ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യാഴാഴ്ച ലോക്‌സഭയില്‍ അറിയിച്ചു. വിതരണ ശൃംഖലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ഡീസല്‍, പെട്രോള്‍ അല്ലെങ്കില്‍ മണ്ണെണ്ണ എന്നിവയ്ക്ക് ക്ഷാമമില്ല. അവയുടെ ലഭ്യത പൂര്‍ണ്ണമായും ഉറപ്പുനല്‍കുന്നു, രാജ്യത്തുടനീളമുള്ള വിതരണ ശൃംഖലകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു,'' മന്ത്രി പറഞ്ഞു. ഇന്ധന വിതരണ സാഹചര്യം സുസ്ഥിരമാണെന്നും രാജ്യത്തുടനീളമുള്ള ആവശ്യം നിറവേറ്റാന്‍ ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി കൂട്ടിച്ചേര്‍ത്തു.

എല്‍പിജി ഉത്പാദനം 28 % വര്‍ദ്ധിപ്പിച്ചു

എല്‍പിജി ഉല്‍പ്പാദനം 28% വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര വിതരണം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. 'കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍, റിഫൈനറി നിര്‍ദ്ദേശങ്ങളിലൂടെ എല്‍പിജി ഉല്‍പ്പാദനം 28% വര്‍ദ്ധിപ്പിച്ചു, കൂടുതല്‍ സംഭരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇന്ത്യയിലെ 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും അടുക്കളകളില്‍ യാതൊരുവിധ ക്ഷാമവും ഉണ്ടാകരുത് എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. ആഭ്യന്തര വിതരണം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു, വിതരണ ക്രമത്തില്‍ മാറ്റങ്ങളൊന്നുമില്ല.'

ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) ഉപരോധിക്കപ്പെട്ട കാലയളവില്‍ അവിടെക്കൂടി ലഭിക്കുമായിരുന്നതിനേക്കാള്‍ കൂടുതല്‍ അളവ് എണ്ണ നിലവില്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

അദ്ദേഹം പറഞ്ഞു: 'ആധുനിക ഊര്‍ജ്ജ ചരിത്രത്തില്‍ ലോകം ഇതുവരെ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല... ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണ സാഹചര്യം സുരക്ഷിതമാണ്. ഹോര്‍മുസ് വഴി ലഭിക്കുമായിരുന്നതിനേക്കാള്‍ കൂടുതല്‍ അളവ് എണ്ണ ഇപ്പോള്‍ ലഭ്യമാണ്. പ്രതിസന്ധിക്ക് മുന്‍പ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 45% ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വന്നിരുന്നത്. പ്രധാനമന്ത്രിയുടെ മികച്ച നയതന്ത്ര ഇടപെടലുകള്‍ക്കും സൗഹൃദത്തിനും നന്ദി, തടസ്സപ്പെട്ട ഹോര്‍മുസ് കടലിടുക്കിലൂടെ ഇതേ കാലയളവില്‍ ലഭിക്കുമായിരുന്നതിനേക്കാള്‍ കൂടുതല്‍ അളവ് ക്രൂഡ് ഓയില്‍ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.'

ഏതെങ്കിലും ഒരു മേഖലയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ ഊര്‍ജ്ജ സ്രോതസ്സുകളില്‍ ഗണ്യമായ വൈവിധ്യവല്‍ക്കരണം കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. മുന്‍പ് ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 60% ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചായിരുന്നു. എന്നാല്‍ വിതരണ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശികമായ തടസ്സങ്ങള്‍ ബാധിക്കാതിരിക്കാനും സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കുമതി സ്രോതസ്സുകള്‍ വിപുലീകരിച്ചിട്ടുണ്ട്. ആഗോള ഊര്‍ജ്ജ വിതരണത്തിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ ഈ ഉറപ്പ് വരുന്നത്. നിലവിലെ സംഘര്‍ഷങ്ങള്‍ അസംസ്‌കൃത എണ്ണ വില വര്‍ധിപ്പിക്കാനും പല വിപണികളിലും ക്ഷാമമുണ്ടാകുമെന്ന ഭീതിക്കും കാരണമായിട്ടുണ്ട്.

എന്നിരുന്നാലും, ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖല ശക്തമാണെന്നും ഏത് സാഹചര്യവും നേരിടാന്‍ ആവശ്യമായ കരുതല്‍ ശേഖരവും വൈവിധ്യമാര്‍ന്ന ഇറക്കുമതി മാര്‍ഗങ്ങളും രാജ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഗോള ഊര്‍ജ്ജ സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തടസ്സമില്ലാത്ത ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അധികാരം പണയം വച്ചെന്ന് രാഹുല്‍ ഗാന്ധി

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അമേരിക്ക നല്‍കിയ ഇളവിനെക്കുറിച്ച് (waiver) ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അദ്ദേഹത്തിന്റെ പ്രസംഗം തടയുന്നതിന് മുന്‍പായി, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് നല്‍കിയെന്ന സമീപകാല പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു: 'ഏതൊരു രാജ്യത്തിന്റെയും അടിത്തറ അതിന്റെ ഊര്‍ജ്ജ സുരക്ഷയാണ്. നമ്മള്‍ ആരോടാണ് എണ്ണ വാങ്ങേണ്ടത്, ആരോടാണ് ഗ്യാസ് വാങ്ങേണ്ടത്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കാന്‍ അമേരിക്കയെ അനുവദിക്കുന്നത്... വിവിധ എണ്ണ വിതരണക്കാരുമായുള്ള നമ്മുടെ ബന്ധം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ആ അധികാരമാണ് പണയം വെക്കപ്പെട്ടിരിക്കുന്നത്.'

ചര്‍ച്ച്ക്കിടെ എപ്സ്റ്റീന്‍ മുദ്രാവാക്യവും

എന്നാല്‍, എല്‍പിജി പ്രതിസന്ധിയെക്കുറിച്ച് മന്ത്രി മറുപടി പറയുന്നതിനിടെ പ്രതിപക്ഷം 'എപ്സ്റ്റീന്‍, എപ്സ്റ്റീന്‍' (Epstein) എന്ന് മുദ്രാവാക്യം വിളിച്ചു.രാഹുല്‍ ഗാന്ധി ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ 'എപ്സ്റ്റീന്‍ ഫയലുകള്‍' (Epstein files) പരാമര്‍ശിച്ചതോടെ സഭയില്‍ വലിയ ബഹളമുണ്ടായി. എല്‍പിജി പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മഹുവ മൊയ്ത്ര, സയനി ഘോഷ്, പ്രതിമ മണ്ഡല്‍ എന്നിവരടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ പാത്രങ്ങള്‍ കൊട്ടി പ്രതിഷേധിച്ചു. പ്ലേറ്റുകളും ചീനച്ചട്ടികളും സ്പൂണുകളുമായാണ് അവര്‍ സഭയിലെത്തിയത്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം ഇതില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ബിജെപി എംപി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായ എല്‍പിജി ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാര്‍ക്ക് നല്‍കിയ ഉറപ്പിനോട് പ്രതികരിക്കവെ, പ്രധാനമന്ത്രി പറയുന്നത് ശരിയാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ സാഹചര്യം അങ്ങനെയല്ല കാണപ്പെടുന്നതെന്നും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധുര പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ഷാമം കാരണം ജനങ്ങള്‍ പ്രായോഗികമായി വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി