ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ വലിയ അവകാശവാദവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്തെ 136 കോണ്‍ഗ്രസ് എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് ഡി.കെ അവകാശപ്പെട്ടു. ഇഖ്ബാല്‍ ഹുസൈന്‍ എംഎല്‍എയടക്കമുള്ള വിശ്വസ്തരുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഡി.കെ ശിവകുമാറിന്റെ മറുപടി.

80-90 എംഎല്‍എമാര്‍ ഡി.കെയെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ഇഖ്ബാല്‍ ഹുസൈന്റെ പ്രതികരണം. കസേര മാറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇതുവരെ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഡി.കെ ശിവകുമാര്‍ പരോക്ഷമായി ഒളിയമ്പെയ്തിരിക്കുന്നത്. ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ശക്തമായിരിക്കെയാണ് പുതിയ പ്രതികരണം.

'ഞങ്ങള്‍ 136 പേരും ഒന്നാണ്. ആര്‍ക്കും വിള്ളലുണ്ടാക്കാന്‍ കഴിയില്ല. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും അത് നടക്കില്ല,' ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികാര കൈമാറ്റ കരാര്‍ പ്രകാരം മുഖ്യമന്ത്രി പദം തനിക്ക് നല്‍കണമെന്ന സൂചന ശിവകുമാര്‍ പക്ഷം നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ സിദ്ധരാമയ്യ പദവി ഒഴിഞ്ഞുതരാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

അതേസമയം, ഭരണത്തില്‍ യാതൊരു അസ്ഥിരതയുമില്ലെന്ന് വ്യക്തമാക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നുണ്ടെങ്കിലും ബെംഗളൂരുവിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ശിവകുമാറിന്റെ പ്രസ്താവന സിദ്ധരാമയ്യ പക്ഷത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ഡി.കെ ശിവകുമാറിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടര വര്‍ഷം പൂര്‍ത്തിയായിട്ടും ഇതുസംബന്ധിച്ച് യാതൊരു ഉറപ്പും ലഭിക്കാത്ത സാഹചര്യത്തില്‍ തന്റെ അതൃപ്തിയും നീരസവും പലപ്പോഴായി അദ്ദേഹം പരസ്യമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടിലൊന്ന് അറിയാന്‍ ഉറപ്പിച്ചുള്ള ഡികെയുടെ പ്രതികരണം. ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച്ച നടത്തനായി ഡികെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് സൂചനകള്‍.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അസ്സമിന്റെ ചുമതല ഡി കെ ശിവകുമാറിനാണ്. അസമിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. അസമിലെ നേതാക്കളുയമാി ഡി കെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തും. ഇതിനിടെയാകും രാഹുലിനെ കാണാന്‍ ശ്രമിക്കുക. തന്റെ ആവശ്യം നിരാകരിക്കുന്നതില്‍ ഡികെ കുറച്ചുകാലമായി അതൃപ്തിയിലാണ്.

എല്ലാത്തിനും കാലം മറുപടി നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം ശിവകുമാര്‍ പ്രതികരിച്ചത്. പാര്‍ട്ടി എന്ത് പറഞ്ഞാലും കേള്‍ക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി.കെ പറഞ്ഞിരുന്നു. 'ജനങ്ങള്‍ക്ക് സ്വപ്നങ്ങളുണ്ട്. എംഎല്‍എമാര്‍ക്ക് സ്വപ്നങ്ങളുണ്ട്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്വപ്നങ്ങളുണ്ട്. എന്തായാലും, പാര്‍ട്ടി പറയുന്നത് കേള്‍ക്കും'- അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിനുശേഷം അധികാരം പങ്കിടുമോ എന്ന ചോദിച്ചപ്പോള്‍, 'കാലം ഉത്തരം നല്‍കും' എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.

തന്റെ ഭാവി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു കസേര മാറ്റം സംബന്ധിച്ച് മുമ്പ് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചത്. രാഷ്ട്രീയത്തില്‍ തനിക്ക് നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേതൃമാറ്റത്തിനുള്ള ആവശ്യങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായി തുടരുമെന്നുമാണ് സിദ്ധരാമയ്യയുടെ മകനും കോണ്‍ഗ്രസ് എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നേരത്തെ സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിരുന്നു. ഹൈക്കമാന്‍ഡാണ് പാര്‍ട്ടി. ഹൈക്കമാന്‍ഡ് തീരുമാനം ഞങ്ങള്‍ പാലിക്കും. ഇപ്പോള്‍ ഞാനാണ് മുഖ്യമന്ത്രി. ഇനിയങ്ങോട്ടും ഞാന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി- എന്നാണ് കഴിഞ്ഞ ഡിസംബറില്‍ സിദ്ധരാമയ്യ പറഞ്ഞത്. രണ്ടര വര്‍ഷത്തിനുശേഷവും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ഒരു കരാറും ഉണ്ടായിട്ടില്ലെന്നും അടുത്ത രണ്ടരവര്‍ഷം കൂടി താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 20നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയത്. അന്നു മുതല്‍, സിദ്ധരാമയ്യയ്ക്ക് പകരം ശിവകുമാര്‍ മുഖ്യമന്ത്രിയാകുമോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും ശക്തമായി. എന്നാല്‍, തീരുമാനം അനിശ്ചിതമായി നീളുകയാണ്.