ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. കോൺഗ്രസ് ഭാരജ് ജോഡോ യാത്രയുമായി മുന്നോട്ടു പോകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കൊണ്ടാണ്. കോൺഗ്രസിന്റെ ഈ നീക്കത്തിന് പിന്നാലെ ബിജെപിയും രണ്ടും കൽപ്പിച്ചാണ് നീങ്ങുന്നത്. മിഷൻ 2024 ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി വിലുപമായി മുന്നൊരുക്കങ്ങളാണ് രാജ്യ വ്യാപകമായി നടത്തുന്നത്. എന്നാൽ, കേരളത്തിലെ കാര്യത്തിൽ മാത്രം എന്താകും അവസ്ഥയെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അമിത് ഷാ കേരളം സന്ദർശിച്ചപ്പോൾ നിഷ്പക്ഷമായ അഭിപ്രായം തേടാൻ വേണ്ടി മുതിർന്ന മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്‌ച്ച നടത്തിയരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റി നിർത്തിയായിരുന്നു അമിത്ഷാ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നത്.

ഇതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രഭാരിമാരെ മാറ്റിയിരിക്കുന്നത. കേരളത്തിൽ പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ബിജെപി കേരള ഘടകത്തിന്റെ പ്രഭാരി ചുമതല മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡോ. രാധാമോഹൻ അഗർവാളാണ് സഹപ്രഭാരി.

മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രകാശ് ജാവദേദ്ക്കറെ പ്രഭാരിയാക്കിയത് കേരളത്തിലെ പാർട്ടിക്ക് രക്ഷപെടാൻ ഇനിയെന്തെങ്കിലും വഴിയുണ്ടോ എന്നറിയാൻ വേണ്ടിയാണ്. അമിത്ഷായുടെ മനസ്സിലെ പ്ലാൻ ജാവദേക്കർ വഴി നടപ്പിലാക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹചുമതല നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും പ്രഖ്യാപിച്ചു.

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാനാണ് ബിജെപി നീക്കം. 2019ൽ നേരിയ ഭൂരിപക്ഷത്തിൽ തോറ്റ 140 മണ്ഡലങ്ങളിൽ ഇക്കുറി വിജയിക്കാൻ പ്രവർത്തന പദ്ധതി ആവിഷ്‌കരിക്കണമെന്ന് അമിത്ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി നേതൃത്വ യോഗം തീരുമാനമെടുത്തിരുന്നു. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടകയിലും ഗോവയിലും മാത്രമാണ് പാർട്ടിക്ക് അധികാരം ഉള്ളത്. തെലങ്കാനയിലും തമിഴ്‌നാട്ടിലും കേരളത്തിലും സ്വാധീനം വർധിപ്പിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം.

അതേസമയം, കേരളത്തിൽ ക്രിസ്ത്യൻ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് കേന്ദ്രമന്ത്രിമാർ നൽകിയ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. ഹിന്ദുവോട്ട് ഏകീകരണത്തിലും പാർട്ടി അമ്പേ പരാജയമാണെന്നാണ് വിലയിരുത്തൽ. ഇതിനുപിന്നാലെയാണ് മുതിർന്ന നേതാവിന് ചുമതല നൽകിയത്. ബിഹാർ, ഛത്തീസ്‌ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ഹരിയാനയുടെ പ്രഭാരി. മുരളീധർ റാവുവിനാണ് മദ്ധ്യപ്രദേശിന്റെ ചുമതല. പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെക്കും നൽകി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാർ. ഡോ. സംബിത് പത്രയ്ക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവർ, മുൻ കേന്ദ്രമന്ത്രിമാർ, നിലവിൽ കേന്ദ്രമന്ത്രിമാരായിട്ടുള്ളവവർ എന്നിവരെ ഉൾപ്പെടുത്തിയാണ് ചുമതല വീതംവെച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോകസഭാ മണ്ഡലങ്ങളിലേക്കായി മാത്രം 16 കേന്ദ്രമന്ത്രിമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിന്റെ ചുമതല ജാവ്ദേക്കറിന് നൽകിയപ്പോൾ വിജയ് രൂപാണിക്ക് പഞ്ചാബിന്റെയും ബിപ്ലബ് ദേബിന് ഹരിയാനയുടേയും ചുമതലയാണ് നൽകിയിരിക്കുന്നത്. അടുത്തിടെ സഖ്യസർക്കാരിൽ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറിൽ പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയേയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

2024-ന് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചിട്ടുള്ളവർ നിയമസഭാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന നിർദ്ദേശം. ബിഹാറിലെ മുൻ മന്ത്രി മംഗൽ പാണ്ഡേയ്ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. നിലവിൽ പാർട്ടിയിലോ സംസ്ഥാന സർക്കാരുകളിലോ ഭാഗമല്ലാത്ത നേതാക്കളെ ചുമതല ഏൽപ്പിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകൾ മുൻപും കൈകാര്യംചെയ്ത നേതാക്കളേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

നിലവിൽ ചുമതല വഹിച്ചിരുന്ന സംസ്ഥാനങ്ങളിൽ രാജസ്ഥാൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അരുൺ സിങ്, മുരളീധർ റാവു എന്നിവർ തുടരുകയും ചെയ്യും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത് സാംപിത് പത്രയ്ക്കാണ്. അടുത്ത 20 മാസത്തിനുള്ളിൽ തങ്ങൾക്ക് ചുമതല നൽകിയിരിക്കുന്ന സംസ്ഥാനങ്ങളിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദർശനം നടത്തി രാഷ്ട്രീയ യോഗങ്ങളിലും മണ്ഡലങ്ങളിലെ പ്രശ്നങ്ങളിലും ഇടപെടണമെന്നും നിർദേശമുണ്ട്. കേരളത്തിന്റെ കാര്യത്തിർ ഈ നീക്കങ്ങളൊക്കെ എത്രകണ്ട് വിജയകരമാകും എന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്.