ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന് ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സംയുക്ത കര്‍മ്മ സമിതിയുടെ ആദ്യ യോഗമാണ് ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്. ഡിഎംകെ എംപി കനിമൊഴിയാണ് പ്രമേയം അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തില്‍, കേന്ദ്രസര്‍ക്കാര്‍ സുതാര്യതയും വ്യക്തതയും പുലര്‍ത്താത്തതില്‍ പ്രമേയത്തില്‍ ആശങ്ക രേഖപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ കക്ഷികള്‍. സംസ്ഥാന സര്‍ക്കാരുകള്‍, ബന്ധപ്പെട്ട മറ്റുകക്ഷികള്‍ എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം സുതാര്യമായി മാത്രമേ മണ്ഡല പുനര്‍നിര്‍ണയം കേന്ദ്രസര്‍ക്കാര്‍ നടത്താവൂ എന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുമെന്ന് സ്റ്റാലിന്‍

പാര്‍ലമെന്റില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കമാണ് യോഗമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരെയല്ല പ്രസ്ഥാനമെന്നും അത് അന്യായമായ രീതിയില്‍ നടപ്പാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് ഈ പോരാട്ടമെന്നും, മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനങ്ങളുടെ ശക്തി കുറക്കുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് വ്യക്തതയില്ല. രണ്ടു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തുന്നില്ല. കാരണം അവര്‍ക്ക് അംഗബലമില്ല. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത് നീതിയല്ല, സ്റ്റാലിന്‍ പറഞ്ഞു.

ആവശ്യമെങ്കില്‍, കേന്ദ്രത്തിന്റെ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയയെ ചോദ്യം ചെയ്യാന്‍ സമഗ്രമായ നിയമമാര്‍ഗ്ഗം നോക്കാന്‍ നിയമവിദഗ്ധരുടെ കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ തുടര്‍ച്ചയായ നടപടികള്‍ ആവശ്യമാണ്. പ്രാതിനിധ്യത്തില്‍ കുറവ് വരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഴിന കാര്യങ്ങളാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുത്. അതിനുവേണ്ടി ഭരണഘടനാ ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞു.

തലയ്ക്ക് മുകളില്‍ തൂങ്ങി കിടക്കുന്ന വാള്‍: പിണറായി വിജയന്‍

ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'നമ്മുടെയെല്ലാം തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനര്‍നിര്‍ണയം. വടക്കേ ഇന്ത്യയില്‍ മുന്‍തൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനര്‍നിര്‍ണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബിജെപി അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.' കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഒരു വശത്ത് ജനസംഖ്യാ വിസ്ഫോടനം ഫലപ്രദമായി നേരിട്ടതിന് കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ പ്രശംസിക്കുന്നു, മറുവശത്ത് നിങ്ങളുടെ ജനസംഖ്യ കുറവാണെന്ന് പറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കുന്നു. 1976-ലെ ജനസംഖ്യാ നിയന്ത്രണനയം മുഴുവന്‍ രാജ്യത്തിനും വേണ്ടിയായിരുന്നു, എന്നാല്‍ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമേ ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളൂ.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനെ കൂടാതെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., കേരള കോണ്‍ഗ്രസ് നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി എന്നിവരും യോഗത്തിനെത്തി. തൃണമൂല്‍, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല.

അതേസമയം, ഡി എം കെ. നാടകം കളിക്കുന്നു എന്നാരോപിച്ച് ബി ജെ പി കരിങ്കൊടി പ്രതിഷേധം നടത്തി. അഴിമതി അടക്കം ഭരണപരമായ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.