ന്യൂഡല്‍ഹി: ലേഖന വിവാദത്തിന് പിന്നാലെ ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. തരൂര്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തി. തിരുവനന്തപുരം എംപി, നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം വിജയമെന്ന് വാഴ്ത്തിയതും, സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വളര്‍ച്ചയെ പ്രശംസിച്ചതുമാണ് കല്ലുകടിയായത്.

തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. അതിനുപുറമേ പ്രതിപക്ഷ നേതാവ് അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിന്റെ നിലപാടിനെ ഖണ്ഡിച്ച് രംഗത്തെത്തി. തരൂരിന് താന്‍ നല്ല ഉപദേശം നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാമായിട്ടും തരൂര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് രാഹുല്‍ ഗാന്ധി തരൂരിനെ വിളിപ്പിച്ചത്.

്‌രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും തരൂരും തമ്മിലായിരിക്കും കൂടിക്കാഴ്ച. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തരൂരിന്റെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച എന്നാണ് സൂചന.

അതിനിടെ, ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുളള യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നീക്കത്തിന് കെപിസിസി വിലക്കേര്‍പ്പെടുത്തി. രാവിലെ തരൂരിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഹെഡ് പോസ്റ്റോഫീസ് പരിസരത്തെത്താന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

സിപിഐഎം നരഭോജികള്‍ എന്നെഴുതിയ പോസ്റ്ററും തയ്യാറാക്കിയിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ വിളിച്ച് പരിപാടി മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പരിപാടി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തിരുവനന്തപുരത്തിന്റെ ചുമതലയുള്ള അബിന്‍ വര്‍ക്കിക്കും കെപിസിസി നിര്‍ദേശം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ നിലപാട് ഇനിയെടുത്താല്‍ പരസ്യ പ്രതിഷേധമുണ്ടാകുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അതേസമയം തരൂരിന്റെ ഓഫീസിന് മുന്നില്‍ കെ എസ് യുവിന്റെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'നരഭോജികള്‍ നരഭോജികള്‍ തന്നെയാണ്, ആര് അല്ലെന്ന് എത്ര തവണ പറഞ്ഞാലും ' എന്നാണ് പോസ്റ്ററിലെ വാചകം. ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കമ്മ്യൂണിസ്റ്റ് നരഭോജികള്‍ കൊന്നുതള്ളിയ തങ്ങളുടെ സഹോദരങ്ങളാണെന്നും പോസ്റ്ററില്‍ കുറിച്ചിട്ടത്.

സിപിഐഎമ്മിനെ നരഭോജി എന്ന് വിശേഷിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പിന്‍വലിച്ചിരുന്നു. 'സിപിഐഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ ദിനം' എന്ന കുറിപ്പും ഒപ്പം ഇരുവരുടേയും ചിത്രങ്ങളുമുള്ള കാര്‍ഡും പങ്കുവെച്ചായിരുന്നു തരൂര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് തരൂര്‍ പോസ്റ്റ് മുക്കിയത്.