ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. ഇടക്കാല വ്യാപാര കരാറിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയ്ക്ക് വിപുലമായ ഇളവുകള്‍ നല്‍കിയെന്ന് കരാര്‍ വിവരങ്ങള്‍ സാവധാനം പുറത്തുവരുന്നതില്‍ നിന്ന് തെളിഞ്ഞുവെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ഇളവുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും, കാര്‍ഷിക മേഖലയ്ക്കും ദേശീയ പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും പ്രസ്താവനയില്‍ പിബി പറഞ്ഞു.

പൊതുസഞ്ചയത്തില്‍ ലഭ്യമായ പരിമിതമായ വിവരങ്ങള്‍ അനുസരിച്ച് പഴങ്ങള്‍, പരുത്തി, കശുവണ്ടിപോലുള്ളവ, സോയാബീന്‍ എണ്ണ, മറ്റ് ചില ഭക്ഷ്യ- കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അമേരിക്കയ്ക്ക് തീരുവ ഒഴിവാക്കി നല്‍കും. രാജ്യത്തെ ലക്ഷക്കണക്കിന് ആപ്പിള്‍, പരുത്തി, സോയ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ ഈ തീരുമാനം ഗുരുതരമായി ബാധിക്കും.

ന്യൂസിലാന്‍ഡ് പോലുള്ള രാജ്യങ്ങളുമായി നേരത്തെ ഒപ്പുവെച്ച വ്യാപാര കരാറുകള്‍ മൂലം ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആപ്പിള്‍ കര്‍ഷകര്‍ ഇതിനോടകം തന്നെ കടുത്ത ദുരിതത്തിലാണ്. കാര്‍ഷിക പ്രതിസന്ധിയും കുതിച്ചുയര്‍ന്ന ഉല്‍പ്പാദനച്ചെലവും മൂലം പ്രതിസന്ധിയിലായ പരുത്തി കര്‍ഷകരും സമാനമായ നാശം നേരിടും.

ഭക്ഷ്യ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് ഇതര തടസ്സങ്ങള്‍ നീക്കുമെന്നും കേന്ദ്രം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനര്‍ഥം ഇന്ത്യന്‍ കര്‍ഷകര്‍ക്കുള്ള പിന്തുണയും സബ്സിഡിയും പിന്‍വലിക്കുമെന്നാണ്. വന്‍തോതില്‍ സബ്സിഡി ലഭിക്കുന്ന യുഎസ് കാര്‍ഷികോല്‍പ്പന്നങ്ങളുമായി നമ്മുടെ കര്‍ഷകരെ മത്സരിക്കാന്‍ നിര്‍ബന്ധിക്കുന്നത് കൃഷിയെ കൂടുതല്‍ നഷ്ടത്തിലാക്കും.

റഷ്യന്‍ എണ്ണ വാങ്ങുന്നതുള്‍പ്പെടെയുള്ള നമ്മുടെ നയങ്ങളില്‍ അമേരിക്ക തിട്ടൂരം നല്‍കുമ്പോള്‍ വ്യാപാര കരാര്‍ പരമാധികാരത്തിനേറ്റ പ്രഹരമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇൗ തിട്ടൂരങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ ഒരു സംവിധാനം സ്ഥാപിച്ചു. വീഴ്ചവരുത്തിയാല്‍ താരിഫ് ചുമത്തുമെന്നും ഭീഷണിപ്പെടുത്തി. ഇത് ബിജെപി സര്‍ക്കാരിന്റെ ലജ്ജാകരമായ കീഴടങ്ങലാണ്.

ഇന്ത്യയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായേക്കാവുന്ന അമേരിക്കന്‍ പ്രതിരോധ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പ് അങ്ങേയറ്റം അപലപനീയമാണ്. കരാറിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ ഉടന്‍ വയ്ക്കണമെന്നും പരസ്യപ്പെടുത്തണമെന്നുമുള്ള ആവശ്യം പാര്‍ടി ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബലികഴിക്കുന്ന ഏത് കരാറില്‍ നിന്നും കേന്ദ്രം വിട്ടുനില്‍ക്കണമെന്നും പിബി ആവശ്യപ്പെട്ടു.