- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയാ ഗാന്ധിക്കും എംപിമാര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഏശിയില്ല; അടൂര്‍ പ്രകാശിന്റെ എസ്ഐടി മൊഴി എടുപ്പും ചീറ്റി; ഇനി ആകെയുള്ള പിടിവള്ളി എന്‍എം രാജുവിന്റെ രണ്ടു കോടി ആരോപണം; തെളിവില്ലെന്ന് രാജു തന്നെ പറയുന്ന സ്ഥിതിക്ക് അതും ബൂമറാങ് ആകും; ആന്റോയ്ക്കെതിരേ പട നയിക്കാന്‍ രാജുവിനെ സിപിഎം ഇറക്കിയതോ?
ആന്റോയ്ക്കെതിരേ പട നയിക്കാന്‍ രാജുവിനെ സിപിഎം ഇറക്കിയതോ?

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കോണ്‍ഗ്രസിനെ ബന്ധിപ്പിക്കാനുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നീക്കങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞതോടെ റൂട്ട് മാറ്റിപ്പിടിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് എല്‍ഡിഎഫ് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്‍സംസ്ഥാന ട്രഷറര്‍ കൂടിയായ എന്‍.എം. രാജുവിനെ ആന്റോ ആന്റണി എം.പിക്കെതിരേ സാമ്പത്തിക ആരോപണം ഉന്നയിക്കാന്‍ ഇറക്കി വിട്ടിരിക്കുന്നത്. രണ്ടു കോടി രൂപ 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആന്റോ തന്റെ കൈയില്‍ നിന്നും കൈപ്പറ്റി എന്നാണ് രാജുവിന്റെ ആരോപണം. എന്നാല്‍, അതിന് യാതൊരു തെളിവും തന്റെ കൈവശമില്ലെന്നും അദ്ദേഹം തന്നെ പറയുന്നു. ഇതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് എന്‍.എം. രാജുവാണ്. ആന്റോ എല്ലാം നിഷേധിച്ചാല്‍ ഇഡി അടക്കമുളള അന്വേഷണ ഏജന്‍സികള്‍ രാജുവിനെതിരേ തിരിയും. പത്രസമ്മേളനത്തില്‍ പറഞ്ഞ പണത്തിന് മുഴുവന്‍ ഉറവിടവും കണക്കുകളുമൊക്കെ കാണിക്കേണ്ടി വരും.
സ്വര്‍ണക്കൊള്ളയില്‍ മാനം പോയി നില്‍ക്കുന്ന സിപിഎമ്മിന് പറഞ്ഞു നില്‍ക്കാനുള്ള ഏക മാര്‍ഗമായി എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയയ്ക്കും ഗോവര്‍ധനുമൊപ്പം സോണിയാ ഗാന്ധിയെ കാണുന്ന ചിത്രം. ഈ ചിത്രത്തിന്റെ പേര് പറഞ്ഞ് ശബരിമലയില്‍ പോറ്റിയെ കേറ്റിയത് കോണ്‍ഗ്രസാണെന്ന് വാദിക്കാന്‍ സിപിഎം ഏറെ പരിശ്രമിച്ചു. എന്നാല്‍, എസ്ഐടി അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. തന്നെ സോണിയയുടെ മുന്നില്‍ എത്തിച്ചത് കേരള എംപിമാര്‍ അല്ലെന്നും ബംഗളൂരുവിലെ ബന്ധുക്കളാണെന്നും പോറ്റി എസ്ഐടിക്ക് മൊഴി നല്‍കിയതോടെ സോണിയ ചാപ്റ്റര്‍ ക്ലോസായി. തങ്ങളുടെ നീക്കം എല്ലാം ഒരു വഴിക്കു കൂടി പാളുന്നത് കണ്ടപ്പോഴാണ് സിപിഎം എന്‍.എം. രാജുവിനെ രംഗത്തിറക്കിയിരിക്കുന്നത്.
ഒന്നുകില്‍ ഭീഷണിപ്പെടുത്തി അല്ലെങ്കില്‍ അനുനയിപ്പിച്ചാണ് ആന്റോ ആന്റണി എം.പിക്കെതിരേ എന്‍.എം. രാജുവിനെ രംഗത്തിറക്കിയിരിക്കുന്നത് എന്നു വേണം കരുതാന്‍. രാജുവിന്റെ മുന്‍ നേതാവായ ജോസ് കെ. മാണിയെ തന്നെയാണ് ഇതിനായി നിയോഗിച്ചത് എന്നാണ് വിവരം. ഇതിന് മുന്നോടിയായിട്ടാണ് എന്‍.എം. രാജുവിന്റെ ധനകാര്യ സ്ഥാപനത്തില്‍ തന്ത്രി നിക്ഷേപിച്ച പണം ആന്റോ ആന്റണി കൈപ്പറ്റി എന്നൊരു ആരോപണം സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉന്നയിച്ചത്. തന്റെ കൈവശം അതിന് തെളിവില്ല എന്നും ഉദയഭാനു പറഞ്ഞിരുന്നു. ഏതാണ്ടിതേ രീതിയിലാണ് എന്‍.എം. രാജുവിന്റെ ആരോപണം. താന്‍ ആന്റോയ്ക്ക് രണ്ടു കോടി രൂപ നല്‍കി. പക്ഷേ, തെളിവുകള്‍ സൂക്ഷിച്ചിട്ടില്ല.
ദുര്‍ബലമായ ഈ ആരോപണം ഉന്നയിച്ചു മുന്നേറാന്‍ കഴിയാതെ തീര്‍ത്തും പ്രതിസന്ധിയിലാണ് സിപിഎം. ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന് പ്രത്യുപകാരമായി രാജുവിന് എന്ത് ഓഫര്‍ ആയിരിക്കും സിപിഎം നല്‍കുക എന്നതാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. സത്യത്തില്‍ ഈ ആരോപണം ഉന്നയിച്ചതോടെ രാജു തന്നെയാകും വെട്ടിലാവുക. താന്‍ പണം കൊടുത്തതിന് തെളിവില്ലെന്ന് രാജു തന്നെ പറഞ്ഞതോടെ രണ്ടു കോടി എന്ന മാന്ത്രിക സംഖ്യ അപ്രസക്തമായി. താന്‍ പണം വാങ്ങിയെന്ന് സമ്മതിക്കുന്ന ആന്റോ ആന്റണി അത് എത്രയാണെന്ന് പറയാന്‍ കൂട്ടാക്കിയിട്ടില്ല. ഇതൊരു ബുദ്ധിപരമായ നീക്കമാണ്. തിരികെ നല്‍കിയത് 20 ലക്ഷമാണെന്ന് രാജു പറയുന്നു. ആന്റോ അതും സമ്മതിച്ചിട്ടില്ല.
ആന്റോയെ ഇഡി ചോദ്യം ചെയ്താലും രേഖകള്‍ ഇല്ലാത്ത സ്ഥിതിക്ക് അദ്ദേഹം പറയുന്നതാകും കണക്ക്. അതേ സമയം, ആരോപണം ഉന്നയിച്ച രാജു ആദ്യം രണ്ടു കോടിയുടെ ഉറവിടം കാണിക്കണം. പിന്നെ അത് ലിക്വിഡ് കാഷായിട്ടാണോ കൊടുത്തത് എന്നതിന് മറുപടി പറയണം. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ ലിക്വിഡ് കാഷായി കൈമാറാന്‍ രാജ്യത്ത് നിലവില്‍ നിയമം ഇല്ല. ബാങ്ക് അക്കൗണ്ട് മുഖേനെ മാത്രം വേണം വലിയ തുകകള്‍ അയയ്ക്കാന്‍. ഇതോടെ പെട്ടു പോകുന്നത് ആന്റോയല്ല, എന്‍.എം. രാജുവാണ്. ഒരു രേഖയുമില്ലാത്ത കടം വാങ്ങലില്‍ ആന്റോ പറയുന്നത് എന്തായാലും അത് അന്വേഷണ സംഘത്തിന് കേള്‍ക്കുകയേ മാര്‍ഗമുള്ളൂ. ചുരുക്കത്തില്‍ ചുമ്മാതെ ഇരുന്ന എന്‍.എം. രാജു ഒരു വെളിപ്പെടുത്തലിലൂടെ സ്വയം പണി വാങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എന്‍.എം. രാജുവിന്റെ 44 കോടിയുടെ സ്വത്തു വകകള്‍ ഇഡി മരവിപ്പിച്ചിരുന്നു. വലിയ നിക്ഷേപത്തട്ടിപ്പ് നടത്തിയ ആളാണ് എന്‍എം രാജു. ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്നായി മുന്നൂറു കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ബഡ്സ് ആക്ട് പ്രകാരം ഇദ്ദേഹത്തിനും കുടുംബത്തിനുമെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതിന് വേണ്ടി നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ ഭൂമിയും മറ്റും അറ്റാച്ച് ചെയ്തിട്ടുമുണ്ട്. നിലവില്‍ പുതിയ വെളിപ്പെടുത്തലുമായി വന്ന രാജുവിനെതിരേ പണം പോയ നിക്ഷേപകര്‍ രോഷാകുലരായി രംഗത്തുണ്ട്. ആന്റോയ്ക്ക് കൊടുത്ത രണ്ടു കോടി തിരിച്ചു ചോദിച്ചു ചെന്ന മകള്‍ കരഞ്ഞു കാലു പിടിച്ചുവെന്നാണ് രാജു പറഞ്ഞത്. ഇതു പോലെ എത്ര നിക്ഷേപകര്‍ തന്റെ വീട്ടില്‍ വന്നു കാലു പിടിച്ചുവെന്ന മറുചോദ്യവും ഉയരുന്നു.


