- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ചു മാറ്റിയത് രക്ഷാപ്രവര്‍ത്തനമല്ലേ, എന്താ സംശയം? അത് എങ്ങനെ കുറ്റകരമാകും; പരാജയ കാരണം അതല്ലല്ല; ഇടിമുറിയില്‍ വളര്‍ന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐ
തിരുവനന്തപുരം: എസ്എഫ്‌ഐ ആക്രമണങ്ങളെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി എസ്.എഫ്‌ഐക്ക് പിന്തുണയുമായി രംഗത്തുവന്നത്. കെ.എസ്.യുവിന്റെ മുന്‍കാല ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിണറായി വിമര്‍ശനം ഉന്നയിച്ചത്. അതേസമയം നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐ മര്‍ദ്ദിച്ച സംഭവത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു അനുഭവം കെ.എസ്.യുവിന് പറയാനുണ്ടോ എന്നും നിയമസഭയില്‍ മുഖ്യമന്ത്രി ചോദിച്ചു. ഇടിമുറിയില്‍ കൂടി വളര്‍ന്നു വന്ന പ്രസ്താനമല്ല എസ്.എഫ്.ഐ. കെ.എസ്.യു നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളില്‍ നേരിട്ടുകൊണ്ടാണ് എസ്.എഫ്.ഐ. വളര്‍ന്നു വന്നത്. പടിപടിയായിട്ടാണ് എസ്എഫ്‌ഐയുടെ വളര്‍ച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്ടെന്ന് ഉണ്ടായതല്ല. എന്തെല്ലാം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. 35 പേര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു. അതിന്റെ രാഷ്ട്രീയ കാരണക്കാരില്‍ പലരും നിങ്ങളാണ്. നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് ആവശ്യമായിരിക്കാം. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ ന്യായീകരിക്കുന്നത് തങ്ങളുടെ പണിയല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വീഴ്ചകളുണ്ടാകും, വിദ്യാര്‍ഥി ജീവിതമാണ്. ആ പ്രായത്തില്‍ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് അതേ രീതിയിലുള്ള നടപടികളുമായി മുന്നോട്ടു പോകാവുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ. എന്നായിരുന്നു പ്രചാരണം. എന്നാല്‍ എസ്.എഫ്.ഐക്കാര്‍ ഓഫീസ് വിട്ടിറങ്ങിയ ഘട്ടത്തില്‍ ഗാന്ധി ചിത്രം അവിടെ ഉണ്ട്. അതിന് ശേഷം ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടു. ആരാണ് ഗാന്ധി ചിത്രം തകര്‍ത്തത്? അവിടെ ഉണ്ടായിരുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമായിരുന്നു. നാണംകെട്ടരീതിയില്‍ പിന്നെയും അതിനെ ന്യായീകരിക്കാന്‍ നോക്കുകയാണ്. ഗാന്ധി ചിത്രം തകര്‍ത്തത് ശരിയല്ല എന്ന് പറയാനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നാലെ പരിഹാസപൂര്‍വം എത്ര ചോദ്യങ്ങളായിരുന്നു ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട ആളുകള്‍ തന്നെ അല്ലേ കേസില്‍ പിടിയിലായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്തില്‍വെച്ച് തനിക്കെതിരേ ആക്രമണ ശ്രമം ഉണ്ടായപ്പോള്‍ എകെജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതിയും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
'രക്ഷാപ്രവര്‍ത്തനം' എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകള്‍ ചാടിവീണത് എന്തിനായിരുന്നു? ആ ഘട്ടത്തില്‍ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയില്‍ രക്ഷാപ്രവര്‍ത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാന്‍ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാന്‍ ബാധ്യസ്ഥനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാണാത്ത കാര്യം എങ്ങനെ പറയുമെന്നും ചോദിച്ചു.
വയനാട്ടിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്നും സി.ബി.ഐ. തന്നെ അത് ശരിവെച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് കോടതിയും യൂണിവേഴ്‌സിറ്റിയുമാണ്. അതില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.