ചെന്നൈ: തമിഴക രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലാണ്. ടിവികെ നേതാവ് വിജയ് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രാഷ്ട്രീയ രംഗപ്രവേശനം ചെയ്തതോടെ ഈ തിരഞ്ഞെടുപ്പു ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന സര്‍വേ പ്രകാരം വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രണ്ടാം സ്ഥാനത്താണ്. സ്റ്റാലിന് തന്നെയാണ് തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കുന്നത്. തെരഞ്ഞെടുപ്പു അടുത്തതോടെ തമിഴകത്തില്‍ പല രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുണ്ട്.

വിജയിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. സമ്മര്‍ദ്ദ വഴിയില്‍ വിജയിനെ കൂടെ നിര്‍ത്താനാണ് നീക്കമെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സിബിഐ സമന്‍സ് അയച്ചു. ഡല്‍ഹി ഓഫീസില്‍ ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. വിജയിയുടെ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് സിബിഐ കേസ് അന്വേഷിക്കുന്നത്.

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഈ നടപടി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഈ നോട്ടീസ് വഴിതുറക്കും. നേരത്തെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടെ ആവശ്യപ്പെട്ടാണ് ദുരന്തത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയത്.

വിജയ് തമിഴ്നാട്ടില്‍ രൂപീകരിച്ച ടിവികെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരില്‍ വന്‍ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബര്‍ 27 കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേര്‍ മരിച്ചിരുന്നു. വിജയ് എത്താന്‍ വൈകിയതും പൊലീസ് അനുവദിച്ചതിലേറെ ജനങ്ങള്‍ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം. മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.അ

അതിനിടെ വിജയുടെ ജനനായകന്‍ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാണ്. ചിത്രം ഒന്‍പതിന് റിലീസ് ചെയ്യാനിരിക്കെ, ഇനിയും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി, ഒരു മാസം മുന്‍പുതന്നെ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 19ന് ബോര്‍ഡ്, ചിത്രം കണ്ടു. പത്തോളം കട്ടുകള്‍ വേണമെന്ന് നിര്‍ദേശിച്ചു. ഈ മാറ്റങ്ങളും വരുത്തി, ചിത്രം വീണ്ടും നല്‍കി. എന്നാല്‍ ഇതുവരെയും സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടിട്ടില്ലെന്നാണ് സൂചന. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനുള്ള കാരണവും വ്യക്തമല്ല.

രാഷ്ട്രീയത്തിലിറങ്ങിയ വിജയുടെ അവസാന ചിത്രമായാണ് ജനനായകനെ ആരാധകര്‍ കരുതുന്നത്. വിടവാങ്ങല്‍ ചിത്രമായതിനാല്‍ തന്നെ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ജനനായകന്റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീര്‍ന്നു. വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് പ്രതിസന്ധിയായത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയ്ക്കെതിരെ തമിഴക വെട്രി കഴകം രംഗത്തെത്തി.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിര്‍വഹിക്കുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ്. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സിനിമയ്ക്ക് സെന്‍സര്‍ നല്‍കാത്തതും രാഷ്ട്രീയമായി വിവാദമാക്കനാണ് ടിവികെയുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്യുടെ ടിവികെയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ട്. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് ടിവികെ വൃത്തങ്ങള്‍ സൂചിപ്പിച്ചത് ഇങ്ങനെയൊരു സാധ്യത മുന്നില്‍ക്കണ്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് തമിഴ്നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡിഎംകെ വിരുദ്ധ മുന്നണിയില്‍ പരമാവധി കക്ഷികളെ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഏതുവിധേനയും ടിവികെയുമായി സഖ്യത്തിനു ശ്രമിക്കണമെന്ന സൂചനയും ദേശീയ നേതൃത്വത്തില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഡിഎംകെയെ രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായും വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ടിവികെയുടെ മുഖ്യശത്രു ഡിഎംകെയാണ്. ഡിഎംകെയും ബിജെപിയുമൊഴികെ ആരുമായും സഖ്യമുണ്ടാക്കുമെന്നു പറഞ്ഞിരുന്ന ടിവികെ, വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ സഖ്യമുണ്ടാക്കുമെന്ന നിലപാടിലേക്ക് മയപ്പെട്ടിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം കൂടി നിലനില്‍ക്കുമ്പോഴാണ് സിബിഐ അന്വേഷണ വിവാദം അടക്കം ഉയരുന്നതും.