ന്യൂഡല്‍ഹി: 104 ഇന്ത്യാക്കാരെ അമേരിക്കയില്‍ നിന്ന് വിലങ്ങ് വച്ച് നാടുകടത്തിയ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് എതിരെ വാളെടുത്തതിന് പിന്നാലെ പ്ര്യതാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിനെയാണ് മോദി തന്റെ പ്രസംഗത്തില്‍ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് ഒരിക്കലും ഭരണഘടനയെ ആദരവോടെ കണ്ടിട്ടില്ലെന്നും, എല്ലാവര്‍ക്കും വികസനം എത്തണമെന്ന് ( സബ്കാ സാത്ത് സബ്കാ വികാസ്) ആ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയെന്നും മോദി കുറ്റപ്പെടുത്തി.

' കോണ്‍ഗ്രസില്‍ നിന്ന് സബ്കാ സാത്ത് സബ്കാ വികാസ് പ്രതീക്ഷിക്കുന്നത് വലിയ മണ്ടത്തരമാണ്. അത് അവരുടെ ചിന്തകള്‍ക്ക് അപ്പുറമാണ്. ഒരു കുടുംബത്തെ മാത്രം സേവിക്കുന്ന പാര്‍ട്ടിയുടെ വഴിക്ക് ചേരുന്നതല്ല അത്. ഞങ്ങളുടെ വികസന മോഡലിനെ ജനങ്ങള്‍ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. രാജ്യം ആദ്യം എന്നതാണ് ഞങ്ങളുടെ മാതൃക. മറ്റുപിന്നോക്ക വിഭാഗക്കാരുടെയും, സ്ത്രീകളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ബിജെപിയുടേത്.

അംബേദ്കറിനോട് ഒരുകാലത്ത് കോണ്‍ഗ്രസിന് വെറുപ്പായിരുന്നു. അദ്ദേഹത്തെ പരാജയപ്പെടുത്താനും ഗൂഢാലോചന നടത്തി. പക്ഷേ ഇപ്പോള്‍ കോണ്‍ഗ്രസ് ജയ് ഭീം എന്നുപറയാന്‍ നിര്‍ബ്ബന്ധിതമായി, മോദി പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലായിടത്തും പ്രീണനരാഷ്ട്രീയമായിരുന്നു. അതായിരുന്നു അവര്‍ രാഷ്ട്രീയം കൈകാര്യം ചെയ്്തിരുന്ന രീതി.

2014 ന് ശേഷം ഇന്ത്യയ്ക്ക് ഒരുബദല്‍ ഭരണ സംവിധാനം ലഭിച്ചു. ഈ മാതൃക പ്രീണനത്തിലല്ല, ജനങ്ങളുടെ സംതൃപ്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.

ഇപ്പോള്‍, ജാതിയുടെ പേരില്‍ സമൂഹത്തില്‍ വിഷം പടര്‍ത്താനാണ് ശ്രമം നടക്കുന്നത്. പല വര്‍ഷങ്ങളായി എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള ഒബിസി എംപിമാര്‍ ഒബിസി പാനലിന് ഭരണഘടനാ പദവി ആവശ്യപ്പെട്ടുവരികയായിരുന്നു. കോണ്‍ഗ്രസ് ആ ആവശ്യം തങ്ങളുടെ രാഷ്ട്രീയത്തിന് യോജിക്കാത്തതിനാല്‍ തള്ളിക്കളഞ്ഞു. പക്ഷേ ഞങ്ങളാണ് ആ ആവശ്യം നടപ്പാക്കിയത്, മോദി പറഞ്ഞു.