പത്തനംതിട്ട: 'രക്ഷാപ്രവര്‍ത്തനം' മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴും അവതരിപ്പിക്കുന്നത് അഭിമാനത്തോടെയാണ്. എന്നാല്‍ ഇടതുപക്ഷത്തെ സിപിഐ യുവജന സംഘടനയ്ക്ക് കാര്യം പിടികിട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രധാന കാരണമായി ഇപ്പോഴും എഐവൈഎഫ് വിലയിരുത്തുന്നത് ആ രക്ഷാപ്രവര്‍ത്തനത്തെയാണ്. ജനകീയ സര്‍ക്കാരിന് ചേര്‍ന്നതായിരുന്നില്ല ആ നടപടിയെന്ന് എ ഐ എസ് എഫ് ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ടയില്‍ നിന്നാണ് വിമര്‍ശനം.

നവകേരളയാത്രയ്ക്കിടെ പ്രതിഷേധക്കാരെ, പോലീസിനെയും ഗണ്‍മാന്‍മാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ച് ആക്രമിക്കുകയും പ്രവര്‍ത്തകരുടെ നിയമം കൈയിലെടുക്കലിന് രക്ഷാപ്രവര്‍ത്തനമെന്ന ന്യായീകരണം പടച്ചുവിടുകയും ചെയ്തത് ജനകീയ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് എ.ഐ.വൈ.എഫ്. വിലയിരുത്തല്‍. പന്തളത്തുനടന്ന എ.ഐ.വൈ.എഫ്. പത്തനംതിട്ട ജില്ലാ ശില്പശാലയിലാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ വകയായിരുന്നു വിചിത്ര വിശദീകരണം. ലോക്‌സഭയിലെ തോല്‍വിക്ക് ശേഷവും അത് ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എഐവൈഫ് പത്തനംതിട്ടയില്‍ ഉയര്‍ത്തുന്നത്. നവകേരളസദസ്സ് പൂര്‍ണമായും ഇടതുപക്ഷ സ്വഭാവത്തിലൂന്നിയുള്ളതല്ല. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലുമുള്ള ചില ഏകാധിപത്യനീക്കങ്ങളും ധാര്‍ഷ്ട്യവും ജനങ്ങള്‍ക്കിടയില്‍ ഇടതുവിരുദ്ധ വികാരം വലിയരീതിയില്‍ ആളിക്കത്തിച്ചു. സിപിഐ മന്ത്രിയുടെ സപ്ലൈകോയിലെ പ്രതിസന്ധിക്കും വിമര്‍ശനമുണ്ട്.

സപ്ലൈക്കോ പ്രതിസന്ധി, കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ കാണിച്ച അലംഭാവം, പട്ടികജാതി വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് മുടങ്ങല്‍ എന്നിവ ഇടതുപക്ഷ മനസ്സുള്ളവരില്‍ പോലും സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിച്ചു. പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി പോലീസിനെ ദുരുപയോഗം ചെയ്യുന്നത് ആശങ്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കിടയാക്കിയ ഘടകങ്ങളെ സംബന്ധിച്ച് ഇടതുപക്ഷം ആഴത്തിലുള്ള പരിശോധനകളും വിലയിരുത്തലും നടത്തണമെന്നും ജില്ലാ ശില്പശാലയില്‍ ആവശ്യമുയര്‍ന്നു. എഐവൈഎഫിന്റെ സംസ്ഥാന നേതാക്കളും ഇതേ അഭിപ്രായത്തിലാണ്. സമാന വിമര്‍ശനം സിപിഐയുടെ യോഗങ്ങളിലും ഉയര്‍ന്നിരുന്നു.