പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടന്നിരിക്കയാണ് പാര്‍ട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറഞ്ഞതോടെ പാലക്കാട് സീറ്റില്‍ കണ്ണുവെച്ച് നിരവധി പേര്‍ രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു.

തൃത്താലയില്‍ വിടി ബല്‍റാമും മത്സരംഗത്തുണ്ടാവും. എന്നാല്‍ പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നാണ് വിവരം. പാലക്കാട് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കരുക്കള്‍ നീക്കുന്നതിനിടെയാണ് എ തങ്കപ്പന്‍ മത്സരിക്കണമെന്ന നിലപാടില്‍ ജില്ലാ കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത്. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോണ്‍ഗ്രസിന് തന്നെ വേണമെന്നും നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. പട്ടാമ്പി ലീഗിന് വിട്ടു കൊടുത്താല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുന്‍ എംഎല്‍എ സിപി മുഹമ്മദ് ഭീഷണി ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, തൃത്താലയില്‍ വിടി ബല്‍റാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് വിടി എന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. അതിനിടെ, തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു തൃശൂര്‍ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രന്‍ കാണിക്കട്ടെ. സുരേന്ദ്രന്‍ മത്സരിച്ചാല്‍ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

അതിനിടെ പാലക്കാട് മണ്ഡലത്തില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ ഷാഫി പറമ്പിലിന്റേത് അടക്കം നിലപാടുകള്‍ നിര്‍ണായകമാകും. രാഹുല്‍ മാങ്കൂട്ടത്തിലിനു ശേഷം ഒഴിവ് വരുന്ന പാലക്കാട് നിയമസഭാ സീറ്റ് യുവാക്കള്‍ക്ക് തന്നെ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ.എസ്.ജയഘോഷിനെ പരിഗണിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിനു മുന്നില്‍ ആവശ്യം ഉയരുന്നത്. ഇക്കാര്യം നേതൃത്വത്തിന്റെ പരിഗണനയിലാണ്.

മൂന്നു ടേമില്‍ ഷാഫില്‍ പറമ്പിലും പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കൈയ്യിലെത്തിയ പാലക്കാട് നിയമസഭാ സീറ്റില്‍ ആരെ മത്സരിപ്പിക്കും എന്നതില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച തുടരുകയാണ്. രാഹുല്‍ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ച മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും രമ്യ ഹരിദാസും താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍, യുവാക്കള്‍ മത്സരിച്ച് വരുന്ന മണ്ഡലത്തില്‍ ഇത്തവണയും യുവാവിനെ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ക്കും ഇതേ നിലപാടാണ്. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം യുവാക്കള്‍ക്ക് അനുകൂലമാണ് എന്നാണ് ഇവരുടെ വിലയിരുത്തല്‍. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ക്ക് ശേഷമാകും സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ധാരണയാവുക. വിജയ സാധ്യതയുണ്ടെന്ന് ജില്ലാ നേതൃത്വം റിപ്പോര്‍ട്ട് നല്‍കിയ നെന്മാറയിലും നേതാക്കളില്‍ ചിലര്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുതിര്‍ന്ന നേതാവ് വി എസ് വിജയരാഘവന്‍ രംഗത്തെത്തി. പാലക്കാട് മത്സരിക്കാന്‍ ജില്ലയിലെ വേറെ നേതാക്കളുണ്ട്. കൊള്ളാവുന്ന സ്ഥാനാര്‍ഥി വന്നാല്‍ യുഡിഎഫിന് വിജയിക്കാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് തുറന്നുപറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

രാഹുലിന് ഇനിയും സീറ്റുണ്ടോ എന്ന ചോദ്യത്തിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍ പ്രതികരിച്ചിരുന്നില്ല. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ചോദ്യത്തോട് ഒഴിഞ്ഞുമാറി. പാര്‍ടിക്കു പുറത്തായ ആളെ കുറിച്ചുള്ള ചര്‍ച്ച തന്നെ അനാവശ്യമെന്നായിരുന്നു മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ മറുപടി. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാണ് ആവശ്യകോടതി അംഗീകരിച്ചിരുന്നു.