പാലക്കാട്: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് തുറന്ന കത്തുമായി മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. സിപിഎമ്മില്‍നിന്നും പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ത്തിയാണ് സുരേഷ് രംഗത്തുവന്നത്. മലമ്പുഴ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ എ. സുരേഷിനെ കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുുകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച സുരേഷ് തീരുമാനമൊന്നും എടുത്തില്ലെന്നാണു കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ് സിപിഎമ്മില്‍നിന്നും തന്നെ പുറത്താക്കിയ വിഷയത്തെ കുറിച്ച് ഫെയ്‌സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പോസ്റ്റിനൊപ്പം പാര്‍ട്ടിയില്‍നിന്നും തന്നെ പുറത്താക്കിയ കത്തിന്റെ ചിത്രവും സുരേഷ് ചേര്‍ത്തിട്ടുണ്ട്. സിപിഎമ്മില്‍നിന്നും പുറത്താക്കിയതു ശേഷം പിന്നീടുള്ള തന്റെ ജീവിതത്തെ കുറിച്ചും ജീവിതത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും സുരേഷ് വിവരിക്കുന്നു. പാര്‍ട്ടിയുടെ അംഗത്വം തിരികെ ലഭിക്കുന്നതിനുവേണ്ടി ഒട്ടേറെ തവണ നേതാക്കളെ കണ്ടെന്നും എന്നാല്‍ അനുകൂലമായ നടപടിയുണ്ടായില്ലെന്നും സുരേഷ് പറയുന്നു.

പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയെന്ന ആഗ്രഹം കാരണമാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നു പറയുന്ന സുരേഷ് തിരിച്ചെടുക്കാതിരുന്നതിനുള്ള കാരണം ചോദിച്ചുകൊണ്ടാണു കത്ത് അവസാനിപ്പിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നതിനോടു നേരിട്ടു പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ മുതല്‍ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല ഞാന്‍ അതൊക്കെ സ്വീകരിക്കാന്‍ തയാറാണെന്ന് ഫെയ്‌സ്ബുക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ എം.എ. ബേബി.

ജനറല്‍ സെക്രട്ടറി

സിപിഎം

സഖാവേ...

എന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് 2013 മേയ് 1213 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്... എന്നില്‍ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ താഴെ കൊടുത്തവയാണ്

1 പാര്‍ട്ടി കമ്മിറ്റികളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി.

2 സ വിഎസ്സിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു..

3 പാര്‍ട്ടി വിരുധ മാധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു..

തുടങ്ങിയ എഴോളം കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടത്. ഞാന്‍ വെറും ഒരു പാര്‍ട്ടി അംഗം മാത്രമാണ്.

ഉപരി കമ്മറ്റികളില്‍ നടക്കുന്ന കാര്യങ്ങള്‍ എനിക്ക് അപ്രാപ്യമാണ് എന്ന കാര്യം താങ്കള്‍ക്ക് അറിവുള്ളതാണല്ലോ...

മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പിഎ എന്ന നിലയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെടുക സ്വാഭാവികമാണ്..

എന്റേത് ഒരു പാര്‍ട്ടി കുടുംബമാണ് ഓര്‍മവെച്ച നാള്‍ മുതല്‍ വീട്ടില്‍ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങളും കണ്ടാണ് ഞാന്‍ വളര്‍ന്നത് ആ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന എന്നെ സംബന്ധിച്ച് പാര്‍ട്ടി എനിക്ക് ജീവവായുവാണ്...

പുറത്താക്കിയ നടപടിക്ക് ശേഷം ഞാന്‍ പാര്‍ട്ടി സെക്രട്ടറി സ കോടിയേരി ബാലകൃഷ്ണനെ സമീപിച്ച് അപ്പീല്‍ കൊടുത്തു. അദ്ദേഹം അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു (അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളില്‍ ഒരാളാണ് ഈയുള്ളവനും)

ജില്ലാ സെക്രട്ടറിയെ കാണാന്‍ ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ സെക്രട്ടറി സ സി.കെ. രാജേന്ദ്രനെ കണ്ടു. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോള്‍ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും നടക്കാതെ ആയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം സ എം.എ.ബേബിയെ സമീപിച്ചു.

അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടു ജില്ലാ സെക്രട്ടറിയെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു. വീണ്ടും ജില്ലാ സെക്രട്ടറിയെ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ ചെന്ന് കണ്ടു പരിഗണിക്കുന്നുണ്ട് എന്ന മറുപടി. പിന്നീട് സ കോടിയേരി അസുഖ ബാധിതനായപ്പോള്‍ ആക്റ്റിങ് സെക്രട്ടറിയായ സ എ വിജയരാഘവനെയും കണ്ട് അപ്പീല്‍ കൊടുത്തു...

അതിനുശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ ഇ.എന്‍. സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു അദ്ദേഹം വീണ്ടും ഒരു അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു അതും നല്‍കി..

പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറിയെ കണ്ടു. ഗ്രൂപ്പില്‍ എടുത്തു എന്ന വിവരം കിട്ടി.

കാന്‍ഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടു. പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു. അതിലൂടെ പാര്‍ട്ടി ചട്ടക്കൂടില്‍ വരികയും മരിക്കുമ്പോള്‍ ചെങ്കൊടി പുതപ്പിനടിയില്‍ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം ഞാന്‍ കാത്തിരുന്നത്...

പുറത്താക്കപ്പെട്ട ഈ കാലയളവില്‍ ഒരുപാട് തിക്താ നുഭവങ്ങളും ഇന്‍സല്‍ട്ടു അനുഭവിക്കേണ്ടി വന്നു പാര്‍ട്ടി പരിപാടകളിലും മാറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. കുറച്ചു കാലം ഗള്‍ഫില്‍ പോയി ആദ്യത്തെ കമ്പനി പ്രതിസന്ധി നേരിട്ടപ്പോള്‍ പുതിയ ജോലി തേടി യിറങ്ങിയപ്പോഴും മലയാളികള്‍ ഉള്‍പ്പെട്ട കമ്പനികള്‍ ജോലി തരാന്‍ ഭയപ്പെട്ടു...

പിന്നീട് നാട്ടിലേക്ക് വരേണ്ടി വന്നു

ഞാന്‍ ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹനല്ലേ..

അതിന് മാത്രം ഞാന്‍ ചെയ്ത തെറ്റെന്താണ്.

പാര്‍ട്ടി അനുഭാവിയായി മാത്രം ഇരുന്നാല്‍ പോരെ എന്ന് ഇത് വായിക്കുന്ന ചിലര്‍ക്ക് തോന്നാം അവരെ ഞാന്‍ കുറ്റം പറയുന്നില്ല പക്ഷേ പാര്‍ട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലാലോ ഞാന്‍ ഈ പാര്‍ട്ടിയോട് ചേര്‍ന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത് അങ്ങനെ ഉള്ള എന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിര്‍ത്തിയിരിക്കുന്നത് ഈച്ചരെ വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന്. ഏകദേശം എന്റെ അവസ്ഥയും അതാണ്

ഈ പാര്‍ട്ടിയോടൊപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിര്‍ത്തുമ്പോള്‍ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാവൂ. ഇതെല്ലാം സഹിച്ചു നില്‍ക്കുന്നത് ഒരു പാര്‍ട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ് എനിക്ക് അംഗത്വം നല്‍കിയാല്‍ എനിക്ക് നാളെ ഒരു പഞ്ചായത്ത് മെംബര്‍ പോലും ആവേണ്ട പക്ഷെ പാര്‍ട്ടി അംഗത്വം എന്നത് ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയും.

നേതൃത്വത്തിലെ ചിലര്‍ അവര്‍ മാത്രം മതി ഈ പാര്‍ട്ടിയില്‍ എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നത് അത് ഈ പാര്‍ട്ടിക്ക് നല്ലതല്ല അത് തിരുത്തണം എന്നോട് ചെയ്തത് പോലെ എത്രയോ പേര്‍ ഇപ്പോഴും ഉണ്ട് പുറത്തു പറയാന്‍ മടിച്ചു. അവര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ. നാളെ മുതല്‍ എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല ഞാന്‍ അതൊക്കെ സ്വീകരിക്കാന്‍ തയാറാണ് 12 വര്‍ഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനിക്കാളും വരില്ല അത്

ഒരു ചോദ്യം ഇപ്പോഴും എന്തായിരുന്നു സഖാവേ എന്നെ മെംബര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത

എ സുരേഷ്...