- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടം വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയായ സ്ത്രീക്ക് ഭീഷണി; വിലപ്പോകാതെ വന്നപ്പോള്‍ രണ്ടുദിവസം മുമ്പ് രാത്രി ബോംബെറിഞ്ഞ് വിരട്ടല്‍; വിലക്കും ബോംബേറും വിലപ്പോകാതെ വന്നപ്പോള്‍ എ കെ ജിയുടെ പെരളശേരിയില്‍ ബിജെപി ഓഫീസ് തുറന്നു; എം വി ജയരാജന്റെ വീടും ഇതേ വാര്‍ഡില്‍
പെരളശേരിയില്‍ ബി.ജെ.പി ഓഫീസ് തുറന്നു
കണ്ണൂര്‍ : പാവങ്ങളുടെ പടത്തലവനും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളുമായ എ.കെ.ജി പിറന്ന മണ്ണായ പെരളശേരിയില്‍ ബി.ജെ.പി ഓഫീസ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ബി.ജെ.പി പെരളശേരി ടൗണ്‍ കമ്മിറ്റി ഓഫിസാണ് അമ്പലം റോഡിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലേറെപ്പേര്‍ പങ്കെടുത്ത ബഹുജന പ്രകടനവും നടത്തി. ഏറെ വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കുമിടെയിലാണ് പാര്‍ട്ടി ചെങ്കോട്ടയായ പെരളശേരിയില്‍ ബി.ജെ.പി ഓഫീസ് തുറന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍ താമസിക്കുന്ന മാനവീയമെന്ന വീടു നില്‍ക്കുന്ന പത്താം വാര്‍ഡില്‍ തന്നെയാണ് ബി.ജെ.പി ഓഫിസ് തുറന്നിരിക്കുന്നത്.
നേരത്തെ ബി.ജെ.പി ഓഫീസ് തുറക്കാതിരിക്കാന്‍ കെട്ടിടം നല്‍കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ഉടമയായ സ്ത്രീയോട് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവരും മകനും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ശ്യാമളയെന്ന പെരളശേരി പള്ള്യത്തെ വീടിന് നേരെ 2 ദിവസം മുന്‍പ രാത്രി പത്തിന് ബോംബേറും നടന്നിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ബി.ജെ.പി പുതിയ ഓഫീസിന്റെ ഉദ്ഘാടനവും പൊതുയോഗവും ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കമ്യുണിസ്റ്റ് സമരകേന്ദ്രങ്ങളായിരുന്ന പുന്നപ്രയിലും വയലാറിലും ബി.ജെ.പി നടത്തിയ മുന്നേറ്റം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം കണ്ടതാണ്. കണ്ണൂരിലെ പല ഭാഗങ്ങളിലും ഇതു ആവര്‍ത്തിക്കും. പെരളശേരിയില്‍ ബി.ജെ.പിയുടെ ജൈത്രയാത്ര തുടങ്ങി കഴിഞ്ഞുവെന്ന് കൃഷ്ണദാസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എ.കെ.ജി യുടെ ആദര്‍ശരാഷ്ട്രീയത്തില്‍ നിന്നും പിണറായിയുടെ അധികാര രാഷ്ട്രീയത്തിലേക്ക് മാറിയതാണ് സി.പി.എമ്മിന്റെ അധ:പതനത്തിന് കാരണം. ജനാധിപത്യവാദിയും വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന നായകനായകരില്‍ ഒരാളായിരുന്നു എ.കെ.ജി. എന്നാല്‍ വര്‍ഗീയ രാഷ്ട്രിയമാണ് പിണറായി അധികാരം നിലനിര്‍ത്തുന്നതിനായി പയറ്റുന്നത്. തൊഴിലാളികളല്ല സമ്പന്നവര്‍ഗവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൂട്ടുകെട്ട്. ഇതു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയുക തന്നെ ചെയ്യും.
അടിയന്തരാവസ്ഥയെ എതിര്‍ത്ത നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ കാരാഗൃഹത്തിലേക്ക് പറഞ്ഞയക്കുന്ന ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി എവിടെയുമുണ്ടായിരുന്നില്ല. ജനസംഘമാണ് അടിയന്തരാവസ്ഥയെ ചെറുത്തത്. അതുകൊണ്ടുതന്നെ എ.കെ.ജി യുടെ യഥാര്‍ത്ഥ പിന്‍മുറക്കാര്‍ ഭാരതീയ ജനതാ പാര്‍ട്ടിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലന്‍ എന്താ പോവാത്തെയെന്ന് മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാരുമായിട്ടാണ് കേരളത്തിന് പുറത്ത് സി.പി.എമ്മിന്റെ കൂട്ടുകെട്ട്' ഇതു എ.കെ.ജി യെ അപമാനിക്കലാണെന്ന് പാര്‍ട്ടി അണികള്‍ തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു. വികസിത ഭാരതമെന്ന ലക്ഷ്യവുമായാണ് നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത്. കേരളത്തിലും കണ്ണൂരിലും അതു തന്നെയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
സി. പി. എം കേരളത്തില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയാണ്. കോണ്‍ഗ്രസും അതിനു കൂട്ടുനില്‍ക്കുന്നു ഇന്നല്ലെങ്കില്‍ നാളെ കേരളവും ബംഗാളും ത്രിപുരയുമാകുമെന്ന് സി.പി.എം ഓര്‍ക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പൊതുസമ്മേളനത്തില്‍ കണ്ണൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി പി.കെ ഹരീഷ് ബാബു അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വക്താവ് വി.പി ശ്രീ പത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സി.രഘുനാഥ്,ബിജു ഏളക്കുഴി, സി. സത്യപാല്‍, പത്മിനി ടീച്ചര്‍, പ്രജില്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വിപിന്‍ ഐവര്‍ കുളം സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി ഓഫിസിനായി കെട്ടിടം അനുവദിച്ച സ്ത്രീയുടെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ചക്കരക്കല്‍ പൊലിസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു