- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയില്‍ അഭയം പ്രാപിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു; കുടുംബത്തിനും അടുപ്പക്കാര്‍ക്കും വേണ്ടി തമിഴ്‌നാടിന്റെ അഭിമാനം പണയംവെച്ചു; ഇരുകൂട്ടരും രഹസ്യ സഖ്യത്തില്‍; എംകെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്
ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയില്‍ അഭയം പ്രാപിച്ചു
ചെന്നൈ: തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കവേ തമിഴക രാഷ്ട്രീയത്തില്‍ കളം പിടിക്കാനുള്ള ശ്രമം സജീവമാക്കി നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ പാര്‍ട്ടി. ഭരണപ്പാര്‍ട്ടിയായ ഡിഎംകെയെ വിമര്‍ശിച്ചു കളം പിടിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചെങ്കിലും അതെല്ലാം അവഗണിച്ചു കൊണ്ട് മുന്നോട്ടുപോകുക എന്ന രാഷ്ട്രീയ തന്ത്രമാണ് എം കെ സ്റ്റാലിന്‍ പയറ്റുന്നത്. ഇതിനിടെ ഡിഎംകെ സര്‍ക്കാറിനെതിരെ ടാസ്മാക്ക് അഴിമതി ആരോപണം ഉയര്‍ന്നതോടെ ഇതും ഏറ്റുപിടിച്ചു കൊണ്ടാണ് വിജയ് രംഗത്തുവന്നത്. ഇതിനായി ഡല്‍ഹിയിലെത്തി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതും വിജയ് രാഷ്ട്രീയ ആയുധമാക്കി.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷന്‍ രംഗത്തുവന്നത്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയില്‍ അഭയംപ്രാപിച്ചു. ഡല്‍ഹി സന്ദര്‍ശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമര്‍ശിച്ചു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. കുടുംബത്തിനും അടുപ്പക്കാര്‍ക്കും വേണ്ടി തമിഴ്‌നാടിന്റെ അഭിമാനം പണയംവെച്ചു. ഇരുകൂട്ടരും രഹസ്യസഖ്യത്തിലെന്ന് വിജയ് പറഞ്ഞു. സ്റ്റാലിന്‍ ഡല്‍ഹിയിലെത്തിയത് നീതി ആയോഗ് യോഗത്തിനായായിരുന്നു. ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയോ(ഇഡി) ഡിഎംകെ ഭയക്കുന്നില്ലെന്നും ഏതൊരു നിയമനടപടിയ്ക്കും നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ മറുപടി നല്‍കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഡിഎംകെ തുടരുമെന്നും ഏതൊരു രാഷ്ട്രീയ സമ്മര്‍ദ്ദത്തെയും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ഇഡിയെയോ മോദിയെയോ ഭയക്കുന്നില്ല. കരുണാനിധി വളര്‍ത്തിയെടുത്ത ഡിഎംകെ പെരിയാറിന്റെ തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ്. എംകെ സ്റ്റാലിന്റെ ഡല്‍ഹിസന്ദര്‍ശനം തമിഴ്‌നാടിന് കേന്ദ്ര ഫണ്ടുകള്‍ നേടിയെടുക്കാനാണ് ലക്ഷ്യമിട്ടതെന്നും ഉദയനിധി പറഞ്ഞു.
അതിനിടെ വിജയുടെ പാര്‍ട്ടിയുടെ യുവജന നേതാവായിരുന്ന വൈഷ്ണവി പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നത് ടിവികെയ്ക്ക് തിരിച്ചടിയായിരുന്നു. കോയമ്പത്തൂരിലെ ഡിഎംകെ ഓഫീസില്‍വെച്ച് നടന്ന ചടങ്ങില്‍ വൈഷ്ണവി ഡിഎംകെ അംഗത്വം സ്വീകരിച്ചു. മുന്‍ മന്ത്രി സെന്തില്‍ ബാലാജി ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈഷ്ണവിയോടൊപ്പം നിരവധി യുവ ടിവികെ പ്രവര്‍ത്തകരും ഡിഎംകെയുടെ ഭാഗമായി.
യുവജനങ്ങളെയും സ്ത്രീകളെയും ടിവികെ പാര്‍ട്ടി സംവിധാനം അവഗണിക്കുകയാണെന്ന് വൈഷ്ണവി പറഞ്ഞു. യുവജന ശാക്തികരണത്തിന്റെ വേദിയാവുമെന്ന് കരുതിയ ടിവികെ ബിജെപിയുടെ മറ്റൊരു പകര്‍പ്പായി മാറിയെന്നും പറഞ്ഞു. വ്യക്തിപരമായ സമയം മാത്രമല്ല പണവും താന്‍ ടിവികെയ്ക്ക് വേണ്ടി ചെലവഴിച്ചു. പാര്‍ട്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയോളം ശേഖരിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ മുഖം തന്നതുപോലുമില്ലെന്നും വൈഷ്ണവി പറഞ്ഞു. നീ വെറുമൊരു പെണ്‍കുട്ടിയാണ്. നിനക്ക് രാഷ്ട്രീയത്തെ കുറിച്ച് എന്തറിയാം?. മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നതെന്നും വൈഷ്ണവി പറഞ്ഞു.
നേരത്തെ തമിഴ്നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു. ഇ.ഡിയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവും സുപ്രീം കോടതി നടത്തി. ഇ.ഡി. എല്ലാ പരിധികളും ഫെഡറല്‍ തത്വങ്ങളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ടാസ്മാക് മദ്യ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇ.ഡിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യംചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസ് 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, 2025-ലാണ് ഇഡി അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തിയെന്നും കോര്‍പ്പറേഷന്റെ എംഡിയും ഭാര്യയും ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തെന്നും കോര്‍പ്പറേഷനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ഫോണുകളിലെ വിശദശാംശങ്ങള്‍ ക്‌ളോണ്‍ ചെയ്ത് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയതായും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും റോത്തഗി വാദിച്ചു. തുടര്‍ന്നാണ് ഇഡിയ്‌ക്കെതിരേ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയത്. 1000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്.വി. രാജു സുപ്രീം കോടതിയെ അറിയിച്ചത്.