പാലക്കാട്: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ്. പാര്‍ട്ടിയില്‍ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്ന് എ.കെ. ഷാനിബ് പറഞ്ഞു. ഇതിന് വി ഡി സതീശനാണ് എല്ലാ പിന്തുണയും നല്‍കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അവരുടെ പുറകെ പോകുന്നുവെന്നേയുള്ളുവെന്നും ഷാനിബ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി പോയശേഷം എ ഗ്രൂപ്പ് നാഥനില്ലാ കളരിയായിട്ടുണ്ടെന്നും ആ അവസരം മുതലാക്കി മറ്റുള്ളവരെ അടിച്ചൊതുക്കി പോകാനുള്ള ശ്രമമാണ് ഷാഫി പറമ്പില്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചിരുന്നില്ല. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍, ഇതില്‍ ചില ഗെയിം കളിച്ചിട്ട് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതിലൂടെ ഷാഫി പറമ്പില്‍-വി.ഡി. സതീശന്‍ നെക്സസ് രൂപപ്പെടുകയും അതിലൂടെ മുന്നോട്ട് പോകുകയുമാണ് ചെയ്യുന്നതെന്ന് ഷാനിബ് പറഞ്ഞു.

പാര്‍ട്ടിയില്‍ ഗ്രൂപ്പ് അല്ല ഫാന്‍സ് അസോസിയേഷനാണ് ഷാഫി ഉണ്ടാക്കികൊണ്ടിരിക്കുന്നതെന്നും അതാണ് പാര്‍ട്ടിയിലെ ഏറ്റവും കുഴപ്പമെന്നും ഷാനിബ് പറയുന്നു. അതേസമയം, എ.കെ.ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയും രൂപപ്പെട്ടിരിക്കുകയാണ്. പാലക്കാട് വിമതനായി മത്സരിക്കാനുള്ള ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ അടക്കം പിന്തുണയുമായി രംഗത്തുണ്ടെന്നും ഷാനിബ് അവകാശപ്പെട്ടു.

സരിനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും തത്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാനില്ലെന്നുമായിരുന്നു ഷാനിബിന്റെ ആദ്യ നിലപാട്. എന്നാല്‍, പാര്‍ട്ടിയിലെ മറ്റ് പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്ത് ചിലപ്പോള്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹം ഇപ്പോള്‍ നല്‍കുന്ന സൂചന. തീരുമാനം പിന്നാലെ അറിയിക്കുമെന്നും ഷാനിബ് ഉറപ്പുനല്‍കുന്നു.

ശനിയാഴ്ച പറഞ്ഞ കാര്യങ്ങള്‍ സരിന്‍ പറഞ്ഞതില്‍ നിന്നുള്ള ആവേശത്തില്‍ നിന്നുള്ളതല്ല. കുറച്ചുകാലമായി പറയാന്‍ ഉറപ്പിച്ചവയായിരുന്നു. ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില അപകടത്തിലാകുമെന്നാണ് ഷാനിബ് പറയുന്നത്. സിപിഎം തുടര്‍ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താനായി ഒരുങ്ങുന്നില്ലെന്നും പാലക്കാട്- വടകര-ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നുമായിരുന്നു ഷാനിബിന്റെ പ്രധാന ആരോപണം. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാഫി പറമ്പിലിനെതിരെയും ഷാനിബ് വാര്‍ത്തസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശന്‍ ആര്‍.എസ്.എസിന്റെ കാല് പിടിക്കുയാണെന്നും ഷാനിബ് ആരോപിച്ചു. ഡോ പി.സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നായിരുന്നു അദ്ദേഹം ശനിയാഴ്ച സ്വീകരിച്ച നിലപാട്. എന്നാല്‍, താന്‍ സ്വീകരിച്ച നയത്തിന് വലിയ പിന്തുണ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ സ്ഥാനാര്‍ഥി ആകുന്ന കാര്യം ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്നുമാണ് പുതിയ തീരുമാനമായി പറയുന്നത്.

മത്സരിക്കണമെന്ന ആവശ്യമാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അതുപോലെ മത്സരിച്ചാല്‍ ആരുടെ വോട്ടാകും പോകുകയെന്ന് ആശങ്കപെടുന്നവരുമുണ്ട്. ഈ രണ്ട് വിഭാഗങ്ങളോടും സംസാരിച്ച ശേഷമായിരിക്കും സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കൂവെന്നാണ് ഷാനിബ് പറയുന്നത്. മത്സരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഇതുവരെ പാര്‍ട്ടിവിട്ട് പുറത്തുവരാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും ഷാനിബ് ഉറപ്പിച്ച് പറയുന്നു.

ഒരുപാട് പ്രവര്‍ത്തകര്‍ തന്നെ വിളിക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈല്‍ ആക്കിയ ആള് വരെയുണ്ട് ആ കൂട്ടത്തില്‍ എന്നും ഇനിയും കുറെ പേര്‍ പുറത്ത് വരും എന്ന് ഷാനിബ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും മത്സരകാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ഷാനിബ് പറയുന്നു.

എ കെ ഷാനിബ് കൂടി മത്സര രംഗത്തേക്ക് എത്തുന്നതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായ എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്.