ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നിഷേധിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സ്പീക്കര്‍. രാഹുല്‍ ഗാന്ധി മര്യാദയോടെയല്ല ലോക്‌സഭയില്‍ പെരുമാറുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് സ്പീക്കര്‍ ഉന്നയിച്ചത്. നേരത്തേയും അച്ഛനമ്മമാരും, സഹോദരങ്ങളുമൊക്കെ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയ്ക്കകത്ത് പെരുമാറിയിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു. രാഹുല്‍ സഭയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണമെന്നും സ്പീക്കര്‍ പ്രതികരിച്ചു.

അതേ സമയം രാഹുല്‍ ഗാന്ധിയെ ശകാരിച്ചതില്‍ പ്രതിഷേധിച്ച് 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ടു. രാഹുല്‍ ഗാന്ധിക്ക് വിശദീകരണത്തിന് സമയം നല്‍കിയില്ലെന്ന് എംപിമാര്‍ പറഞ്ഞു. എന്നാല്‍ തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നായിരുന്നു എംപിമാരോട് സ്പീക്കര്‍ ഓംബിര്‍ളയുടെ പ്രതികരണം. എന്തിനാണ് ശകാരിച്ചതെന്ന് മനസിലായില്ലെന്നും തനിക്ക് മറുപടി പറയാന്‍ അവസരം കിട്ടിയില്ലെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ലോക്‌സഭാ നടപടികള്‍ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്നും പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനുള്ള തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ അവഗണിക്കപ്പെടുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. എന്നാല്‍ അനുവദിച്ചില്ലെന്നും സഭ നടപടികള്‍ ചട്ടമനുസരിച്ചല്ല നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

''എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. പക്ഷേ അദ്ദേഹം (സ്പീക്കര്‍) ഓടിപ്പോയി. എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു. അദ്ദേഹം സഭ പിരിച്ചുവിട്ടു, അതിന്റെ ആവശ്യമില്ലായിരുന്നു'' രാഹുല്‍ ഗാന്ധി പറഞ്ഞു.

''ഞാന്‍ എഴുന്നേല്‍ക്കുമ്പോഴൊന്നും എനിക്ക് സംസാരിക്കാന്‍ അനുവാദമില്ല. ഞാന്‍ ഒരു വാക്കുപോലും പറഞ്ഞില്ല. ഏഴെട്ട് ദിവസമായി എന്നെ സംസാരിക്കാന്‍ സമ്മതിക്കുന്നില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് സ്ഥാനമില്ല. അന്ന് പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചു, എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അനുവാദം നല്‍കിയില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്''- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.