- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് വിട്ടയച്ച ഇസ്രായേല്‍ സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ യുവതി; നാമ ലെവിയുടെ പഠനം ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍; 'ഹാന്‍ഡ്സ് ഓഫ് പീസ്' ഡെലിഗേഷന്റെയും ഭാഗമായി; ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന
ഹമാസ് വിട്ടയച്ച ഇസ്രായേല്‍ സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ യുവതി
ജറുസലം: ഇസ്രായേല്‍-ഗസ്സ സമാധാന കരാറിന്റെ രണ്ടാംഘട്ടത്തില്‍ നാല് വനിത ഇസ്രായേല്‍ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇതിന് പകരം 200 പലസ്തീനി തടവുകാരെയും പലസ്തീന്‍ മോചിപ്പിച്ചു. അതേസമയം ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് ഇസ്രായേലിന് വലിയ ആശ്വാസം പകരുന്നതായി. കരീന അറീവ് (20), ഡാനിയേല ഗില്‍ബോവ (20), നാമ ലെവി (20), ലിറി അല്‍ബാഗ് (19) എന്നിവരെയാണ് ഗസ്സസിറ്റിയിലെ ഫലസ്തീന്‍ ചത്വരത്തില്‍ വച്ച് ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്.
ഈ നാല് വനിത സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 20കാരിയായ നാമ ലെവിയാണ് ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠനം നടത്തിയത്. ചെറുപ്പത്തില്‍ ഇസ്രായേല്‍-ഫലസ്തീന്‍ പൗരന്മാര്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിനുള്ള 'ഹാന്‍ഡ്സ് ഓഫ് പീസ്' ഡെലിഗേഷന്റെ ഭാഗമായിരുന്നു. കൂടാതെ, ട്രയാത്ലറ്റ് ആണ് നാമ ലെവി.
ഗസ്സയില്‍ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തില്‍ നാല് വനിത സൈനികരെ ഹമാസ് കൈമാറിയത്. ആദ്യഘട്ടമായി 90 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഹമാസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ചിരുന്നു. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്.
യു.എസിന്റെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് മാസങ്ങള്‍ നീണ്ട യുദ്ധത്തിന് വിരാമമിട്ട് ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചത്. അതേസമയം ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി അവകാശപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള പൗരന്മാരും സൈനികരും അടക്കമുള്ള മുഴുവന്‍ ബന്ദികളെയും തിരികെ എത്തിക്കാന്‍ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും ഐ.ഡി.എഫ് മേധാവി ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍-ഗസ്സ സമാധാന കരാറിന്റെ ഭാഗമായി ഇതുവരെ ഏഴു പേരെയാണ് ഹമാസ് കൈമാറിയത്. അതേസമയം ഇസ്രായേല്‍ ജയിലുകളില്‍നിന്ന് മോചിതരായ 200 ഫലസ്തീന്‍ തടവുകാര്‍ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തി. ഫലസ്തീന്‍ പതാകയേന്തിയ ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാനെത്തിയത്. ചാരനിറത്തിലുള്ള ജമ്പ് സ്യൂട്ടുകള്‍ ധരിച്ച തടവുകാര്‍ ബസില്‍നിന്ന് ഇറങ്ങുമ്പോള്‍ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും ബന്ധുക്കളെ ആലിംഗനം ചെയ്യുകയും ചെയ്തു.
അതിനിടെ സിവിലിയന്‍ തടവുകാരിയായ എര്‍ബല്‍ യെഹൂദിനെ വിട്ടയക്കാതെ വടക്കന്‍ ഗസ്സയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. അതേസമയം എര്‍ബല്‍ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അവരെ അടുത്ത ശനിയാഴ്ചക്ക് മുമ്പ് വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഇസ്രായേലും മധ്യസ്ഥരും തമ്മില്‍ ചര്‍ച്ച നടക്കുകയാണെന്ന് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു.