ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂട് പിടിക്കുമ്പോള്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ഡിഎംകെയുടെ തണലില്‍ നിന്നിരുന്ന കോണ്‍ഗ്രസ്, ഇപ്പോള്‍ പുതിയ വഴികള്‍ തേടുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (TVK) കോണ്‍ഗ്രസിനെ തങ്ങളുടെ 'സ്വാഭാവിക സഖ്യകക്ഷി' എന്ന് വിളിച്ചതോടെ തമിഴ് രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.

ഡിഎംകെ സഖ്യത്തില്‍ തങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന പരാതി കോണ്‍ഗ്രസിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ 32 സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഡിഎംകെ 32 സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് തങ്ങളുടെ ആവശ്യം 38 സീറ്റുകളായി കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് വിജയിന്റെ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഗൗരവമായി ചിന്തിക്കുന്നത്.

മാണിക്കം ടാഗോറിന്റെ വെടിപൊട്ടിക്കല്‍

കേവലം സീറ്റുകള്‍ മാത്രമല്ല, വിജയിച്ചാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. എംപി മാണിക്കം ടാഗോര്‍ പരസ്യമായി തന്നെ ഇക്കാര്യം ഉന്നയിച്ചു കഴിഞ്ഞു. 'ഇനി വെറും സീറ്റ് വിഭജനം മാത്രമല്ല, ഭരണപങ്കാളിത്തവും ചര്‍ച്ച ചെയ്യേണ്ട സമയമാണ്' എന്ന ടാഗോറിന്റെ പ്രസ്താവന ഡിഎംകെയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ബിഹാറിലും ആന്ധ്രയിലും സഖ്യകക്ഷികള്‍ അധികാരം പങ്കിടുന്നത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തുന്നത്.

വിജയ് - രാഹുല്‍ സൗഹൃദം സഖ്യത്തിലേക്ക്?

വിജയിന്റെ വക്താവ് ഫെലിക്‌സ് ജെറാള്‍ഡ് നടത്തിയ വെളിപ്പെടുത്തലുകള്‍ കോണ്‍ഗ്രസ് അണികളില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. വിജയിയും രാഹുല്‍ ഗാന്ധിയും നല്ല സുഹൃത്തുക്കളാണെന്നും ഇവര്‍ തമ്മിലുള്ള സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് ടിവികെ വൃത്തങ്ങള്‍ പറയുന്നത്. 2026-ല്‍ തമിഴ്നാട്ടില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ വിജയ്‌ക്കൊപ്പം കോണ്‍ഗ്രസ് ചേരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

സഖ്യവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്ന് ടിവികെ നേതാവ് നിര്‍മ്മല്‍ കുമാര്‍ വ്യക്തമാക്കി. 'ഞങ്ങളുടെ നേതാവ് കൂടിയാലോചിച്ച് സഖ്യകക്ഷികളെ പ്രഖ്യാപിക്കും. അതിനുശേഷം നടപടികള്‍ സ്വീകരിക്കും. തിരഞ്ഞെടുപ്പിന് ഇനിയും ധാരാളം ദിവസങ്ങളുണ്ട്, ഏകദേശം രണ്ട് മാസത്തോളം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഎംകെയുടെ പ്രതിരോധം

കൂട്ടുഭരണം എന്ന സങ്കല്പം തമിഴ്നാടിന് അന്യമാണെന്നാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്. 2006-ല്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഡിഎംകെ ഒറ്റയ്ക്ക് ഭരിച്ച ചരിത്രം അവര്‍ ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്തെ പതിവ് വിലപേശല്‍ തന്ത്രം മാത്രമാണെന്നാണ് സ്റ്റാലിന്റെ പാളയത്തിലെ വിലയിരുത്തല്‍.