കൊട്ടാരക്കര: കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്‍. ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുരുതര ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നാണ് വയക്കല്‍ സോമന്റെ അവകാശവാദം.

ഐഷാ പോറ്റി ബിജെപി നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുറത്തുവിടും എന്നുള്‍പ്പെടെയാണ് വയക്കല്‍ സോമന്‍ പറയുന്നത്. ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ പിന്നീട് നിരീശ്വരവാദിയാക്കി പാര്‍ട്ടിയാണ് സിപിഎം എന്നും വയക്കല്‍ സോമന്‍ പ്രതികരിച്ചു.

കൊട്ടാരക്കരയിലെ മത്സരചിത്രം തെളിയുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്ന സംശയം ബലപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് വയക്കല്‍ സോമന്റെ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ധനമന്ത്രി ബാലഗോപാലിനെ ലക്ഷ്യം വച്ച് വയക്കല്‍ സോമന്‍ ഉന്നയിച്ച ആരോപണങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഒരുമാസം മുമ്പാണ് ഐഷാ പോറ്റി സിപിഐഎം വിട്ട് കോണ്‍ഗ്രസിലെത്തിയത്. മൂന്നു തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി അഞ്ചു വര്‍ഷത്തോളമായി സിപിഐഎമ്മുമായി അകല്‍ച്ചയിലായിരുന്നു. അതേസമയം താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് മറ്റ് പല പാര്‍ട്ടികളും തന്നെ സമീപിച്ചിരുന്നുവെന്നും. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കൈയിലുണ്ടെന്ന് അവകാശവാദവും അവര്‍ തള്ളി. വെറുതേ ഐ ഐ ചിത്രങ്ങള്‍ പുറത്തുവിടരുതെന്നാണ് ഐഷ പോറ്റി മറുപടിയായി പറഞ്ഞത്.

അതേസമയം പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷാ പോറ്റിക്കെതിരേ വിമര്‍ശനവുമായി സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എസ്. ജയമോഹനും രംഗത്തുവന്നിരുന്നു. ആദ്യമായിട്ടാണ് വാഹനമില്ലാത്തതിന്റെ പേരില്‍ ഒരാള്‍ പാര്‍ട്ടിമാറുന്നതെന്നും ഐഷാ പോറ്റിക്ക് പാര്‍ട്ടി എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനം കിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയ ആളെ സ്ഥാനാര്‍ഥിയാക്കുന്ന കോണ്‍ഗ്രസ് എന്ത് ആശയമാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

''ഐഷാ പോറ്റി പറയുന്നത്, സഞ്ചരിക്കാന്‍ കാര്‍ അനുവദിച്ചില്ല എന്നതുകൊണ്ട് മാറിയെന്നാണ്. ഒരുരാഷ്ട്രീയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറും. നിന്ന പാര്‍ട്ടി ഇത്രയും സൗകര്യങ്ങളെല്ലാം കൊടുത്തു. ലക്ഷക്കണക്കിന് രൂപ പെന്‍ഷനും അതുപോലെ ഡീസലടിക്കാനുള്ള കൂപ്പണുമെല്ലാം കിട്ടി. ഇങ്ങനെ സൗകര്യങ്ങള്‍ ലഭിച്ച ഒരാള്‍ ഒരുവാഹനം കിട്ടിയില്ല എന്നകാരണത്താല്‍ പാര്‍ട്ടിയില്‍നിന്ന് മാറുകയും, വാഹനം കിട്ടാത്തതിന് മാറിയ ആളെ അപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതൊക്കെ രാഷ്ട്രീയം മലീമസമാക്കാനേ ഉപകരിക്കുകയുള്ളൂ'', അദ്ദേഹം പറഞ്ഞു.