- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സഹായിച്ചത് 100-ല്‍ അധികം രാജ്യങ്ങളെ; ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അത്; വാക്സിന്‍ നയതന്ത്രത്തില്‍ മോദി സര്‍ക്കാരിനെ വാഴ്ത്തി ശശി തരൂര്‍; പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനം മാറ്റം ഉണ്ടായി; തരൂരിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖറും
ഇന്ത്യ സഹായിച്ചത് 100-ല്‍ അധികം രാജ്യങ്ങളെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി ശശി തരൂരിന്റെ മോദി പ്രശംസ. നയതന്ത്ര വിഷയത്തിലാണ് തരൂര്‍വീണ്ടും മോദിയെ പുകഴ്ത്തി രംഗത്തുവന്നത്. പുതിയൊരു ലേഖനത്തിലാണ് കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ തരൂര്‍ പുകഴ്ത്തിയത്. വാക്സിന്‍ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നുവെന്ന് തരൂര്‍ പറഞ്ഞു. കോവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്സിന്‍ നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ 'വാക്സിന്‍ മൈത്രി' സംരംഭത്തെ പുകഴ്ത്തി ദി വീക്കില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ശശി തരൂര്‍. 2020-21 കാലത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ അന്താരാഷ്ട്ര നീക്കങ്ങളെയാണ് തരൂര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.
കോവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭമാണ് വാക്സിന്‍ മൈത്രി. ഇതിന്റെ ഭാഗമായി 2021 ജനുവരി 20 മുതല്‍ ഇന്ത്യ വാക്സിന്‍ വിതരണം ആരംഭിച്ചു. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ നിര്‍മിച്ച് നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്ന് തരൂര്‍ പറഞ്ഞു.
വസുധൈവ കുടുംബകം എന്ന തത്വത്തില്‍ വേരൂന്നിയ ആഗോള ഐക്യദാര്‍ഢ്യത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയെന്നും. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. കേവലം വാക്സിന്‍ നല്‍കുക മാത്രമല്ല, നേപ്പാള്‍, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ സൈനിക ഡോക്ടര്‍മാരെ അയയ്ക്കുകയും, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുടനീളമുള്ള ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുകയും ചെയതു. ഇതുവഴി ഇന്ത്യക്ക് ദീര്‍ഘകാല അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറ പാകാന്‍ സാധിച്ചതിനൊപ്പം അടിയന്തിര ആരോഗ്യ ആശങ്കകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും തരൂര്‍ പറയുന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രിയെ പ്രശംസിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍. അതേസമയം തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. തരൂരിനും പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനം മാറ്റം ഉണ്ടായെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. റഷ്യ യുക്രെയിന്‍ യുദ്ധത്തിലെ ഇന്ത്യന്‍ നിലപാട് ഉചിതമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ സമ്മതിച്ചിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കുന്നു എന്ന സത്യം കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചു.
തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പുനെവാലെ പ്രതികരിച്ചു. ഇതിന് മുമ്പും ബിജെപി അനുകൂല പ്രസ്താവനയുടെ പേരില്‍ തരൂര്‍ വിവാദത്തിലായിരുന്നു.
പാര്‍ട്ടിയെ വെട്ടിലാക്കിയ സിഡബ്ല്യുസി അംഗവും എംപിയുമായ ശശി തരൂരിന്റെ മോദി പ്രശംസ അവഗണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. നടപടിക്ക് സമ്മര്‍ദ്ദം ഉണ്ടെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളില്‍ പ്രതികരിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞമാസം അവസാനം ഹൈക്കമാന്‍ഡ് വിളിച്ച നേതൃയോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായി തരൂര്‍ മുന്നോട്ടു പോകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്.
ഡല്‍ഹിയില്‍ റെയ്‌സിന ഡയലോഗില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശശി തരൂര്‍ പ്രധാനമന്ത്രിയെയും എന്‍ഡിഎ സര്‍ക്കാരിന്റെ വിദേശ നയത്തേയും പുകഴ്ത്തി സംസാരിച്ചത്. റഷ്യക്കും യുക്രൈനും ഒരുപോലെ സ്വീകാര്യനായ പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്. ലോകത്ത് സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ കഴിയുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും തരൂര്‍ പറഞ്ഞു. ഇത് വിവാദമായതിന് പിന്നാലെ വിവാദം എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയത്തില്‍ ബിജെപിയുമായി അഭിപ്രായവ്യത്യാസമില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇനി പരസ്യമായും അല്ലാതെയും ഒന്നും പറയാനില്ലെന്നും തരൂര്‍ വിശദീകരിച്ചു.