ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുംഭമേളയ്ക്കിടെ മുപ്പത് പേര്‍ മരിക്കുകയും അറുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ നിസാരവത്കരിച്ച് ബിജെപി എം പി ഹേമ മാലിനി. ജനുവരി 29 ന് നടന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്നായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം. കുംഭമേളയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രതിപക്ഷം വിഷയം പര്‍വതീകരിച്ച് കാണിക്കുകയാണെന്നും ഹേമ മാലിനി പരിഹസിച്ചു.

കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. ഹേമ മാലിനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

വ്യാജപ്രചാരണം നടത്തുന്നതാണ് അദ്ദേഹത്തിന്റെ പ്രധാനപണിയെന്ന് അഖിലേഷ് യാദവിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ഹേമ മാലിനി പറഞ്ഞു. കുംഭമേളയ്ക്ക് തങ്ങള്‍ പോയിരുന്നു. സ്നാനം നടത്തി. അവിടെ എല്ലാ ഒരുക്കങ്ങളും മികച്ച രീതിയില്‍ നടത്തിയിട്ടുണ്ട്. അവിടെ തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ മരിച്ചു എന്നത് ശരിയാണ്. എന്നാല്‍ അത് അത്രവലിയ സംഭവമൊന്നുമല്ല. ഒരുപാട് പേര്‍ അവിടെ വരുന്നുണ്ട്. ആളുകളെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്നും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.

ഹേമ മാലിനിയുടെ പരാമര്‍ശം അപമാനകരമാണെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു. ബിജെപി സര്‍ക്കാരിന്റെ കഴിവുകേട് കാരണം കുംഭമേളയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. അങ്ങേയറ്റം ദുഃകരമായ സംഭവത്തെ ബിജെപി എംപി ഹേമ മാലിനി നിസാരവത്ക്കരിച്ചു. സംഭവം നടന്ന അന്ന് മുതല്‍ എല്ലാം മൂടിവെയ്ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പോലും കൃത്യമായി വിവരം കൈമാറിയിട്ടില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ദുരന്തത്തേക്കുറിച്ച് ലോക്സഭയില്‍ പരാമര്‍ശിക്കുകയും യു.പി. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സമാജ്വാദി പാര്‍ട്ടി എം.പി. അഖിലേഷ് യാദവിനെ കടന്നാക്രമിച്ചായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം. തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്ന് ഹേമമാലിനി പരിഹസിച്ചു. ഞങ്ങളും കുംഭമേള സന്ദര്‍ശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അത് അത്ര വലുതായിരുന്നില്ല. സംഭവത്തെ പര്‍വതീകരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ യഥാര്‍ഥത്തിലുള്ള എണ്ണം ആദിത്യനാഥ് സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നു എന്നായിരുന്നു അഖിലേഷ് യാദവിന്റെ ആരോപണം. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു അഖിലേഷ് വിമര്‍ശനം ഉന്നയിച്ചത്. മഹാകുംഭമേളയുടെ നടത്തിപ്പിനേക്കുറിച്ച് വ്യക്തത നല്‍കാന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.