- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തും
കോട്ടയം: തിരുവനന്തപുരം എം പി ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ അസ്വസ്ഥരായ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വിഭാഗീയത ആരോപിച്ചു തരൂരിനെതിരെ രംഗത്തുമ്പോൾ തരൂരിന് പിന്നിൽ അണിനിരന്ന് എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടിയുടെ ആശിർവാദങ്ങളോടെയാണ് തരൂരിന് പിന്നിൽ എ ഗ്രൂപ്പ് അണിനിരക്കുന്നത് എന്നാണ് സൂചനകൾ. ഇതുവരെ വി ഡി സതീശൻ- കെ സി വേണുഗോപാൽ കൂട്ടുകെട്ട് പാർട്ടിയെ നിയന്ത്രിക്കുമ്പോൾ മാറി നിന്ന് കളി കാണുകയായിരുന്നു എ ഗ്രൂപ്പ്. എന്നാൽ, ഇതിയങ്ങോട്ട് അങ്ങനെ ആയിരിക്കില്ലന്ന സൂചനയാണ് നൽകുന്നത്.
തരൂർ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇറങ്ങിയപ്പോൾ മുതൽ എല്ലാ പിന്തുണയുമായി രംഗത്തുണ്ടായിരുന്നത് എ ഗ്രൂപ്പ് നേതാക്കളായിരുന്നു. തമ്പാനൂർ രവി അടക്കമുള്ളവർ തരൂരിനായി പരസ്യമായി രംഗത്തിറങ്ങി. ടി സിദ്ധിഖാണ് തരൂരിന് നോമിനേഷൻ നൽകാൻ കോഴിക്കോട്ടു നിന്നും ആളുകളെ സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് തരൂർ അന്ന് പിന്തുണ തേടുകയും ചെയ്തിരുന്നു. സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ബലത്തിൽ കെ സി - വി ഡി കൂട്ടുകെട്ടാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പോലും പല കാര്യങ്ങളിലു സൈഡിലിരുത്തുന്നു.
ഈ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിലേക്ക് എൻട്രി നടത്തിയ തരൂരിനെ പിന്തുണക്കുക എന്ന തന്ത്രത്തിലേക്ക് എ ഗ്രൂപ്പും മാറുകയാണ്. സതീശനോടുള്ള അമർഷം അടക്കം ഇതിൽ പ്രകടമാണ്. കോൺഗ്രസിൽ വിലക്ക് വിവാദത്തിന് പിന്നാലെ ശശി തരൂർ എംപിക്ക് വേദി ഒരുക്കാൻ കോട്ടയത്തെ എ ഗ്രൂപ്പ് തയ്യാറാകുന്നതും പിന്തുണ പ്രഖ്യാപിക്കലാണ്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടിക്കായി ആദ്യം തയ്യാറാക്കിയ പ്രചാരണ പോസ്റ്ററിൽ നിന്ന് ആദ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. പിന്നീട് വാവാദമയോടെ സതീശന്റെ ചിത്രം ഉൾപ്പെടുത്തുകയും ്‌ചെയ്തു. പരിപാടിയിൽ ശശി തരൂർ എത്തുന്നത് ഉദ്ഘാടനായാണ്. ശശി തരൂരിന്റെ മലബാർ പര്യടനത്തോടെയാണ് കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുക്കുന്നത്. കോഴിക്കോട് യൂത്ത് കോൺഗ്രസ് നിശ്ചയിച്ചിരുന്ന സെമിനാർ നേതൃത്വം ഇടപെട്ട് മാറ്റിവെച്ചതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു. തരൂരിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
'വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ' എന്ന പ്രമേയത്തിലാണ് യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം. ഇതിന്റെ ഉദ്ഘാടകനായാണ് ശശി തരൂർ പങ്കെടുക്കുക. പരിപാടിയുടെ പ്രചാരണ പോസ്റ്ററിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, കെ. സുധാകരൻ തുടങ്ങിയവരുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യത്തെ പോസ്റ്റർ. ഇതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചിത്രം ഉണ്ടായിരുന്നില്ല. എന്നാൽ വിവാദമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റർ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം തരൂർ വിഷയം സംസ്ഥാനത്ത് കൂടുതൽ ചർച്ചയാകുമ്പോൾ തൽക്കാലം വിഷയത്തിൽ ഇടപെടാതിരിക്കാനാണ് എഐസിസി നേതൃത്വം ശ്രമിക്കുന്നത്. ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം എഐസിസി ഇടപെടില്ല. വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നും കെപിസിസി പ്രശ്‌നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല. അദ്ദേഹം കേരളത്തിൽ മലബാറിലെ ജില്ലകളിൽ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിക്ക് കാരണമായിരുന്നു. കോഴിക്കോട് നടന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസും കണ്ണൂരിലെ പരിപാടിയിൽ നിന്ന് ഡിസിസിയും വിട്ടുനിന്ന സംഭവം വൻ വിവാദമായത് പാർട്ടിക്ക് തന്നെ ക്ഷീണമായിരുന്നു.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പിൽ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് കത്തയച്ചിരുന്നു. വിഭാഗീയ പ്രവർത്തനമെന്നും ഗ്രൂപ്പിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടിയെ എതിർത്ത് ഇന്ന് കെ മുരളീധരനും രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാകട്ടെ വിവാദത്തിൽ പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ല. സംസ്ഥാനത്തെ പാർട്ടിക്കുള്ളിൽ വിഷയം വലിയ ചേരിതിരിവിന് കാരണമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ