ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ അനധികൃത ജൂത കുടിയേറ്റക്കാര്‍ സ്ഥാപിച്ച ചെക്‌പോസ്റ്റുകള്‍ ഒഴിപ്പിക്കുന്നതിനിടെ ഇസ്രായേല്‍ സുരക്ഷാസേനക്കേ നേരെ ആക്രമണം. സുരക്ഷാ സേനക്കും സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. സൈനിക വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറുകള്‍ക്കും നേരെ കുപ്പികളില്‍ പെട്രോള്‍ നിറച്ച് നിര്‍മിക്കുന്ന മൊളോടോവ് കോക്ടെയിലെറിഞ്ഞ് തീകൊളുത്തി. ഒഴിപ്പിക്കാനെത്തിയ ബുള്‍ഡോസറുകള്‍ തടയുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള അനധികൃത ഓസ് സിയോണ്‍ ഔട്ട്പോസ്റ്റിലാണ് സംഭവം. സുരക്ഷാ സേനയ്ക്കും സിവില്‍ അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നേരെ കുടിയേറ്റക്കാര്‍ മൊളോടോവ് കോക്ടെയില്‍ എറിഞ്ഞതായി ഇസ്രായേലി ആര്‍മി റേഡിയോ സ്ഥിരീകരിച്ചു. അനധികൃത ഔട്ട്പോസ്റ്റിന് സമീപം കാറുകള്‍ക്ക് നേരെയും കുടിയേറ്റക്കാര്‍ കല്ലെറിഞ്ഞു.

ഏകദേശം 13 വര്‍ഷം മുമ്പാണ് ഈ മേഖലയില്‍ ഫലസ്തീനികളുടെ സ്വകാര്യ ഭൂമി കൈയറി ഇസ്രായേലി കുടിയേറ്റക്കാര്‍ ആദ്യമായി താല്‍ക്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. നിരവധി തവണ പൊളിച്ചുമാറ്റിയെങ്കിലും ഇവര്‍ ഇത് പുനര്‍നിര്‍മിക്കുകയായിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളമുള്ള നിരവധി അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളിലും ഔട്ട്പോസ്റ്റുകളിലുമായി 6,000ലേറെ പുതിയ ഹൗസിങ് യൂനിറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച്ഇസ്രായേല്‍ ഉന്നത ആസൂത്രണ സമിതി യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.

അതിനിടെ ഇസ്രായേല്‍ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയിലെ രണ്ടാമത്തെ നഗരമായ ഖാന്‍ യൂനുസില്‍നിന്ന് പലായനം തുടരുകയാണ്. കഴിഞ്ഞ രാത്രിയും പകലുമായി നിരവധി തവണയാണ് ഖാന്‍ യൂനുസ് നഗരത്തിലും പുറത്തും ഇസ്രായേല്‍ ആക്രമണം നടത്തിയത്. എട്ടുപേര്‍ മരിക്കുകയും 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയിലെ യൂറോപ്യന്‍ ഗസ്സ ആശുപത്രിയില്‍ ചികിത്സയിലുള്ളവരും ജീവനക്കാരും ഒഴിഞ്ഞുപോയി. അഭയാര്‍ഥി ക്യാമ്പുകളും ഉപേക്ഷിക്കുകയാണ്.

ഇസ്രായേല്‍ സേന നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് ആളുകള്‍ കൂട്ടമായി പലായനം ചെയ്തത്. റഫ ആക്രമണത്തിന് ശേഷം ഒരു സുരക്ഷയുമില്ലാത്ത തകര്‍ന്ന കെട്ടിടങ്ങളിലാണ് ആളുകള്‍ കഴിഞ്ഞിരുന്നത്. ഇനി എവിടേക്ക് പോകുമെന്നാണ് ഫലസ്തീന്‍ അഭയാര്‍ഥികള്‍ ചോദിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്‍ ലൂയിസ് വാട്ടറിജ് പറഞ്ഞു.

തിങ്കളാഴ്ച ഇസ്രായേലിനെ ലക്ഷ്യംവെച്ച് ഖാന്‍ യൂനുസില്‍നിന്ന് തൊടുത്ത 20ഓളം മിസൈലുകള്‍ക്കുള്ള മറുപടിയാണ് സൈനിക നീക്കമെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.