ന്യൂഡല്‍ഹി: ലോക്സഭയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ രാജ്യസഭയിലും രാഷ്ട്രീയ പോര് മുറുകുന്നു. കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ സിഖ് സമൂഹത്തോടുള്ള വിദ്വേഷമായി ചിത്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ആഞ്ഞടിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ മുദ്രാവാക്യം വിളികളും ഇറങ്ങിപ്പോക്കും നിറഞ്ഞ ഒരു ദിവസത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

വിവാദത്തിന്റെ തുടക്കം

ബുധനാഴ്ച പാര്‍ലമെന്റ് കവാടത്തില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും പാര്‍ലമെന്റിലെ മകര്‍ ദ്വാറിന് സമീപം പ്രതിഷേധിക്കുന്നതിനിടയിലാണ് സംഭവം.

മുന്‍ കോണ്‍ഗ്രസ് എംപി കൂടിയായ രവനീത് സിംഗ് ബിട്ടു പ്രതിഷേധക്കാര്‍ക്ക് അരികിലൂടെ നടന്നുപോകുമ്പോള്‍, 'ഇവര്‍ കാര്‍ഗില്‍ യുദ്ധം ജയിച്ചു വരികയാണെന്ന് തോന്നുന്നു' എന്ന് പരിഹസിച്ചു. ഇതിനോട് പ്രതികരിച്ച രാഹുല്‍ ഗാന്ധി, ബിട്ടുവിനെ ചൂണ്ടിക്കാട്ടി 'ഇതാ ഒരു വഞ്ചകന്‍ (Traitor) നടന്നുപോകുന്നു, അവന്റെ മുഖത്തേക്ക് നോക്കൂ...' എന്ന് പറഞ്ഞു. തുടര്‍ന്ന് കൈകൊടുക്കാന്‍ ശ്രമിച്ചുകൊണ്ട് 'ഹലോ സഹോദരാ, എന്റെ ദ്രോഹിയായ സുഹൃത്തേ.. വിഷമിക്കേണ്ട, നീ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരും' എന്നും രാഹുല്‍ പരിഹസിച്ചു. എന്നാല്‍ കൈകൊടുക്കാന്‍ വിസമ്മതിച്ച ബിട്ടു, 'രാജ്യത്തിന്റെ ശത്രു' എന്ന് രാഹുലിനെ തിരിച്ചുവിളിച്ചു. കാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

മോദിയുടെ പ്രത്യാക്രമണം

ലോക്സഭയില്‍ സംസാരിക്കാന്‍ കഴിയാതിരുന്ന പ്രധാനമന്ത്രി രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ബിട്ടു ഒരു സിഖുകാരന്‍ ആയതുകൊണ്ടാണ് രാഹുല്‍ ആ വാക്ക് ഉപയോഗിച്ചതെന്ന് മോദി ആരോപിച്ചു. ഇത് സിഖ് ഗുരുക്കന്മാരെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ കുടുംബത്തില്‍ നിന്നുള്ള ബിട്ടുവിനെ ദേശദ്രോഹി എന്ന് വിളിക്കാന്‍ രാഹുലിന് എങ്ങനെ ധൈര്യം വന്നുവെന്ന് മോദി ചോദിച്ചു. 'കോണ്‍ഗ്രസിന്റെ യുവരാജാവ് ഈ സഭയിലെ ഒരംഗത്തെ ദേശദ്രോഹി എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ അഹങ്കാരം അതിന്റെ ഉച്ചസ്ഥായിയിലാണ്. കോണ്‍ഗ്രസ് വിട്ടുപോയ മറ്റാരെയും അദ്ദേഹം ഇങ്ങനെ വിളിച്ചിട്ടില്ല. ബിട്ടു ഒരു സിഖുകാരന്‍ ആയതുകൊണ്ടാണ് അദ്ദേഹത്തെ ദേശദ്രോഹി എന്ന് വിളിച്ചത്. ഇത് സിഖുകാരെയും സിഖ് ഗുരുക്കന്മാരെയും അപമാനിക്കലാണ്. കോണ്‍ഗ്രസിന്റെ ഉള്ളിലെ സിഖ് വിദ്വേഷമാണ് ഇവിടെ പുറത്തുവന്നത്.'

ഏകദേശം ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസ് വികസനം തടസ്സപ്പെടുത്തുന്നുവെന്നും ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി

അതേസമയം, മുന്‍ കരസേനാ മേധാവിയുടെ പുസ്തക വിവാദത്തില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

രാഹുലിന്റെ മറുപടി

തന്റെ ചോദ്യങ്ങളെ പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും സത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം നുണകളെ കൂട്ടുപിടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.