ഡ‍ൽഹി: മണിപ്പൂരിൽ ആക്രമണ സംഭവങ്ങൾ തുടർകഥയാകുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേകം യോ​ഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് അമിത് ഷായുടെ നേതൃത്വത്തിൽ യോ​ഗം ഇപ്പോൾ ചേരുന്നത്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെയും രാഷ്‌ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗ് രാജിവച്ചതിനെ തുടർന്നാണ് അടിയന്തരയോ​ഗം ചേരാൻ തീരുമാനം എടുത്തത്.

സംസ്ഥാനത്ത് ക്രമസമാധാനം കൊണ്ടുവരുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ യോ​ഗത്തിൽ ചർച്ചയാകും. നിലവിലുള്ള വെല്ലുവിളികളെയും പ്രതിരോധ നടപടികളെയും കേന്ദ്രീകരിച്ചായിരിക്കും യോ​ഗം നടത്തുക എന്ന് അറിയിച്ചു. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത യോ​ഗം വിലയിരുത്തും.

കഴിഞ്ഞ വർഷം നവംബറിലും മണിപ്പൂരിലെ നിലവിലെ സുരക്ഷാ സ്ഥിതി വിലയിരുത്തുന്നതിനായി ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ ഉന്നതതല അവലോകന യോഗം വിളിച്ചിരുന്നു. യോ​ഗത്തിൽ ക്രമസമാധാനം നിലനിർത്താൻ കേന്ദ്ര സായുധ പൊലീസ് സേനകൾക്കും സംസ്ഥാന പോലീസ് ഉദ്യോ​ഗസ്ഥർക്കും അമിത് ഷാ നിർ​ദേശം നൽകിയിരുന്നു.