- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് ബില്‍ ഇസ്ലാം വിരുദ്ധമല്ല; മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ട്; മത കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു അമുസ്ലീം പോലും ഉണ്ടാകില്ല; ലക്ഷ്യം അഴിമതി അവസാനിപ്പിക്കല്‍; ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി അമിത്ഷാ
വഖഫ് ബില്‍ ഇസ്ലാം വിരുദ്ധമല്ല
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ ഇസ്ലാം വിരുദ്ധമല്ലെന്ന് അമിത് ഷാ ലോക്സഭയില്‍. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടാണ് അമിത്ഷാ രംഗത്തുവന്നത്. അഴിമതി അവസാനിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.
വഖഫിന്റെ ജോലി മതപരമല്ല. വഖഫ് ബോര്‍ഡില്‍ കളവ് നടത്തുന്നവരെ ഒഴിവാക്കും. 2013 ലെ ഭേദഗതി ഉണ്ടായിരുന്നെങ്കില്‍ ഈ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ട്. മുസ്ലീം സഹോദരങ്ങള്‍ക്ക് നാല് വര്‍ഷം കൊണ്ട് മനസിലാകും ഈ ബില്ലിന്റെ വില. സര്‍ക്കാര്‍ ഭൂമി വഖഫാകില്ലെന്നും അമിത് ഷാ പറഞ്ഞു.
'അള്ളാഹുവിന്റെ പേരില്‍ സ്വത്ത് ദാനം ചെയ്യുന്നതിനെയാണ് വഖഫ് എന്ന് പറയുന്നത്. വഖഫ് ഒരു ചാരിറ്റിയാണ്. മറ്റൊരാളുടെ വസ്തുവകകള്‍ ദാനം ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ കയ്യിലുള്ളതാണ് നിങ്ങള്‍ ദാനം ചെയ്യുക. സര്‍ക്കാര്‍ ഭൂമി വഖഫാകില്ല. വഖഫ് ബില്‍ ഭരണഘടനാവിരുദ്ധമല്ല. ചിലര്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു അമുസ്ലീം പോലും ഉണ്ടാകില്ല,' അമിത് ഷാ പറഞ്ഞു.
എന്നാല്‍ വഖഫ് ബോര്‍ഡിലും വഖഫ് പരിഷത്തിലും മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. വഖഫില്‍ അനാവശ്യമായി കേന്ദ്രത്തിന് ഇടപെടേണ്ട ആവശ്യമില്ല. ന്യൂനപക്ഷങ്ങളെ പേടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അവരുടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് ഈ ശ്രമം. വഖഫിലേക്ക് മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉണ്ടാകില്ല. എന്നാല്‍ വഖഫ് പരിഷത്ത് വഖഫ് സ്വത്തുക്കള്‍ നടത്തിപ്പുകളടക്കമുള്ള കാര്യങ്ങളില്‍ വഖഫ് പരിഷത്ത് മേല്‍നോട്ടം വഹിക്കുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ തുടരുകയാണ്. ബില്ലിലൂടെ മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് സിപിഐഎം അംഗം കെ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. വഖഫ് ബില്ലിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിലാകുമെന്ന് സുരേഷ് ഗോപിയും മറുപടി നല്‍കി. ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നാണ് ലോക്‌സഭയില്‍ അമിത് ഷായുടെ പ്രതികരണം. വഖഫ് ബില്‍ മുസ്ലിം വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിങ്ങളുടെ വഖഫിലേക്ക് ഒരു അമുസ്ലിങ്ങളും വരില്ല. ഇസ്ലാമിക ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല അമുസ്ലിംങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്.ന്യൂനപക്ഷങ്ങളുടെ പൈസ കട്ടെടുക്കുന്നവരെ പിടികൂടാന്‍ കൂടിയാണ് പുതിയ ബില്ല്. ദാനംകിട്ടിയ ഭൂമിയാണ് വഖഫ്, ആ വസ്തുവകകളുടെ പരിപാലനത്തിനാണ് വഖഫ് ബോര്‍ഡ്. മുസ്ലിം സമുദായങ്ങളുടെ നേട്ടങ്ങള്‍ക്കായാണ് ഈ ബില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല, വഖഫ് ഭൂമികള്‍ നിയന്ത്രിക്കാന്‍ മാത്രമാണ് ബില്ലെന്നും ബില്‍ അവതരണം നടത്തി ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ അവതരണത്തില്‍ തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം, ബില്‍ സമൂഹത്തെ വിഭജിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി.
നിയമനിര്‍മാണത്തെ കേന്ദ്രം അട്ടിമറിക്കുന്നെന്ന് കെ സി വേണുഗോപാലും പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ജെപിസിയ്ക്ക് അധികാരമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. ഭേദഗതി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി നല്‍കി.
ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയും മുസ്ലിം സമൂഹത്തിന്റെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ആരോപിച്ചു. ബില്ലിനെ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ എതിര്‍ത്തു. എന്‍ഡിഎ കക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു.