- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ 24 കുടുംബങ്ങളോട് നിങ്ങൾ മാപ്പ് പറഞ്ഞോ?; ഇപ്പോൾ തമിഴ്‌നാട്ടിലുള്ളത് സോറി മാ..സര്‍ക്കാര്‍..!; രാവിലെ പ്രതിഷേധ വേദിയിൽ കറുത്ത ഷർട്ടിട്ടെത്തിയ എതിരാളിയെ കണ്ട് ഡിഎംകെ വീണ്ടും പതറി; ശിവഗംഗ കസ്റ്റഡി മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ദളപതി വിജയ്; പ്രസംഗം കേൾക്കാൻ ആർത്തിരമ്പി ജനക്കൂട്ടം; എല്ലാം ശ്രദ്ധയോടെ ഉറ്റുനോക്കി സ്റ്റാലിൻ
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കാൻ ഒരുങ്ങുകയാണ്. നടന്റെ പാര്‍ട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) വിജയ്‌യെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയിരുന്നു. ഇപ്പോഴിതാ, തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ ചെന്നൈയിൽ വൻ പ്രതിഷേധവുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്ത് വന്നിരിക്കുകയാണ്. സ്റ്റാലിന്‍റേത് 'സോറി..മാ' സർക്കാർ ആണെന്ന് ടിവികെ അധ്യക്ഷൻ വിജയ് രൂക്ഷമായി പരിഹസിച്ചു. പോലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ കുടുംബങ്ങളും ടിവികെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തു.
സ്റ്റാലിൻ ഭരണത്തിലെ കസ്റ്റഡി മരണങ്ങൾ ചർച്ചയാക്കിയാണ് വലിയ പ്രതിഷേധ പരിപാടിയുമായി വിജയും ടിവികെയും തെരുവിലിറങ്ങിയത്. ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന് നീതി തേടിയാണ് പ്രതിഷേധ സംഗമം നടന്നത്. കറുത്ത ഷർട്ട് ധരിച്ചാണ് വിജയ് പ്രതിഷേധ വേദിയിൽ എത്തിയത്. ആ 24 കുടുംബങ്ങളോട് നിങ്ങൾ മാപ്പ് പറഞ്ഞോ? എന്നും ഇപ്പോൾ തമിഴ്‌നാട്ടിലുള്ളത് സോറി മാ..സര്‍ക്കാര്‍ എന്നും വിജയ് തുറന്നടിച്ചു.
മാപ്പ് വേണ്ട, നീതി മതി എന്നെഴുതിയ പ്ലാകാർഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്ക് ചേർന്നത്. സ്റ്റാലിനെതിരെ ചോദ്യങ്ങളുമായാണ് വിജയ് പ്രസംഗം തുടങ്ങിയത്. കസ്റ്റഡി മരണത്തിനിരയായ 24 കുടുംബങ്ങളോട് സ്റ്റാലിൻ മാപ്പു പറഞ്ഞോയെന്ന് വിജയ് ചോദിച്ചു. അജിത്തിന്‍റെ കുടുംബത്തിന് നൽകിയ സഹായം മറ്റുള്ളവർക്ക് നൽകിയോ? എത്ര പൊലീസ് അതിക്രമങ്ങൾ നിങ്ങളുടെ ഭരണത്തിൽ നടന്നു?.
ഇപ്പോഴുള്ളത് 'സോറി മാ സർക്കാർ ' ആണെന്ന് വിജയ് പരിഹസിച്ചു. എല്ലാവർക്കും നീതി ഉറപ്പാക്കാൻ ടിവികെ പൊരുതുമെന്നും വിജയ് പറഞ്ഞു. പ്രതിഷേധത്തിനായി ചെന്നൈയക്ക് പുറത്തുള്ള ജില്ലകയിൽ നിന്നെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതും ഡിഎംകെയ്‌ക്കെതിർ ടിവികെ ആയുധമാക്കുകയും ചെയ്തു.
അതേസമയം, തമിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമായി. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡിഎംകെയെ പ്രതിരോധത്തിലാക്കുകയാണ് പൊലീസ് വീഴ്ചകൾ.
എഐഎഡിഎംകെ ഭരണ കാലത്തെ സാത്താൻകുളം കസ്റ്റഡി കൊലയും തൂത്തുക്കുടി വെടിവയ്പ്പും പോലുള്ള പൊലീസ് അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന വാക്ക് നൽകിയാണ് 2021ൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തിയത്. എന്നാൽ മൂന്ന് വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത് 25 പേർക്ക്. ഗുണ്ടാ ആക്രമണങ്ങളും ദളിത് പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പതിവ് സംഭവങ്ങൾ. അംബാസമുദ്രത്ത് കസ്റ്റഡിയിലെടുത്ത കുറ്റാരോപിതരുടെ പല്ല് പിഴുതെടുത്ത യുവ ഐപിഎസ് ഉദ്യോഗസ്ഥന് ലഭിക്കുന്ന സംരക്ഷണം ദേശീയ തലത്തിൽ വരെ ചർച്ചയായെങ്കിലും സ്റ്റാലിൻ അനങ്ങിയില്ല.
കഴിഞ്ഞ വർഷം മാത്രം പൊലീസ് കസ്റ്റഡിയിലിക്കെ കയ്യോ കാലോ ഒടിഞ്ഞ നിലയിൽ 300ലേറെ പേരാണ് ചെന്നൈ പുഴൽ ജയിലിലെത്തിയത്. സ്റ്റേഷനിലെ ശുചിമുറിയിൽ തെന്നിവീണെന്നായിരുന്നു പൊലീസ് വിശദീകരണം.