- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിങ്ങലിലെ വോട്ട് ചോര്‍ച്ച ഭയാനകം; തൃശൂരിലും ആലപ്പുഴയിലും ഉള്ളൊഴുക്കും! ലോക്‌സഭയില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് ബിജെപി; ഇനി ക്ഷേത്രങ്ങളില്‍ സഖാക്കള്‍ വിശ്വാസികള്‍ക്കൊപ്പം ചേരും; നിയമസഭയില്‍ 'ഹാട്രിക്കിന്' എല്ലാം തിരിച്ചു പിടിക്കും
മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വര്‍ധിച്ചു
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ ഇനി കൂടുതല്‍ ഇടപെടലിന് സിപിഎം എത്തും. വിശ്വാസികളുമായി ചേര്‍ന്നാകും പ്രവര്‍ത്തനം. വിശ്വാസത്തിന് കോട്ടം തട്ടുന്ന തരത്തിലെ നിലപാട് എടുക്കില്ല. വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു ബിജെപി നടത്തിയ നീക്കം ഗൗരവത്തോടെ കണ്ടില്ലെന്ന സ്വയംവിമര്‍ശനത്തിലാണ് സിപിഎം. എന്തുകൊണ്ട് ലോക്‌സഭയില്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടായി എന്ന വിലയിരുത്തലിലാണ് വിശ്വാസികളെ കൂടെ കൂട്ടേണ്ടതിന്റെ പ്രസക്തി സിപിഎം തിരിച്ചറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് ഒഴുകിയ സിപിഎം വോട്ട് തിരിച്ചു പിടിച്ചാല്‍ നിയമസഭയില്‍ ഹാട്രിക് ഉറപ്പെന്ന നിലപാടിലാണ് സിപിഎം.
ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്ക് മറിയുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. ആറ്റിങ്ങലിലെ എല്‍ഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകള്‍ ബിജെപിക്കു പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലില്‍ യുഡിഎഫ് വിജയിച്ചത് എല്‍ഡിഎഫ് വോട്ട് ബിജെപിക്കു ചോര്‍ന്നതു കൊണ്ടാണെന്നാണ് നിഗമനം. ആറ്റിങ്ങലില്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ് വോട്ട് നേടിയത്. മൂന്ന് ലക്ഷത്തില്‍ അധികം വോട്ട് മുരളീധരന്‍ നേടുകയും ചെയ്തു.
മലപ്പുറം, പൊന്നാനി, ചാലക്കുടി, പത്തനംതിട്ട ഒഴിച്ചുള്ള 16 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വര്‍ധിച്ചു. 18 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ വോട്ട് ബിജെപി കിട്ടി. എല്‍ഡിഎഫിന് ലീഡ് കിട്ടിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും 18 ആണ്. ഇതും സിപിഎം ഗൗരവത്തില്‍ എടുക്കും. 2019ന് സമാനമായി കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ നിലംപരിശായത് സിപിഎമ്മും എല്‍ഡിഎഫും ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥിയെ ലോക്‌സഭയിലേക്ക് വിജയിപ്പിക്കാന്‍ ബിജെപിക്കായി. ലോക്സഭ തിരഞ്ഞെടുപ്പിലെ നിയമസഭ മണ്ഡലങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ 140 മണ്ഡലങ്ങളില്‍ 110 മണ്ഡലങ്ങളിലും യുഡിഎഫ് തേരോട്ടമായിരുന്നു,
ബിജെപി പതിനൊന്ന് നിയമസഭ മണ്ഡലങ്ങള്‍ സ്വന്തമാക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലെത്തിയ അസംബ്ലി സീറ്റുകള്‍. ബിജെപി ഒന്നാംസ്ഥാനത്ത് എത്തിയ നിയമസഭാ സീറ്റുകളെല്ലാം സിപിഎമ്മിന്റേതാണെന്ന പ്രത്യേകതയുമുണ്ട്. 2019ലും ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമാനമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പോലെ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. എന്നാല്‍, 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
ബിജെപി സ്വന്തമാക്കിയ മണ്ഡലങ്ങള്‍ ഇവയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ആറ്റിങ്ങല്‍, കാട്ടാക്കട. തിരുവനന്തപുരം മണ്ഡലത്തിലെ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം. തൃശൂര്‍ മണ്ഡലത്തിലെ മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍ഡിഎഫും യുഡിഎഫ് 41 സീറ്റുമാണ് നേടിയിരുന്നത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമായിരുന്നു 2021-ല്‍ എല്‍ഡിഎഫ് വലിയ തിരിച്ചുവരവ് നടത്തിയിരുന്നത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍ഡിഎഫ് ലീഡ് നേടിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട നേമത്ത് എന്‍ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. 11 നിയമസഭാ സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്താനായി.
ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂര്‍, വി.ശിവന്‍കുട്ടിയുടെ നേമം, ആര്‍.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.