനെ ആശ്രയിക്കുന്നില്ല. ബംഗ്‌ളാദേശ് ഞങ്ങളെയാണ് ആശ്രയിക്കുന്നത്. 97 ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ അങ്ങോട്ടയച്ചില്ലെങ്കില്‍ അരിയും വസ്ത്രങ്ങളുമൊന്നും നിങ്ങള്‍ക്ക് ലഭിക്കില്ല. ജാര്‍ഖണ്ഡില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്ലെങ്കില്‍ നിങ്ങളുടെ 80 ശതമാനം ഗ്രാമങ്ങളും ഇരുട്ടിലാകും.' സുവേന്ദു അധികാരി മുന്നറിയിപ്പ് നല്‍കി.
റഫാല്‍ വിമാനങ്ങള്‍ ബംഗ്‌ളാദേശിലേക്കയക്കുമെന്നും സുവേന്ദു അധികാരി മുന്നറിയിപ്പ് നല്‍കി. '40 റഫേല്‍ വിമാനങ്ങള്‍ ഹസിമാരയില്‍ കിടപ്പുണ്ട്. അതില്‍ രണ്ടെണ്ണം അയച്ചാല്‍ പണിതീരും. അദ്ദേഹം പറഞ്ഞു. ബംഗ്‌ളാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനെ താലിബാനോട് ഉപമിച്ച സുവേന്ദു അധികാരി തീവ്രവാദ, മനുഷ്യത്വ വിരുദ്ധ സര്‍ക്കാരാണെന്നും അഭിപ്രായപ്പെട്ടു.