- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കോ എന്നോടോ യാതൊരു തര്‍ക്കങ്ങളും ഒരു നേതാവിനുമില്ല; വിമര്‍ശിക്കാന്‍ വലുപ്പ ചെറുപ്പം നോക്കേണ്ട: കെ സുധാകരന്റെ 'രക്ഷാപ്രവര്‍ത്തന' കുറിപ്പ്
തിരുവനന്തപുരം: വയനാട് ക്യാമ്പും, തദ്ദേശതിരഞ്ഞെടുപ്പിനായുള്ള മിഷന് 25 പദ്ധതിയും ആഘോഷിക്കേണ്ട സമയത്ത്, നേതാക്കള്‍ ചുരം ഇറങ്ങും മുമ്പേ വന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുവന്നതോടെ നേതാക്കള്‍ അസ്വസ്ഥരാകുകയും മാധ്യമങ്ങളെ പഴിക്കുകയും ചെയ്തു. പാര്‍ട്ടിരഹസ്യങ്ങള്‍ പെരുപ്പിച്ചും അവാസ്തവമായും മാധ്യമങ്ങള്‍ക്ക് ചോര്ത്തുന്നവരെ കണ്ടെത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായ അച്ചടക്കസമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതിനിടെ, ഐക്യത്തിന്റെ കാഹളം മുഴക്കി, പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്ന കുറിപ്പുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് രംഗത്തെത്തി.
തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ് വിജയിച്ചത് കണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങള്‍ കൊടുക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ തളരരുത് എന്നാണ് സുധാകരന്റെ ആഹ്വാനം.
'നിങ്ങളില്‍ ആവേശവും അഭിമാനവും ഉണ്ടാക്കുന്ന പദ്ധതികള്‍ പടിപടിയായി നടപ്പിലാക്കുന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ 'ക്യാപ്റ്റന്‍' എന്ന തലക്കെട്ടോടെ, നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുന്‍പ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാര്‍ത്തകളുടെ പിന്നില്‍. എകെജി സെന്ററില്‍ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകള്‍ കീശയിലാക്കി ഇവര്‍ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്നേഹത്തോടെ ഇത്തരക്കാരോട് പറഞ്ഞുകൊള്ളട്ടെ, അതൊന്നും ഇനിയും ഇവിടെ ചിലവാകില്ല!……
അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോണ്‍ഗ്രസ് ഇല്ല. എന്നാല്‍ എനിക്കോ എന്നോടോ യാതൊരു തര്‍ക്കങ്ങളും ഈ പാര്‍ട്ടിയിലെ ഒരു നേതാവിനുമില്ല. വിമര്‍ശിക്കാന്‍ ഈ പാര്‍ട്ടിയില്‍ വലുപ്പ ചെറുപ്പം നോക്കേണ്ട കാര്യവുമില്ല. അത് തന്നെയാണ് ഈ ജനാധിപത്യ പാര്‍ട്ടിയുടെ സൗന്ദര്യവും. ഇത്രത്തോളം വിഷത്തിന്റെ കൂരമ്പുകള്‍ എയ്തിട്ടും, ഇന്നും, നിങ്ങളുടെ ചാനലിനെ സിപിഎമ്മിനെ പോലെ ബഹിഷ്കരിക്കാന്‍ തയ്യാറാകാത്ത ആ വലിയ ചിന്തയുടെ പേരാണ് ടകോണ്ഗ്രസ് ജനാധിപത്യം'. ആ മഹത്തായ ചിന്ത എന്താണെന്ന് നിങ്ങള്‍ക്ക് എന്നെങ്കിലും മനസ്സിലാകുമെന്ന് ഞങ്ങള്‍ കരുതുന്നുമില്ല.
എന്നെ ഏല്പിച്ച ചുമതല അതിന്റെ മുറയ്ക്ക് തന്നെ നടക്കും. നടത്തും. ജനിച്ചത് കോണ്‍ഗ്രസ്സിലാണ്. ജീവിക്കുന്നതും കോണ്‍ഗ്രസ്സിലാണ്. ഇനി മരിക്കുമ്പോഴും ഒരു മൂവര്‍ണ്ണക്കൊടി എന്റെ കയ്യിലുണ്ടാകും.' -സുധാകരന്റെ കുറിപ്പിലെ പ്രസക്ത് ഭാഗങ്ങള്‍ ഇങ്ങനെ
കെ സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
എനിക്കേറ്റവും പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്….
കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് നമ്മള് വിജയിച്ചു. ഇതുകണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങള്‍ കൊടുക്കുന്ന വ്യാജ വാര്‍ത്തകളില്‍ നിങ്ങളാരും തളരരുത്. നിങ്ങളില്‍ ആവേശവും അഭിമാനവും ഉണ്ടാക്കുന്ന പദ്ധതികള്‍ പടിപടിയായി നടപ്പിലാക്കുന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ 'ക്യാപ്റ്റന്‍' എന്ന തലക്കെട്ടോടെ, നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുന്‍പ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാര്‍ത്തകളുടെ പിന്നില്‍. എകെജി സെന്ററില്‍ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകള്‍ കീശയിലാക്കി ഇവര്‍ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്നേഹത്തോടെ ഇത്തരക്കാരോട് പറഞ്ഞുകൊള്ളട്ടെ, അതൊന്നും ഇനിയും ഇവിടെ ചിലവാകില്ല!
അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോണ്‍ഗ്രസ് ഇല്ല. എന്നാല്‍ എനിക്കോ എന്നോടോ യാതൊരു തര്‍ക്കങ്ങളും ഈ പാര്‍ട്ടിയിലെ ഒരു നേതാവിനുമില്ല. വിമര്‍ശിക്കാന്‍ ഈ പാര്‍ട്ടിയില്‍ വലുപ്പ ചെറുപ്പം നോക്കേണ്ട കാര്യവുമില്ല. അത് തന്നെയാണ് ഈ ജനാധിപത്യ പാര്‍ട്ടിയുടെ സൗന്ദര്യവും. ഇത്രത്തോളം വിഷത്തിന്റെ കൂരമ്പുകള്‍ എയ്തിട്ടും, ഇന്നും, നിങ്ങളുടെ ചാനലിനെ സിപിഎമ്മിനെ പോലെ ബഹിഷ്കരിക്കാന്‍ തയ്യാറാകാത്ത ആ വലിയ ചിന്തയുടെ പേരാണ് ടകോണ്ഗ്രസ് ജനാധിപത്യം'. ആ മഹത്തായ ചിന്ത എന്താണെന്ന് നിങ്ങള്‍ക്ക് എന്നെങ്കിലും മനസ്സിലാകുമെന്ന് ഞങ്ങള്‍ കരുതുന്നുമില്ല.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസിനെ മാറ്റി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഉത്തരവാദിത്വം തന്നെയാണ് പിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ നാള് മുതല്‍ എന്നില്‍ അര്‍പ്പിതമായത്. യുഡിഎഫ് അണികള്‍ നല്കുന്ന സ്നേഹമാകുന്ന കവചവും ധരിച്ചാണ് എന്നും ഞാന്‍ നടന്നിട്ടുള്ളത്.
എന്റെ പ്രിയ പ്രവര്‍ത്തകരേ….
നിങ്ങള്‍ക്ക് ഞാന്‍ വാക്ക് തരുന്നു. നമ്മള് ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിങ്ങളുടെ മുന്നില്‍ നില്ക്കാന് കഴിയുന്നതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അതിലധികം ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോണ്‍ഗ്രസ്സിനെതിരെ പ്രചണ്ഡ വ്യാജ പ്രചാരണവുമായി ആര് തന്നെ ഇറങ്ങിയാലും ….
എന്നെ ഏല്പിച്ച ചുമതല അതിന്റെ മുറയ്ക്ക് തന്നെ നടക്കും. നടത്തും. ജനിച്ചത് കോണ്‍ഗ്രസ്സിലാണ്. ജീവിക്കുന്നതും കോണ്‍ഗ്രസ്സിലാണ്. ഇനി മരിക്കുമ്പോഴും ഒരു മൂവര്‍ണ്ണക്കൊടി എന്റെ കയ്യിലുണ്ടാകും.
കെ സുധാകരന്.
അതേസമയം, കോണ്‍ഗ്രസില്‍, നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തില്‍ അതിവേഗ പരിഹാരമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിരിക്കുകയാണ്. പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായ അച്ചടക്കസമിതിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. മുമ്പ് എ ഗ്രൂപ്പിലെ പ്രധാനിയായിരുന്ന തിരുവഞ്ചൂരിന് ഇന്ന് ഗ്രൂപ്പ് ആഭിമുഖ്യമില്ല. അതുകൊണ്ട് തന്നെ വസ്തുതാപരമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ഹൈക്കമാണ്ട് പ്രതീക്ഷ. വയനാട് നടന്ന ഉന്നത തല യോഗ തീരുമാനം ചോര്‍ന്നതടക്കം തിരുവഞ്ചൂര്‍ അന്വേഷിക്കും.
പാര്‍ട്ടിരഹസ്യങ്ങള്‍ പെരുപ്പിച്ചും അവാസ്തവമായും മാധ്യമങ്ങള്‍ക്ക് ചോര്ത്തുന്നവരെ കണ്ടെത്താനാണ് അന്വേഷണം. കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് നിര്‍ദേശം നല്‍കിയത്. വയനാട് ക്യാമ്പിന്റെ തീരുമാനവും തദ്ദേശതിരഞ്ഞെടുപ്പിനായുള്ള 'മിഷന് 25' പദ്ധതിയും നടപ്പാക്കുന്നതിലെ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്.
പാര്‍ട്ടി രഹസ്യസ്വഭാവത്തോടെ നടത്തിയ യോഗത്തെ സംബന്ധിച്ച് അവാസ്തവ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്കാന് ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ കത്തിലുള്ളത്. കെ.പി.സി.സി. ഭാരവാഹിയോഗത്തിലെ വിമര്‍ശനങ്ങളും ഇതേത്തുടര്‍ന്നുണ്ടായ മാധ്യമവാര്‍ത്തകളുമാണ് കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യമാക്കിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പാര്‍ട്ടിസംവിധാനം ഹൈജാക്ക് ചെയ്യുന്നെന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചത്. ഇതിന് മുമ്പ് വയനാട്ടിലെ ക്യാമ്പില്‍ കെപിസിസി ഓഫീസില്‍ അനാശാസ്യം നടക്കുന്നുവെന്ന് വിഡി സതീശന് പറഞ്ഞതായും വാര്‍ത്തകളെത്തി. പിന്നീട് നടന്ന കെപിസിസി യോഗത്തില്‍ കെസി പക്ഷ നേതാക്കള്‍ സതീശനെ വിമര്‍ശിച്ചുവെന്ന തരത്തിലാണ് വാര്‍ത്ത എത്തിയത്….
'മിഷന് 25' കര്‍മപദ്ധതിയുടെ ചുമതല വി.ഡി. സതീശനായിരുന്നു. ഇതിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പും അതില്‍ അദ്ദേഹം നല്കിയ മെസേജുമാണ് ചില നേതാക്കളെ ചൊടിപ്പിച്ചത്. പിന്നാലെ, അടിയന്തരമായി കെ.പി.സി.സി. ഭാരവാഹിയോഗം ചേരുകയും സതീശനെ ഒരുവിഭാഗം നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ സതീശന് നിസ്സഹകരണം പ്രഖ്യാപിച്ചു. യോഗത്തില്‍ ഉണ്ടാകാത്ത വിമര്‍ശനം മാധ്യമങ്ങളില്‍ വന്നെന്നും ഇതിനുപിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും ചൂണ്ടിക്കാട്ടി. മിഷന് 25-ന്റെ ഭാഗമായ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നാലെ സതീശനെതിരെ ഹൈക്കമാണ്ടിന് മുന്നില്‍ സുധാകരന് പരാതിക്കെട്ടഴിച്ചു. ഇനി സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു.
സുധാകരനെ മറികടന്ന് സതീശന് സൂപ്പര്‍ പ്രസിഡന്റാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടയിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന രഹസ്യസ്വഭാവമുള്ള ചര്‍ച്ചകള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് പതിവായിരിക്കുകയാണ്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് ദോഷമായി മാറുകയാണ്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദീപ ദാസ്മുന്‍ഷി നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല സുധാകര പക്ഷത്തിന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സുധാകരന് തനിക്കൊപ്പം നില്‍ക്കുന്നവരെ ഉപതെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. പാലക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, വി ബാബുരാജ് എന്നിവര്‍ക്കും ചേലക്കര കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കുമാണ് ചുമതല.