തിരുവനന്തപുരം: കേരളാ ബിജെപിയെ നയിക്കാന്‍ പുതിയ നേതാവ് വരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് കുറച്ചായി. അധികം വൈകാതെ പുതിയ അധ്യക്ഷനെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ജനപ്രിയ നേതാവായ ശോഭാ സുരേന്ദ്രന്‍ ബിജെപിയുടെ കടിഞ്ഞാണേന്തുമോ എന്നാണ് അറിയേണ്ട ഒരു കാര്യം. എന്നാല്‍, നിലവിലെ നേതൃത്വത്തിലെ നേതാക്കളുടെ കണ്ണില്‍ കരടായ ശോഭ അധ്യക്ഷ പദവിയില്‍ എത്താതിരിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങളും ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നുണ്ട്.

നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും ആര്‍എസ്എസിനെയും ഒരുമിച്ചു കൊണ്ടുപോകേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ ആര്‍എസ്എസിന് കൂടി സ്വീകാര്യനായ വി മുരളീധരനെ അധ്യക്ഷനാക്കണം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ബിജെപി ഏറ്റവും അധികം മുന്നേറ്റം ഉണ്ടാക്കിയത് മുരളീധരന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന സമയത്താണ്. ബിഡിജെഎസിന് രാഷ്ട്രീയ രൂപം നല്‍കിയതും അവരെ ഉള്‍പ്പെടുത്തി എന്‍ഡിഎ രൂപീകരിച്ചതുമെല്ലാം മുരളീധരന്റെ അധ്യക്ഷ കാലയളവിലാണ്. അതുകൊണ്ട് തന്നെ മുരളീധരന്‍ വീണ്ടും അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് ഇക്കൂട്ടര്‍ക്ക്. അതേസമയം വീണ്ടും അധ്യക്ഷനാകുമോ എന്ന കാര്യത്തില്‍ ഒരഭിപ്രായത്തിന് വി മുരളീധരന്‍ തയ്യാറായിട്ടില്ല.

അതേസമയം കേന്ദ്ര നേതൃത്വം മറ്റൊരു വഴിയ ചിന്തിച്ചാല്‍ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അധ്യക്ഷനായേകകാം. ഈ സാധ്യത തള്ളാതെയാണ് രാജീവിന്റെ പ്രതികരണവും. വൈകാതെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനിരിക്കെയാണ് തനിക്കും സാധ്യതയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ അടുത്തിടെ കേരളത്തില്‍ സജീവമായിരിക്കുകയാണ്. മാസത്തില്‍ അഞ്ചും ആറും ദിവസം തലസ്ഥാനത്തുള്ള രാജീവ് ചന്ദ്രശേഖര്‍ നഗരത്തില്‍ സ്വന്തം വസതിയും വാങ്ങിയിട്ടുണ്ട്. തനിക്ക് വോട്ട് ചെയ്തവരെ കാണാന്‍ വരുന്നു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്.


കെ സുരേന്ദ്രന്‍ ഒഴിഞ്ഞാല്‍ രാജീവ് ചന്ദ്രശേഖറാവും അധ്യക്ഷനാവുമെന്നുള്ള സൂചനകള്‍ ശക്തമാണ്. ഇത് നിഷേധിക്കാതെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അതേസമയം രാജീവിനെ വീണ്ടും കേന്ദ്രമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചേക്കും. അതേസമയം ഇനി രാജ്യസഭാ സീറ്റ് ഒഴിവു വരുന്നത് അതിന് കാത്തിരിക്കേണ്ടി വരും. അതേസമയം രാജീവിന്റെ അധ്യക്ഷ സാധ്യതകള്‍ സജീവമാണ് താനും. അധ്യക്ഷ പദവിയിലേക്കെത്തിയാല്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമാണ് രാജീവ് ചന്ദ്രശേഖറിന് നിര്‍ണായകമാകുക. തിരുവനന്തപുരത്തെ ഒരു പ്രധാന മണ്ഡലത്തില്‍ രാജീവ് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. വട്ടിയൂര്‍ക്കാവിലും നേമത്തും രാജീവിന്റെ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.

നേരത്തെ മാര്‍ച്ച് മാസത്തിനകം പുതിയ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളില്‍ തന്നെ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്‍മാരെ കൊണ്ടുവരാനുമാണ് ദേശീയ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍. ഈതീരുമാനം നീണ്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും പുതിയ കമ്മറ്റിയ്ക്കായിരിക്കും എന്നതിനാല്‍ ഇനി കേന്ദ്രതീരുമാനം വൈകിയേക്കില്ലെന്നാണ് സൂചനകള്‍.

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം തന്നെ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശ് എന്നിവരുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, എം ടി രമേശിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വം അത്ര അനുകൂല നിലപാടിലല്ല. സംസ്ഥാനത്തം പുതിയ വോട്ടുര്‍മാരെ അടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവിനെയാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്.

എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള്‍ സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വവും ആര്‍.എസ്.എഎസും ഉള്ളത്. പുതിയ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് ബി.ജെ.പി. നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്‍കുന്ന പരിഗണന. കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാര്‍ട്ടിക്ക് വരുന്ന സ്വീകാര്യത ഗുണകരമാകുമെന്നാണ് കരുതുന്നത്.

എന്നാല്‍, കേന്ദ്രത്തില്‍ മന്ത്രിസഭാ പുനസംഘടന വന്നാല്‍ രാജീവ് വീണ്ടും കേന്ദ്രമന്ത്രി ആകാനുള്ള സാധ്യതയുണ്ട്. മാത്രവുമല്ല, സംഘടനാ തലത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച പരിചയം കുറവാണ് രാജീവിന്. ഗ്രൂപ്പുകള്‍ സജീവമായ കേരളത്തില്‍ എളുപ്പമാകില്ല. മാത്രമല്ല, തനിക്ക് ബിസിനസ് കേരളത്തിന് പുറത്തുള്ളതു കൊണ്ട് ബംഗളുരുവില്‍ നിന്നെത്തി ഇവിടെ സജീവമാകാന്‍ കഴിയില്ലെന്നുമാണ് രാജീവ് സൂചിപ്പിക്കുന്നതും.

ഇതിനിടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് വലിയ താല്‍പ്പര്യമുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ജനപ്രീതിയില്‍ മുന്നിലുള്ള ബിജെപി നേതാവാണ് ശോഭ. മത്സരിച്ചിടത്തെല്ലാം വോട്ടുവര്‍ധിപ്പിച്ച വ്യക്തിത്വം. കേന്ദ്രമന്ത്രി അമിത്ഷായുമായി അടക്കം ശോഭ കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. അതേസമയം കേരളത്തിലെ ഗ്രൂപ്പു നേതാക്കളാണ് ശോഭക്കെതിരെ നില്‍ക്കുന്നത്. എന്നാല്‍, ദേശീയ നേതൃത്വം വനിത നയിക്കട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയാല്‍ ശോഭക്ക് നറുക്ക് വീഴും. അതേസമയം നിലവില്‍ ആരാകണം ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇനിയും തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.