- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ചിത്രം മുതൽ നിഴലായി കൂടെ നിന്നു; ഡ്രൈവറുടെ മകനെ സ്ഥാനാർത്ഥിയാക്കി വിജയ്; വിങ്ങിപ്പൊട്ടി ശബരീനാഥൻ, ചേർത്തുപിടിച്ച് താരം; ടിവികെ സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ അപ്രതീക്ഷിതവും വൈകാരികവുമായ നിമിഷങ്ങൾ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 234 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച വേദിയിൽ, വിജയ്‌യുടെ വിശ്വസ്തനായ സഹായിയുടെ മകൻ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്. വിജയ്‌യുടെ മുൻ ഡ്രൈവറും നിലവിലെ പിഎയുമായ രാജേന്ദ്രന്റെ മകൻ ശബരീനാഥനാണ് വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്.
ആദ്യ ചിത്രം മുതൽ വിജയ്‌ക്കൊപ്പമുള്ള നിഴലായിരുന്ന രാജേന്ദ്രനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ മകന് സീറ്റ് നൽകിക്കൊണ്ടാണ് താരം പ്രകടമാക്കിയത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വേദിയിലെത്തിയ ശബരീനാഥൻ വിജയ്‌യുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങുകയും പൊട്ടിക്കരഞ്ഞുകൊണ്ട് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. വിങ്ങിപ്പൊട്ടിയ ശബരീനാഥന്റെ കണ്ണീരൊപ്പിയ വിജയ് അവനെ ചേർത്തുപിടിച്ചു. ഈ കാഴ്ച കണ്ട് പിതാവ് രാജേന്ദ്രനും വികാരാധീനനായി.
വിജയ് മക്കൾ ഇയക്കത്തിന്റെ വിരുഗമ്പാക്കം ഭാരവാഹിയായിരുന്ന ശബരീനാഥനെ കഴിഞ്ഞ വർഷമാണ് ടിവികെ ജില്ലാ സെക്രട്ടറിയായി നിയമിച്ചത്. രാഷ്ട്രീയ പ്രവേശനം മുതൽ സാധാരണക്കാരായ പ്രവർത്തകർക്ക് മുൻഗണന നൽകുമെന്ന വിജയ്‌യുടെ പ്രഖ്യാപനം ശരിവെക്കുന്നതായിരുന്നു ഈ നീക്കം.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്. ചെന്നൈയിലെ പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് താരം ജനവിധി തേടുക. ഏപ്രിൽ 23-നാണ് സംസ്ഥാനത്തെ 234 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വിജയ് വേദിയിൽ പ്രഖ്യാപിച്ചു. സമ്പൂർണ്ണ ലഹരിമുക്ത തമിഴ്‌നാട് എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെ പഠിക്കുന്നവർക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വിദ്യാഭ്യാസ വായ്പ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ട്.


