- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാ സഭയുടെ എതിര്‍പ്പും ക്ലിമിസ് ബാവയുടെ മുന്നറിയിപ്പും തള്ളി കോണ്‍ഗ്രസ്; വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ തുറന്നെതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍; മുനമ്പത്തെ പാവങ്ങളുടെ കണ്ണീരും കണ്ടില്ല; വഖഫ് ഭേദഗതി ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്; ബില്ലിനെ പിന്തുണച്ച് ടിഡിപി, ജെഡിയുവും
കത്തോലിക്കാ സഭയുടെ എതിര്‍പ്പും ക്ലിമിസ് ബാവയുടെ മുന്നറിയിപ്പും തള്ളി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വഖഫ് ഭേദഗഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ത്ത് കോണ്‍ഗ്രസ്. കേരളത്തിലെ കത്തോലിക്കാ സഭയുടെ എതിര്‍പ്പും വിവിധ സഭാ നേതാക്കളുടെ മുന്നറിയിപ്പും തള്ളിയാണ് കോണ്‍ഗ്രസ് വഖഫ് ബില്ലിനെ പാര്‍ലമെന്റില്‍ തുറന്നെതിര്‍ത്തത്. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെ കോണ്‍ഗ്രസ് എംപിമാര്‍ എതിര്‍ത്തു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അടക്കമുള്ളവരാണ് ബില്ലിനെ എതിര്‍ത്തു കൊണ്ട് രംഗത്തുവന്നത്.
ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി ബില്ലിനെ ഒന്നിച്ചെതിര്‍ത്താന്‍ പ്രതിപക്ഷ-ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചാണ് കോണ്‍ഗ്രസും ബില്ലിനെ എതിര്‍ത്തത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ആദ്യം നിയോഗിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയി ആയിരുന്നു. വഖഫ് ഭേദഗതി ബില്ലിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗൗരവ് ഗൊഗോയി ആരോപിച്ചു.
'ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നു, ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു, ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു', എന്നായിരുന്നു ഗൊഗോയിയുടെ പ്രസംഗം. ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷായുടേയും കിരണ്‍ റിജിജുവിന്റേയും അവകാശവാദം ഗൊഗോയി തള്ളി. പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി പോലും അംഗീകരിക്കപ്പെട്ടില്ല. വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലും ജെപിസിയിലേക്ക് വിളിച്ചു. ഇന്ന് ഒരു സമുദായത്തിന്റെ വസ്തുക്കളെ ലക്ഷ്യം വെക്കുന്ന സര്‍ക്കാര്‍ നാളെ മറ്റുള്ളവര്‍ക്കെതിരെ തിരിയുമെന്നും ഗൊഗോയി ആരോപിച്ചു.
പിന്നീട് സംസാരിച്ച കെ സി വേണുഗോപാലും ബില്ലിനെ എതിര്‍ത്താണ് സംസാരിച്ചത്. കേരളത്തിലെ മുനമ്പം വിഷയം അടക്കം ഉന്നയിച്ചു കൊണ്ടായിരുന്നു കെ സി വേണുഗോപാലിന്റെ പ്രസംഗം. മുനമ്പത്തെ ജനങ്ങളെ പൂര്‍ണമായും പിന്തുണക്കുന്നു എന്നാണ് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്. സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബില്ലിലൂടെ ശ്രമമെന്ന് സിപിഎം എംപി കെ രാധാകൃഷ്ണനും പറഞ്ഞു.
അതേസമയം, എന്‍ഡിഎ ഘടകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. മുസ്ലിം- ന്യൂനപക്ഷ ക്ഷേമത്തോടുള്ള പ്രതിബദ്ധതമൂലമാണ് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുന്നതെന്ന് ടിഡിപി എംപി കൃഷ്ണ പ്രസാദ് തനേട്ടി സഭയില്‍ പറഞ്ഞു. പാര്‍ട്ടി രൂപവത്കരിച്ച കാലം മുതല്‍ ന്യൂനപക്ഷ ക്ഷേമം തങ്ങളുടെ പ്രഥമപരിഗണനയിലുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വഖഫ് ബില്‍ മുസ്ലിം വിരുദ്ധമല്ലെന്ന് ജെഡി(യു) നേതാവ് ലല്ലന്‍ സിങ് അഭിപ്രായപ്പെട്ടു. ബില്ലിനോട് എതിര്‍പ്പുന്നയിക്കുന്ന പ്രതിപക്ഷ കക്ഷികളെ ലല്ലന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്, അല്ലെങ്കില്‍ വഖഫിലൂടെ കൈവശംവെക്കുന്ന സ്വത്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്ന് ഭയക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വഖഫ് ഭേദഗതി ബില്ലില്‍ പാര്‍ലമെന്റ് തീരുമാനം എടുക്കാനിരിക്കെ കേരളത്തിലെ കോണ്‍ഗ്രസിനെ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാഴ്ത്തി കത്തോലിക്കാ സഭാ നേതൃത്വം രംഗത്തുവന്നിരുന്നു. 'കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മുനമ്പത്തെ ഭൂമി വിഷയം പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശം ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അത് പാര്‍ലമെന്റില്‍ ഉറക്കെ പറഞ്ഞ് നിലപാട് പ്രഖ്യാപിക്കട്ടെ,' എന്നാണ് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രതികരിച്ചത്.
'പാര്‍ലമെന്റില്‍ ബില്ല് വരുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ നിലപാട് സ്വീകരിക്കട്ടെ. മുനമ്പത്തെ ജനങ്ങളുടെ സുരക്ഷയെ കരുതി ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞത്. ഇത് കത്തോലിക്കരുടെ മാത്രം പ്രശ്‌നമല്ല മുനമ്പത്തെ മുഴുവന്‍ ജനങ്ങളുടെയും ആണ്,' അദ്ദേഹം പറഞ്ഞു. നേരത്തെ സമവായ ശ്രമങ്ങള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സിലിനെ (കെസിബിസി) സമീപിച്ചുവെങ്കിലും സഭ ഒരു ഉറപ്പും നല്‍കിയിട്ടില്ല.
'തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും സഭയുടെ ആശങ്കകള്‍ അടക്കം പരിഗണനയിലുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും, സമൂഹത്തില്‍ ധ്രുവീകരണമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതൃത്വം കര്‍ദിനാള്‍ ഉള്‍പ്പെടെ കെസിബിസി നേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിവ്. ബില്ലിലെ ഭരണഘടനാ വിരുദ്ധമായ ഭാഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ ബുധനാഴ്ച യോഗം ചേര്‍ന്ന ഇന്ത്യാ സഖ്യവും തിരുമാനിച്ചിരുന്നു.
രാവിലെ ചേര്‍ന്ന യുഡിഎഫ് എപിമാരുടെ യോഗവും വിഷയം ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിന് 14 എംപിമാരും കേരളാ കോണ്‍ഗ്രസിന് ഒരു എംപിയും ഉണ്ട്. മുസ്ലിംലീഗിന് രണ്ട്, ആര്‍എസ്പിക്ക് ഒന്ന് എന്നിങ്ങനെയാണ് സംസ്ഥാനത്തെ യുഡിഎഫ് എംപിമാരുടെ എണ്ണം. കത്തോലിക്കാ സഭയുടെ നിലപാട് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എത്തവണത്തെയും പോലെ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ ബില്ലിന് എതിരായ നിലപാടില്‍ രാഷ്ട്രീയമായ തിരിച്ചടിയും സഭാ വിശ്വാസികള്‍ക്കിടയില്‍ ഒറ്റപ്പെടാന്‍ സാധ്യതയും കോണ്‍ഗ്രസിനാണുള്ളത്.
അതേസമയം. നിര്‍ദിഷ്ട ബില്ലില്‍ മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ വ്യവസ്ഥ ഇല്ലെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ടല്ലോന്ന ചോദ്യത്തിന് 'അങ്ങനെയാണ് അവര്‍ കരുതുന്നതെങ്കില്‍ ആ നിലപാട് പരസ്യമായി പറയണ'മെന്ന് കര്‍ദിനാള്‍ പ്രതികരിച്ചു. ' കോണ്‍ഗ്രസും സിപിഎമ്മും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണല്ലോ. അവര്‍ ഒരുമിച്ച് തീരുമാനിക്കട്ടെ. മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ പോസിറ്റീവായ ഒരു കാര്യമെങ്കിലും ഉണ്ടെങ്കില്‍ അത് പറയട്ടെ. ഇനി അഥവാ ഇല്ലെങ്കില്‍ അതും പരസ്യമായി പറയട്ടെ. അക്കാര്യം ഞങ്ങള്‍ക്ക് ബോധ്യം വരണം ,' കര്‍ദിനാള്‍ വ്യക്തമാക്കി.