ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) കടന്നാക്രമിച്ച് ഡിഎംകെ. തിരു വി ക നഗറിലെ ഡിഎംകെ സ്ഥാനാർത്ഥി കെ.എസ്. രവിചന്ദ്രനാണ് വിജയ്‌യുടെ പാർട്ടിയെ 'ശിശുപാർട്ടി' എന്ന് വിശേഷിപ്പിച്ചത്. പുളിന്തോപ്പിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രവിചന്ദ്രന്റെ പരിഹാസം.

പ്രാദേശിക നിവാസികൾക്കൊപ്പം പ്ലാറ്റ്‌ഫോമിലെ ചെറിയ ടിഫിൻ ഷോപ്പിലിരുന്ന് പ്രാതൽ കഴിച്ചും വോട്ടർമാരോട് കുശലം പറഞ്ഞുമാണ് രവിചന്ദ്രൻ പ്രചാരണം കൊഴുപ്പിച്ചത്. കോൺഗ്രസ്, മക്കൾ നീതി മയ്യം (എംഎൻഎം), സിപിഐ എന്നീ സഖ്യകക്ഷി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ ഡിഎംകെയ്ക്ക് വലിയ പിന്തുണയുണ്ടെന്നും എഐഎഡിഎംകെയും ടിവികെയും മണ്ഡലത്തിൽ കെട്ടിവെച്ച കാശ് പോലും കിട്ടാതെ തോൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"രണ്ടു വർഷം മാത്രം പ്രായമുള്ള ഒരു ശിശുപാർട്ടിയാണ് ടിവികെ. എന്നാൽ ഡിഎംകെയ്ക്ക് 75 വർഷത്തെ സുദീർഘമായ പാരമ്പര്യമുണ്ട്. വെറും ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ടിവികെ തങ്ങളെ ഡിഎംകെയുമായി താരതമ്യം ചെയ്യുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ താഴെത്തട്ടിൽ ദൃശ്യമാണ്," രവിചന്ദ്രൻ പറഞ്ഞു.

അതേസമയം, ബിജെപിയുടെ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്', ജിഎസ്ടി തുടങ്ങിയ നയങ്ങൾ തമിഴ്‌നാടിന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. ഇത്തരം നീക്കങ്ങളെ തടയാൻ ഡിഎംകെയ്ക്ക് മാത്രമേ സാധിക്കൂ. എഐഎഡിഎംകെ തമിഴ്‌നാടിനെ നശിപ്പിക്കുകയാണ് ചെയ്തത്. തങ്ങളുടെ തെറ്റുകൾ മറയ്ക്കാനാണ് പളനിസാമി ബിജെപിയുമായി കൈകോർത്തതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

സൗജന്യ വൈദ്യുതി, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര തുടങ്ങിയ പദ്ധതികൾ എൻഡിഎ അധികാരത്തിൽ വന്നാൽ നിർത്തലാക്കും. ദ്രാവിഡ മോഡൽ ഭരണത്തിന് തുടർച്ചയുണ്ടാകണമെന്നും തന്റെ സർക്കാരിന്റെ പദ്ധതികൾ ചിട്ടയോടെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് വോട്ടെടുപ്പ്. മെയ് 4-ന് ഫലം പുറത്തുവരും. ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസും എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും, വിജയ്‌യുടെ ടിവികെയുടെ വരവോടെ മത്സരം ത്രികോണമാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.