തിരുനെൽവേലി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. തന്റെ സിനിമകൾക്കെതിരെ നടക്കുന്ന നീക്കങ്ങളും വ്യക്തിജീവിതത്തെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിജയ് തുറന്നടിച്ചു.

തന്റെ അവസാന ചിത്രമായ 'ജനനായകൻ' റിലീസ് തടയാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വിജയ് ആരോപിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതികരണം.

"അവർക്ക് ഒരു കാര്യം മാത്രമേ അറിയൂ, വിജയിനെ കുറ്റപ്പെടുത്തുക. ജനനായകൻ എന്ന സിനിമയെ തടയാൻ നോക്കി, അത് പരാജയപ്പെട്ടപ്പോൾ എനിക്കായി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഞാൻ പുറത്തിറങ്ങി ജനങ്ങളെ കാണരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ ജനങ്ങൾ എന്നോടൊപ്പമുണ്ട്, അതൊരു അത്ഭുതമാണ്."

കരൂർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയും വിജയ് രൂക്ഷമായി പ്രതികരിച്ചു. ഏത് പ്രതിസന്ധിയിലും ജനങ്ങൾ തനിക്കൊപ്പം നിൽക്കുന്നത് എതിരാളികളെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തന്റെ വിവാഹമോചനത്തെക്കുറിച്ചും നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകൾക്ക് വിജയ് മറുപടി നൽകി. തന്നെ വ്യക്തിപരമായി തളർത്താൻ കഴിയാതെ വന്നപ്പോഴാണ് പ്രിയപ്പെട്ടവരെ വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുൻപ് ഇത്തരം വാർത്തകൾ വരുന്നത് അവിചാരിതമല്ലെന്ന് വിജയ് ചൂണ്ടിക്കാട്ടി. തന്റെ സ്വകാര്യ ജീവിതത്തെ ലക്ഷ്യം വെച്ച് നടത്തുന്ന അപവാദങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

"എന്നെ എത്രയധികം പരീക്ഷിച്ചാലും വേദനിപ്പിച്ചാലും, ജനങ്ങളിൽ നിന്ന് എന്നെ വേർപെടുത്താൻ നിങ്ങൾക്ക് കഴിയില്ല," എന്ന വിജയിന്റെ വാക്കുകൾ വലിയ കൈയടികളോടെയാണ് അണികൾ സ്വീകരിച്ചത്.

തിരുനെൽവേലിയിലെ റാലിയിൽ വിജയ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെറുമൊരു സിനിമാ താരം എന്നതിനപ്പുറം, തന്റെ പാർട്ടിക്കെതിരെ ഉയരുന്ന വെല്ലുവിളികളെ നേരിടാൻ താൻ സജ്ജനാണെന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്.

എടപ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയ വിവാദവും പത്രിക തള്ളപ്പെട്ടതും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ, തിരുനെൽവേലിയിലെ ഈ ജനമുന്നേറ്റം വിജയിനും ടിവികെ പ്രവർത്തകർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിൽ തമിഴ് മക്കൾ തനിക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദളപതി.

അതേസമയം, എടപ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ദളപതിയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ അതൃപ്തി വിജയയിയെ പ്രതിരോധത്തിലാക്കി. ജനനായകൻ എന്ന പ്രതിച്ഛായയോടെ രാഷ്ട്രീയത്തിലിറങ്ങിയ വിജയയിക്ക് ആരും പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രമെഴുതാൻ സിനിമാ ലോകത്തുനിന്നും ജനനായകനായി കടന്നുവന്ന വിജയിയുടെ തമിഴക വെട്രി കഴകം (TVK) നേരിടുന്നത് അപ്രതീക്ഷിതവും കനത്തതുമായ തിരിച്ചടികൾ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, സേലം ജില്ലയിലെ അതിനിർണ്ണായകമായ എടപ്പാടി മണ്ഡലത്തിൽ പാർട്ടിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പത്രിക തള്ളപ്പെട്ടതും അതിന് പിന്നാലെ സ്ഥാനാർത്ഥിയെ കാണാതായതും വിജയയിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് വലിയൊരു കറുത്ത പാടായി മാറിയിരിക്കുകയാണ്.

മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമിയുടെ കോട്ടയായ എടപ്പാടിയിൽ അദ്ദേഹത്തിനെതിരെ കരുത്തനായ ഒരു സ്ഥാനാർത്ഥിയെ ഇറക്കി കരുത്ത് തെളിയിക്കാനായിരുന്നു വിജയിന്റെ നീക്കം. ഇതിനായി അരുൺകുമാറിനെയാണ് പാർട്ടി നിയോഗിച്ചത്. എന്നാൽ, നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന വേളയിൽ അരുൺകുമാറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു.

ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലാത്തതിനാൽ (പുതിയ പാർട്ടി എന്ന നിലയിൽ), സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് സമാനമായി പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നാണ് ചട്ടം. എന്നാൽ അരുൺകുമാറിന്റെ പത്രികയിൽ എട്ട് പേരുടെ ഒപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഗുരുതരമായ സാങ്കേതിക പിശക് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക നിരസിച്ചത്. ഇതിന് പിന്നാലെ പാർട്ടി നിർദ്ദേശിച്ച ഡമ്മി സ്ഥാനാർത്ഥി നിത്യയുടെ പത്രികയും സമാനമായ കാരണത്താൽ തള്ളപ്പെട്ടു. ഇതോടെ എടപ്പാടി മണ്ഡലത്തിൽ ടിവികെയ്ക്ക് ഔദ്യോഗിക പ്രതിനിധി ഇല്ലാത്ത സ്ഥിതിയായി.

പത്രിക തള്ളപ്പെട്ടതിനേക്കാൾ പാർട്ടിയെയും അണികളെയും ഒരുപോലെ ഞെട്ടിച്ചത് സ്ഥാനാർത്ഥി അരുൺകുമാറിന്റെ തിരോധാനമാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന സമയത്ത് അരുൺകുമാർ വരണാധികാരിയുടെ ഓഫീസിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം അവിടെ എത്തിയില്ല എന്ന് മാത്രമല്ല, പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാൻ പോലും സാധിച്ചിട്ടില്ല.

അരുൺകുമാറിനെ ആരോ ബോധപൂർവ്വം തട്ടിക്കൊണ്ടുപോയതാണെന്നാണ് ടിവികെ പ്രവർത്തകരുടെ ആരോപണം. എടപ്പാടി പളനിസ്വാമിയെപ്പോലൊരു പ്രമുഖനെതിരെ മത്സരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ എതിരാളികൾ നടത്തിയ നീക്കമാണിതെന്ന് അണികൾ വിശ്വസിക്കുന്നു. ഇതിനെത്തുടർന്ന് മണ്ഡലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രവർത്തകർ തെരുവിലിറങ്ങുകയും പൊലീസിനെതിരെയും രാഷ്ട്രീയ എതിരാളികൾക്കെതിരെയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.