- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐയിലും 'തലമുറമാറ്റം'; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, ആറ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല; ടേം വ്യവസ്ഥയില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി; തൃശൂരിലെ സാഹചര്യം മന്ത്രി രാജന് ഇളവാകും; സിപിഐയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക്; ബിനോയ് വിശ്വം മത്സരിക്കില്ല
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കടുത്ത നിബന്ധനകളുമായി സിപിഐ. നിലവിലെ എല്‍ഡിഎഫ് മന്ത്രിസഭയിലെ നാല് സിപിഐ മന്ത്രിമാരും വീണ്ടും മത്സരിക്കും. എന്നാല്‍, മൂന്ന് ടേം പൂര്‍ത്തിയാക്കിയ ആറ് എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകില്ല. പ്രകടനം മോശമായവരെ മാറ്റാനും പാര്‍ട്ടി കര്‍ശനമായ വിലയിരുത്തല്‍ നടത്തും. മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍. അനില്‍ എന്നിവര്‍ ഇത്തവണയും മത്സരരംഗത്തുണ്ടാകും. റവന്യൂ മന്ത്രി കെ. രാജന്‍ രണ്ടു തവണ എംഎല്‍എയായിട്ടുണ്ട്. എന്നാല്‍ തൃശൂരിലെ പ്രത്യേക സാഹചര്യത്തില്‍ രാജനെ വീണ്ടും മത്സരിപ്പിക്കും.
മറ്റ് മൂന്ന് മന്ത്രിമാരും തങ്ങളുടെ ആദ്യ ടേം ആണ് പൂര്‍ത്തിയാക്കുന്നത്. ഓരോ ടേം കൂടി ഇവര്‍ക്ക് നല്‍കുന്നത് പാര്‍ട്ടിയുടെ സംഘടനാ നിയമങ്ങള്‍ക്ക് തടസ്സമാകാത്തതിനാലാണ് ഈ തീരുമാനം. ഇതില്‍ പ്രസാദ് രണ്ടു തവണ മത്സരിച്ചു. ഇതില്‍ ഒരു തവണ ജയിച്ചു. ആദ്യ മത്സരത്തില്‍ ഹരിപ്പാട് തോറ്റു. പിന്നീടാണ് ചേര്‍ത്തലയിലേക്ക് മാറിയതും എംഎല്‍എയായതും. ഒരു തവണ മാത്രമേ പ്രസാദ് എംഎല്‍എയായുള്ളൂ. അതും ചേര്‍ത്തലയെ പി പ്രദാസ് ഒരു തവണ മാത്രമേ പ്രതിനിധീകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ പ്രസാദിനും സാങ്കേതികമായി മത്സരിക്കാന്‍ കഴിയും.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെയും മറ്റന്നാളുമായി സിപിഐ നേതൃയോഗങ്ങള്‍ ചേരും. സിപിഐയുടെ കര്‍ശനമായ 'ടേം വ്യവസ്ഥ' പ്രകാരം മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ല. അടൂര്‍, പുനലൂര്‍, ചാത്തന്നൂര്‍, ചിറയിന്‍കീഴ്, കാഞ്ഞങ്ങാട്, നാദാപുരം എന്നീ മണ്ഡലങ്ങളിലെ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് പകരം യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും എംഎല്‍എമാരുടെ മണ്ഡലത്തിലെ സ്വാധീനവും വിലയിരുത്തിക്കൊണ്ടുള്ള 'ഗ്രേഡിംഗ്' അടിസ്ഥാനത്തിലാകും ഇത്തവണത്തെ സീറ്റ് വിഭജനം.
ഏപ്രില്‍ രണ്ടാം വാരത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ജനുവരി 15-ന് ഇടതു രാജ്ഭവന്‍ മാര്‍ച്ചിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുക. സിപിഎംഎമ്മും ടേം വ്യവസ്ഥയില്‍ ചില ഇളവുകള്‍ ആലോചിക്കുന്നുണ്ടെങ്കിലും സിപിഐ തങ്ങളുടെ കീഴ് വഴക്കങ്ങളില്‍ ഉറച്ചുനില്‍ക്കും. ഇതില്‍ രാജന് മാത്രമാകും ഇളവുണ്ടാകുക. സിപിഐ സെക്രട്ടറി ബിനോയ് വിശ്വം മത്സരിക്കില്ല. എന്നാല്‍ പല പ്രമുഖരും മത്സരിക്കാന്‍ സാധ്യതയുണ്ട്. മുന്‍ മന്ത്രി വിഎസ് സുനില്‍കുമാറിനും സീറ്റു നല്‍കാന്‍ ഇടയില്ല.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മത്സരിക്കില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പാര്‍ട്ടിയെ നയിക്കാനുമായി അദ്ദേഹം സംഘടനാ രംഗത്ത് തന്നെ തുടരും. നിലവിലെ നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടാന്‍ ഒരുങ്ങുമ്പോഴാണ്, മത്സരിക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലൂടെ ബിനോയ് വിശ്വം മാതൃകയാകുന്നത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുന്നവര്‍ സാധാരണയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സിപിഐയുടെ കീഴ് വഴക്കം ബിനോയ് വിശ്വവും തുടരും.
പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയാനും യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുമുള്ള ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ ചേരുന്ന നേതൃയോഗങ്ങളില്‍ പ്രകടനം മോശമായ എംഎല്‍എമാരെ മാറ്റുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കും. സംഘടനാ സംവിധാനം ശക്തമാക്കി എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്ന വലിയ ദൗത്യമാണ് സെക്രട്ടറി എന്ന നിലയില്‍ ബിനോയ് വിശ്വം ഏറ്റെടുത്തിരിക്കുന്നത്.




