- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നത്? സിപിഎം നേതാക്കളുടെ വര്‍ഗവഞ്ചക പരാമര്‍ശത്തിന് മറുപടിയുമായി ഐഷ പോറ്റി; മൂന്ന് തവണയും എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ചെയ്ത് തീര്‍ത്തു; ഇറങ്ങി കഴിയുമ്പോള്‍ എനിക്ക് ഒരു സ്പേസുമില്ല എന്ന് പറയുമ്പോള്‍ എന്ത് ഭാഷയാണ് പറയേണ്ടതെന്നും ഐഷ
കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നത്?

കൊട്ടാരക്കര: കോണ്‍ഗ്രസില്‍ ചേര്‍ന്ന താന്‍ വര്‍ഗ വഞ്ചകയെന്ന സിപിഎം വിമര്‍ശനത്തിന് മറുപടിയുമായി ഐഷ പോറ്റി. കോണ്‍ഗ്രസില്‍ നിന്ന് സിപിഐഎമ്മിലെത്തിയ പി സരിനും, ശോഭന ജോര്‍ജിനും ഈ പേര് തന്നെ ആണോ നല്‍കുന്നതെന്ന് ഐഷ പോറ്റി ചോദിച്ചു. താന്‍ തുടങ്ങി വെച്ച പദ്ധതികള്‍ പോലും കെ എന്‍ ബാലഗോപാല്‍ പൂര്‍ത്തീകരിച്ചില്ലെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി. തിരക്ക് കൊണ്ടാകുമെന്നും പരിഹസിച്ചു
ഇത്രയും നന്നായി, കുറേ കഠിനാധ്വാനം ചെയ്ത് മൂന്ന് തവണയും എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ചെയ്ത് തീര്‍ത്തു. ഇറങ്ങി കഴിയുമ്പോള്‍ എനിക്ക് ഒരു സ്പേസുമില്ല എന്ന് പറയുമ്പോള്‍ എന്ത് ഭാഷയാണ് അതില്‍ പറയേണ്ടത് ഐഷ പോറ്റി ചോദിച്ചു. താന്‍ ചെയ്തു വെച്ച പരിപാടിയില്‍ പോലും പങ്കെടുപ്പിക്കേണ്ടയെന് ചിലര്‍ തീരുമാനിച്ചു, അവഗണിച്ചു. അതിന്റെ പേരും വര്‍ഗ വഞ്ചനയെന്നാണ്. മനുഷ്യന്റെ മനസിലുള്ളത് തുറന്ന് പറയാനുള്ള അവസരം സിപിഐഎം കൊടുക്കണമെന്നും ഐഷ പോറ്റി പറഞ്ഞു. പ്രശ്നങ്ങള്‍ ബാലഗോപാലിനോട് പറഞ്ഞു, താന്‍ കൊണ്ടുവന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ല,പലതും നിലച്ചു ഐഷ പോറ്റി പറഞ്ഞു.
അതേസമയം, ഐഷ പോറ്റിക്ക് അധികാരമോഹമെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു എന്നുമാണ് സിപിഎം നേതാക്കള്‍ വിമര്‍ശിച്ചത്. ഐഷ പോറ്റിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വിമര്‍ശിച്ചിരുന്നു. മൂന്നുതവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും എം.എ. ബേബി പറഞ്ഞു.
വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷ. പാര്‍ട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നതാണ്. എതിര്‍ പാളയത്തിലേക്ക് പോകുന്നത് വാര്‍ത്തയാക്കാന്‍ കഴിയുന്ന രീതിയില്‍ അവസരം നല്‍കിയത് സിപിഐഎമ്മാണ്. പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങള്‍ നടത്തിയെന്ന് അറിയാന്‍ കഴിഞ്ഞെന്നും അതൊക്കെ വലിയ വിഷമം ഉണ്ടാക്കുന്നതാണെന്നും എം.എ. ബേബി പറഞ്ഞു.
അതേസമയം, പാര്‍ട്ടി വിട്ട ഐഷ പോറ്റി വര്‍ഗ വഞ്ചക തന്നെയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. സിപിഎം ആണ് ശരി. സിപിഐഎമ്മിലേക്ക് വരുന്നവര്‍ ശരിയായ പാതയിലാണെന്നും വിട്ടു പോകുന്നവര്‍ തെറ്റായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഐഷ പോറ്റിക്ക് പാര്‍ട്ടിയില്‍ അവഗണനയുണ്ടായില്ല. ഒരു തവണ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതാണോ അവഗണന? പാര്‍ലമെന്ററി രംഗത്തായാലും പാര്‍ട്ടി രംഗത്തായാലും വ്യക്തികളുടെ റോള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും തോമസ് ഐസക് പറഞ്ഞു. ഐഷ പോറ്റിക്ക് അധികാര മോഹമാണെന്നും അവര്‍ സ്വീകരിച്ചത് വഞ്ചനാപരമായ സമീപനമാണെന്നും മന്തി വി.എന്‍. വാസവനും പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ എത്തിയതിന് പിന്നാലെ കൊട്ടാരക്കര മണ്ഡലത്തില്‍ ഐഷ പോറ്റി സജീവമായിട്ടുണ്ട്. എഷാ പോറ്റിയെ കോണ്‍ഗ്രസിലെത്തിച്ചതിലൂടെ രാഷ്ട്രീയത്തിനതീതമായ വോട്ടുകളിലൂടെ കൊട്ടാരക്കര മണ്ഡലം പിടിക്കുക എന്നതാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഐഷാപോറ്റിയുടെ സ്വീകാര്യതയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വോട്ടുകളും ഒന്നിച്ചാല്‍ കൊട്ടാരക്കരയില്‍ ത്രിവര്‍ണക്കൊടി പാറിക്കാമെന്നു നേതൃത്വം കണക്കുകൂട്ടുന്നു.
മത്സരിച്ച മൂന്നു തിരഞ്ഞെടുപ്പുകളിലും വിജയിച്ചു എന്നു മാത്രമല്ല ഭൂരിപക്ഷം വര്‍ധിപ്പിച്ചു എന്നതും ഐഷാ പോറ്റിയുടെ പ്രത്യേകതയാണ്. സ്ത്രീകള്‍ക്കിടയിലും വിവിധ സമുദായസംഘടനകളിലും ഐഷാ പോറ്റിക്കുള്ള മതിപ്പ് വോട്ടുകളാകുമെന്നും സിപിഎം നേതൃത്വത്തിന് ഐഷാ പോറ്റിയോടുള്ള അകല്‍ച്ച പാര്‍ട്ടി അംഗങ്ങള്‍ക്കില്ലെന്നും കണക്കാക്കുന്നു. കൊട്ടാരക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് ഐഷാ പോറ്റിയുടെ പാര്‍ട്ടി പ്രവേശം. ഇതോടെ ഉയര്‍ന്ന പേരുകളെല്ലാം പിന്‍വാങ്ങി.
ഗ്രൂപ്പു തര്‍ക്കങ്ങളില്ലാതെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നു നേതാക്കള്‍ തിരിച്ചറിഞ്ഞതിനാലാണ്, സിപിഎമ്മുമായി ഇടഞ്ഞുനിന്ന അയിഷാപോറ്റിയെ കോണ്‍ഗ്രസിലെത്തിക്കാന്‍ എഐസിസി തന്നെ നിര്‍ദേശിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിലെമ്പാടും ഇടതുമുന്നണി ഉലഞ്ഞപ്പോള്‍ കൊട്ടാരക്കരയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി ഒരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി എതിര്‍പാളയത്തില്‍ ഐഷാ പോറ്റി എത്തുന്നത്. ഐടിരംഗത്തുള്‍പ്പെടെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണിയുടെ തുറുപ്പുചീട്ട്.
എംഎല്‍എ ആയിരുന്ന കാലത്ത് ഐഷാ പോറ്റി നടപ്പാക്കിയ മിനിസിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉയര്‍ത്തി ഇതിനെ ചെറുക്കാമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. രണ്ടു പതിറ്റാണ്ടായി യുഡിഎഫ് ജയിച്ചിട്ടില്ലാത്ത കൊട്ടാരക്കര ഐഷാ പോറ്റിയിലൂടെ സ്വന്തമാക്കാമെന്ന പ്രതീക്ഷ ഉയരുമ്പോള്‍ തര്‍ക്കങ്ങളും പിണക്കങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയും നേതാക്കള്‍ പങ്കുവയ്ക്കുന്നു. സമീപ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകാന്‍ ഐഷാ പോറ്റിയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നും നേതാക്കള്‍ പറയുന്നു.


